Wednesday, November 24, 2010
സംഭാഷണം നിറുത്തേണ്ട സമയങ്ങള്‍(10 കാര്യങ്ങള്‍)
-> ചുറ്റുപാടില്‍ ഓടി നടക്കുന്ന അയാളുടെ കണ്ണുകള്‍ നിങ്ങള്‍കുള്ള വാര്‍ണിങ് ആണെന്ന് മനസ്സിലാക്കുക
-> അയാളുടെ മുഖം നിര്‍വികാരമാണെങ്കിലും അയാള്‍ക്ക് നിങ്ങളില്‍ താല്പര്യമില്ല.
-> നിങ്ങളുടെ വിഷയത്തില്‍ ഉള്‍പെടാത്ത കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് നിറുത്താം.
-> വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ് നിങ്ങളെ ചിരിപ്പിക്കാന്‍ ശ്രമിച്ചാലും അയാള്‍ക്ക് നിങ്ങളുടെ സംസാരത്തില്‍ താല്പര്യമില്ലെന്നര്‍ഥം..
-> മൊബൈല്‍ ഫോണിലെ മെനു തുറന്ന് ഓരോ ഐക്കണുകളും മാറി മാറി ക്ലിക്ക് ചെയ്യുന്നത് കണ്ടാലും നിങ്ങള്‍ക്ക് നിറുത്താം.
-> ലാപ്ടോപ് വേറുതെ അടച്ചും തുറന്നും ഇരുന്നാലും അതു തന്നെ അവസ്ഥ.
-> തോട്ടടുത്ത് കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ അയാള്‍ അവരോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ബോറന്‍ തന്നെ.
-> ഭാര്യയെ വിളിച്ച് ചായ തയ്യാറാക്കാന്‍ വീണ്ടു വീണ്ടും ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് ഭീഷണിയാണ്.
-> ഇന്നത്തെ പത്രത്തിലെ അഴിമതിയെ കുറിച്ച വാര്‍ത്ത അയാള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചിട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷണം നിറുത്താം.
Tuesday, June 29, 2010
നേരറിയാന്‍ ചില സൂത്രങ്ങള്‍
മീഡിയ വിളംമ്പുന്നത് നേരാണോ എന്നറിയാന്‍ ഞാന്‍ പ്രയോഗിക്കുന്ന സൂത്രങ്ങള്‍ താഴെ :
1- ഏതാണ്ടെല്ലാ മീഡിയക്കും വീക്ക് പോയിന്റ് ഉണ്ട് എന്ന് മനസ്സിലാക്കുക.
2- ഒരോ മീഡിയയുടേയും രാഷ്ട്രീയ സാമുദായിക വലിവുകള്‍ മനസ്സിലാക്കി, കുറിച്ചു വെക്കുക
3- ഓരോ മീഡിയയുടെയും SWOT ( സ്ട്രങ്ത്, വീക്ക്നെസ്സ്, അവസരം, ഭീഷണികള്‍) അനാലിസിസ് സ്വയം നടത്തുക .
4- ഇതപര്യന്തമായ ചരിത്രത്തില്‍ ഈ മീഡിയ നടത്തിയ ഇടപെടലുകളിലെ സത്യസന്ധത മനസ്സിലാക്കുക.
5- കളവു പറയുന്നവര്‍ രണ്ട് വിധമുണ്ട്, കളവെന്ന് കരുതി കളവ് പറയുന്നവരും, കളവെന്നറിയാതെ പ്രചരണ പര്‍വ്വത്തില്‍ പെട്ടു പോകുന്നവരും. ഈ രണ്ട് വിഭാഗത്തിലുള്ള മീഡിയകളെയും തരം തിരിച്ചറിയുക
6- വാണിജ്യ താല്പര്യം എത്ര മാത്രം ഉണ്ടെന്ന് മനസ്സിലാക്കുക.
7 - ചെറുതെങ്കിലും ഒട്ടനവധി ആള്‍ട്ടര്‍നേറ്റീവ് മാധ്യമങ്ങള്‍ ലഭ്യമാണെന്ന് മനസ്സിലാക്കുക. അവ കൂടി പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തുക.
8- ഇനി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ഒരുക്കുകൂട്ടി, ശേഷം ഒരോ നേരിനേയും നേരു തന്നെയെന്ന് നിജപ്പെടുത്തുക.
Tuesday, May 18, 2010
നാസയില്‍ ജോലി ചെയ്യൂന്ന മന്ദബുദ്ധികള്‍
1 -എനിക്ക് അവരെ ഒന്നും ഇഷ്ടമില്ല
2 - അവരെ കുറിച്ച് ഒന്നും തന്നെ എനിക്കറിയില്ല
3 - അവര്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.
4 - ഞാന്‍ ആവര്‍ത്തിക്കുന്നു, അവരെ എനിക്കിഷ്ടമില്ല.
5 - അവരൊക്കെ അല്ലാതെ പിന്നെ ആരാ മന്ദബുദ്ധികള്‍ എന്ന് ഇന്നലെ എന്റെ മാഷ് ചോദിച്ചിരുന്നു.
6 - അവര്‍ മന്ദബുദ്ധികള്‍ അല്ല എന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
7 - ഇപ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം, മന്ദബുദ്ധികള്‍ അല്ലെന്ന് കാണിക്കാനുള്ള വെറും നാട്യങ്ങള്‍ മാത്രം
8 - നാട്യമല്ല എന്ന് ഇതു വരെ ഇവര്‍ തെളിയിച്ചിട്ടില്ല.
അങ്ങനെ ഒരുപാട് ഒരുപാട് കാരണങ്ങള്‍ ഉള്ളത് കൊണ്ട് ഞാന്‍ ഉറപ്പിക്കുന്നു ഈ എഞ്ചിനിയര്‍മാരെല്ലാം മന്ദബുദ്ധികള്‍ തന്നെ.
Monday, April 26, 2010
Story of Stuff- How things works
Wednesday, December 02, 2009
വ്യത്യസ്ഥരായ ഒരു കൂട്ടര്‍
സുന്ദരമാണ് അമേരിക്കന്‍ വേനല്‍. മാല്‍വണില്‍നിന്നും ഡെലവേറിലേക്കുള്ള യാത്രക്കിടയിലെ വഴിയോരക്കാഴ്ചയുടെ ഭംഗി അവര്‍ണ്ണനീയമാണ്. നിറഞ്ഞുനില്‍ക്കുന്ന പ്രകൃതി, ലോകത്തിലെ മൊത്തം ഹരിതവര്‍ണ്ണത്തെ മേലാപ്പിട്ടപോലെ തോന്നിച്ചു. കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന കരിങ്കറുപ്പ് റോസുകളില്‍ ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ ഒഴുകിനീങ്ങുന്നു. ഉച്ചഭക്ഷണത്തിന്റെ ക്ഷീണത്തില്‍ കണ്ണുകള്‍ പാതിയടഞ്ഞിരിക്കുമ്പോള്‍ റോഡരികിലെ കുതിരവണ്ടി ചിഹ്നങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
സായിപ്പിന്റെ നാട്ടിലും കുതിരവണ്ടിയോ?
കൂട്ടത്തില്‍ പരിഷ്ക്കാരിപ്പെണ്ണ് അരുണ ചിന്ത ഉച്ചത്തില്‍തന്നെ പ്രകാശിപ്പിച്ചു. ഡ്രൈവ് ചെയ്യുന്ന യോഗിത്തിന്, മുന്‍കാല സന്ദര്‍ശാനുഭവത്തിന്റെ വീമ്പുപറച്ചിലിന് ഒരവസരം ഒത്തുവന്ന സന്തോഷം. നല്ലൊരു ബഡായിക്കാരനായ യോഗിത്ത് കമ്പനിയിലെ Technical Leader ആണ്.
ഇവിടെ ആമിഷ് എന്ന് പറയുന്ന, ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരനായ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നും പരിഷ്കൃതരായ ആളുകളുമായി ഇടപഴകാന്‍ വിമുഖത കാണിക്കുന്ന ഇവര്‍, കുന്തങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകവരെ ചെയ്തുകളയും എന്നു കേട്ടപ്പോള്‍ പഴയ 10-ാം ക്ളാസ്സ് പുസ്തകത്തിലെ റെഡ് ഇന്‍ഡ്യന്‍സ് ഗോത്രതലവന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. ചെറിയ കുന്തങ്ങളേന്തി ഒറ്റയും തെറ്റയുമായി കുറ്റിക്കാടുകള്‍ക്കിടയിലൂടെ ജാഗ്രതയോടെ നീങ്ങുന്ന ഗോത്രവര്‍ഗ്ഗക്കാര്‍, അവരെ കാത്ത് വെടിനിറച്ച തോക്കുകള്‍ ഏന്തി അധിനിവേശക്കാരനായ വെള്ളക്കാരന്‍. കൊന്നും അടിമപ്പെടുത്തിയും വെള്ളവര്‍ഗത്തിന്റെ സാംസ്കാരിക അധിനിവേശം അമേരിക്കന്‍ ഭൂഖണ്ഡത്തെ കീഴടക്കുന്ന നടുങ്ങുന്ന ചിത്രം ചിന്തകളെ മദിച്ചു. അവസാന നിമിഷവും പൊരുതിനിന്ന തദ്ദേശവാസികള്‍ അന്യദേശനാമക്കാര്‍-റെഡ് ഇന്‍ഡ്യന്‍സ് - ആവുന്നതും. ആക്രമിയായ വിദേശി സ്വദേശിയാവുന്നതും ഒരു ഹ്രസ്വചിത്രം പോലെ ചിന്തയില്‍ തെളിഞ്ഞു.
യോഗിത്ത് പുതിയ വിഷയങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കുന്തം പിടിച്ച ആമിഷ് യുവാവ് ഇപ്പോഴും മനസ്സിനുള്ളില്‍ കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നു. ഞങ്ങളുടെ കാര്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അല്‍പം ദൂരെയായി Wallmart Shoping Complex കാണാം. കുന്തംപിടിച്ച ആമിഷ് യുവാവ് Sony യുടേയും Revelon ന്റേയും ഇടയില്‍ എവിടെയോ മറഞ്ഞു. അമേരിക്കന്‍ കമ്പോളവല്‍കൃത ജീവിതത്തിന്റെ നേര്‍മുറിയായ Wallmart ന്റെ വിശാലമായ ലോകത്ത് യോഗിത്തും അരുണയും സ്വന്തമായ ഇടങ്ങള്‍ തേടി പിരിഞ്ഞു.
കോഴിക്കോട്ട്കാരനായ നൌഫല്‍ അടുത്ത ശനിയാഴ്ച മാല്‍വണില്‍ വരുന്നു എന്നു വിളിച്ചുപറഞ്ഞപ്പോള്‍ മനസ്സില്‍ സന്തോഷത്തിരയിളക്കം. മലയാളം കേള്‍ക്കാനും അറിഞ്ഞു സംസാരിക്കാനും ഒരാളെ കിട്ടുമ്പോഴുള്ള സന്തോഷം എനിക്കടക്കിനിര്‍ത്താനായില്ല. വരവിന്റെ ഉദ്ദേശ്യംകൂടി അദ്ദേഹം വെളിപ്പെടുത്തി. ഇവിടെ അടുത്ത് ലങ്കാസ്ററില്‍ 'ആമിഷ്' എന്ന പേരില്‍ ഒരു സമൂഹം ജീവിക്കുന്നു!!! ഒന്ന് സന്ദര്‍ശിക്കണം.കുന്തവും ഏന്തി പഴയ ചെറുപ്പക്കാരന്‍ വീണ്ടും മനസ്സിലേക്ക്.
നൌഫലും ഭാര്യ ഹസീബയും കോഴിക്കോടന്‍ വിഭവങ്ങളുമായി താമസിക്കുന്ന ഹോട്ടലില്‍ എത്തിയപ്പോള്‍, ജന്മനാടിന്റെ ഓര്‍മ്മകള്‍ക്ക് മാരുത സ്പര്‍ശമേറ്റപോലെ. ലങ്കാസ്റര്‍, ആമിഷ് കൌണ്ടിയുടെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. അമേരിക്കയില്‍ ഇത്രയധികം ആമിഷ് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലം വേറെയില്ല. ഏകദേശം 25000 ന് മുകളിലാണ് ഇവരുടെ ജനസംഖ്യ ഇവിടെ. അമേരിക്കന്‍ ജനസംഖ്യാ സങ്കേതങ്ങള്‍ പ്രകാരം ഈ ജന സാന്ദ്രത പൊതു ശരാശരിയിലും അധികമാണ്. ഓരോ 20 വര്‍ഷത്തിലും ആമിഷ സമൂഹം ഇരട്ടിക്കുന്നു എന്ന ‘ഭീകര’ സത്യം കൂടി വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നുണ്ട്. അണുകുടുംബസംസ്കാരം ആമിഷ് സമുഹത്തില്‍ പരിചിതമല്ല എന്നതുതന്നെ ഇതിന് കാരണം.
വളരെ അപരിഷ്കൃതരും, പരിഷ്കൃത സാമുഹ്യഘടനയോട് (അമേരിക്കന്‍ ഭാഷ്യം) വിപ്രതിപത്തി കാണിക്കുന്നവരുമായ, ഒരപ്രായോഗിക വ്യവസ്ഥയുടെ വക്താക്കളായിട്ടായിരുന്നു ആമിഷ് സമൂഹം ഈയടുത്ത കാലംവരെ അറിയപ്പെട്ടിരുന്നത്. ഉള്‍ക്കൊള്ളാനാവാത്ത രീതികളും, വിശ്വാസങ്ങളില്‍ അനാവശ്യ വാശി കാണിക്കുന്നവരും എന്ന് കരുതപ്പെട്ടിരുന്ന ഈവരെ "Old Order' ആമിഷ് എന്നായിരുന്നു പൊതു അമേരിക്കന്‍സമൂഹം വിശേഷിപ്പിച്ചിരുന്നത്. തന്റേതല്ലാത്തത് അപ്രായോഗികവും പ്രാചീനവും അപരിശ്കൃതവുമായി മുദ്രകുത്തുന്ന സാമ്രാജ്യത്വ മനസ്സില്‍ നിന്നു വന്ന ഒരു നാമധേയം.
ആമിഷ് സമൂഹം അതിന്റെ സ്വാഭാവിക വ്യതിരിക്തതകള്‍ മാത്രം കാരണം സാധാരണ അമേരിക്കന്‍ മനസ്സുകളില്‍ നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുത്രന്‍മാരെ സ്വന്തം വയലുകളില്‍ ജോലിയെടുക്കാന്‍ അയക്കുന്നു എന്ന് തുടങ്ങി, പ്രായമായ അച്ഛനമ്മമാരെ കൂടെ താമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ എന്നിങ്ങനെ പോകുന്നു അത്ഭുതങ്ങളുടെ വ്യാപ്തി. ബാലിശവും, അനുകരണീയമല്ലാത്തതുമായ ജീവിതരീതികളാല്‍ കുടുക്കപ്പെട്ടവന്‍ എന്നായിരുന്നു ഒരു ആമിഷ് യുവാവിന്റെ അമേരിക്കന്‍ വായന. തികച്ചും യാഥാസ്ഥികമായ മതകീയ ചുറ്റുപാടും, വീടുകളില്‍ തളക്കപ്പെട്ട - കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തല്‍ - പെണ്‍ ജീവിതവുമാണ് ആമിഷ് യുവതിയുടെ അമേരിക്കന്‍ പൊതുചിത്രം.
ഞങ്ങള്‍ ലങ്കാസ്ററിന്റെ ഉള്‍പ്രദേശങ്ങളില്‍ ആമിഷ് കുടുംബങ്ങളുടെ തേടിയിറങ്ങി. വളരെ വൃത്തിയുള്ളതും സുന്ദരവുമായ ഗ്രാമാന്തരീക്ഷം. പൊടിപടലങ്ങളില്ലാത്ത നിരത്തിന്റെ ഇരുവശങ്ങളും പച്ചപ്പുല്ലുകള്‍ ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. ഇങ്ങ് മലബാറിലെ ചെമ്മണ്‍ പാതകളില്‍ സൈക്കിളോടിച്ചു നടന്ന ഇയ്യുള്ളവനില്‍ ഈ വക കാര്യങ്ങള്‍ കൌതുകവും ആകര്‍ഷണീയതയും ഉണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അല്‍പം ചെന്നപ്പോള്‍ കൃഷിക്കളങ്ങള്‍ കാണാനായി. ചോളവും പുകയിലയും ഇടവിട്ട് വിളയിക്കുന്നുണ്ട്. നല്ല തുടുത്ത പശുക്കള്‍ അങ്ങിങ്ങായി മേയുന്നത്കൂടി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആമിഷ് സാന്നിധ്യം മണത്തു. ചീറിപ്പായുന്ന കാറുകള്‍ക്കിടയിലും ഞങ്ങള്‍ ഒരു കുതിര വണ്ടിക്കായി കാത്തു.
അകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് അകലെ ഒരു കുതിരവണ്ടി പതുക്കെ അടുത്തു വരുന്നു. ഞാന്‍ കാമറ തയ്യാറാക്കി. BMW, ഷെവര്‍ലെ കാറുകള്‍ക്കിടയില്‍ ഒരു കാര്‍ട്ടിനെ (കുതിരവണ്ടി) കണ്ട സന്തോഷവും, അമേരിക്കന്‍ റോസില്‍ ഒരു വയനാടന്‍ ഫ്ളാഷ് ബാക്ക് കാണുന്ന കുസൃതിയും മനസ്സിനെ മദിച്ചു. ഒരു ആമിഷ് കുടുംബമാണ് വരുന്നത്. കുതിരവണ്ടിക്ക് മുന്‍പില്‍ അച്ഛനും അമ്മയും പിറകില്‍ രണ്ട് കുഞ്ഞുങ്ങളെയും കാണാം. സവിശേഷമായ വസ്ത്രധാരണംകൊണ്ട് ഇവരെ പ്രത്യേകം തിരിച്ചറിയാം.
ആമിഷ് സാമൂഹ്യഘടനയില്‍ വസ്ത്രധാരണത്തിന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടികള്‍ക്ക്, യുവതീ യുവാക്കള്‍ക്ക് മുതിര്‍ന്നവര്‍ക്ക് എന്നിങ്ങനെ വ്യത്യസ്ഥവും നിശ്ചിതവുമായ വേഷങ്ങള്‍ ഉണ്ട്. നീല, റോസ്, കറുപ്പ് പൊതുവായി വെളുപ്പ് എന്നിവയാണ് വസ്ത്രങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട നിറങ്ങള്‍. തുണിയുരിയുന്ന യാങ്കീ സംസ്കാരത്തിന് നേര്‍വിപരീതമാണ് ആമിഷ് വസ്ത്രധാരണം. വിവാഹസമയത്തെ പ്രത്യേക വസ്ത്രമൊഴിച്ച്, പൊതുജീവിതത്തില്‍ ഇവരെ കണ്ടാല്‍ നമ്മുടെ സ്കൂളുകളിലെ യൂണിഫോം ഓര്‍മ്മ വരും. സാമ്പത്തിക മേല്‍ക്കോയ്മയുടെ അടയാളമായി കീശയെ കാണുന്ന ഇവര്‍ സ്വന്തം വസ്ത്രങ്ങളില്‍ ഇവ തയ്പിക്കാറില്ല.
ചരിത്രപരമായ നിരവധി കാരണങ്ങളില്‍ കെട്ടിക്കുടുങ്ങി നില്‍ക്കുന്നതാണ് ആമിഷ സംസ്കാരം. പൊതുസമൂഹത്തോട് കാണിക്കുന്ന വൈമുഖ്യവും, പ്രത്യേകമായ വിദ്യാഭ്യാസ വ്യവസ്ഥയും (ഫെഡറല്‍ ഭരണകൂടങ്ങളോട് നിയമയുദ്ധം നടത്തിയാണ് ഈ ആനുകൂല്യം നേടിയെടുത്തത്.). എല്ലാം 17-18 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ കൃസ്ത്യന്‍ വിശ്വാസികള്‍ക്കിടയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സാമ്പ്രദായികമായ കൃസ്ത്യന്‍ പൌരോഹിത്യത്തോട് പോരടിച്ച് Switzerland ലെ ഉള്‍പ്രദേശങ്ങളില്‍ രൂപംകൊണ്ട കൃസ്ത്യന്‍ അവാന്തരവിഭാഗമാണ് ഇന്ന് ആമിഷ് എന്നറിയപ്പെടുന്നത്. ജാക്കബ് അമ്മാന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ആശയ പോരാട്ടങ്ങള്‍ രക്തരൂക്ഷിതമായ ഉന്‍മൂലന ആക്രമണങ്ങളില്‍ പര്യവസാനിച്ചു. ഭൂരിപക്ഷമായ യാഥാസ്തിതിക പൌരോഹിത്യത്തില്‍നിന്ന് രക്ഷപ്പെട്ട് ആദ്യം ജര്‍മ്മനിയിലേക്കും പിന്നീട് ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ്. ഇന്ന് സ്ഥാപക നേതാവിന്റെ പേരിലറിയപ്പെടുന്ന ആമിഷ സമൂഹം. ജര്‍മ്മന്‍യാത്ര കാരണമാവാം, ഈ സമൂഹത്തിന്റെ പ്രാഥമികഭാഷ ഇന്നും ജര്‍മ്മന്‍ തന്നെയാണ്. പുറം സമൂഹത്തോട് ഇടപഴകുമ്പോള്‍ മാത്രം ഇവര്‍ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നു.
നിരന്തരമായ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയും, ആശയപരമായ അസ്ഥിത്വം സംരക്ഷിക്കപ്പെടാന്‍വേണ്ടിയും ആദ്യകാലങ്ങളില്‍ സ്വീകരിച്ച നിരവധി നടപടികള്‍, ഇന്നും ഈ സംസ്കാരത്തിന്റെ ഭാഗമാണ്. സ്വന്തമായി ചര്‍ച്ചുകള്‍ സ്ഥാപിക്കാത്ത ഇവര്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ ഓരോ വീടുകളില്‍ വെച്ചാണ് നടത്താറ്. ഭൂ അതിരുകള്‍ക്കനുസരിച്ച് വ്യത്യസ്ഥ ജില്ലകളായി തിരിച്ച്, സൌകര്യമനുസരിച്ച് സ്കൂളുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.
സ്കൂള്‍, അദ്ധ്യാപികമാരാലാണ് നിയന്ത്രിക്കപ്പെടുന്നത് വിവാഹം കഴിഞ്ഞിട്ടില്ലാത്ത, ആമിഷ് സ്കൂളില്‍ നിന്ന് ഉന്നത പഠനം കഴിഞ്ഞിറങ്ങിയ യുവതികളാണ് അദ്ധ്യാപികമാര്‍. ഓരോ സ്കൂളും 8-ാം ക്ളാസ് വരെയാണ് ഉണ്ടായിരിക്കുക. ഗരുവിന്റെ ഉന്നത പഠനത്തിനും 8-ാം ക്ളാസ് തന്നെയാണ് അതിരിടുന്നത്. പഠനം കഴിഞ്ഞ ആണ്‍കുട്ടികള്‍ അച്ഛന്റെ കൂടെ കൃഷിയനുബന്ധ ജോലികള്‍ക്കും പെണ്‍കുട്ടികള്‍ ഗൃഹാന്തരീക്ഷത്തിലും സജീമവമാകും.
ആമിഷ് ഭവനങ്ങള്‍ സാധാരണ അമേരിക്കന്‍ സംവിധാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. കുടുംബവും, കുടുംബ ബന്ധങ്ങളും വിലമതിക്കപ്പെടുന്ന ഇവരുടെ ജീവിതത്തില്‍, വീടുകളുടെ ആന്തരിക സംവിധാനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അടുക്കളയില്‍ തന്നെ കിടക്കയും, വായനാ മേശയും, കുട്ടികളുടെ കളിപ്പാട്ടങ്ങളും കൊച്ചു കസേരകളും തുടങ്ങി ഒരു തമിഴന്‍ ഒറ്റമുറി ഭവനത്തിലുള്ള എല്ലാം ഉണ്ടായിരിക്കും അവിടെ. മറ്റു മുറികള്‍ ഉണ്ടെങ്കില്‍ തന്നെയും നിറഞ്ഞ സ്നേഹവും, ഇഴ പിരിയാത്ത ബന്ധങ്ങളിലെ സ്നിഗുതയും നിലനിര്‍ത്താന്‍ വേണ്ടി, ആമിഷ് അടുക്കളകള്‍ എല്ലായിപ്പോഴും കുടുംബമേളയുടെ കലപിലകളാല്‍ സമൃദ്ധമായിരിക്കും.
ഇവിടെ വൈദ്യുതിക്ക് സ്ഥാനമില്ല. ഗൃഹാന്തരീക്ഷത്തില്‍ വൈദ്യുതി വിളക്കുകളോ, ഉപകരണങ്ങളോ ഒന്നും തന്നെ കാണനൊക്കില്ല. മെഴുകുതിരി വെളിച്ചവും, മറ്റു പ്രകൃതിദത്ത ഇന്ധനങ്ങളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന കൊച്ചു യന്ത്രങ്ങളോ കാണാം. ആധുനികതയുടെ ലോകാസ്ഥാനത്ത്, ലാളിത്യത്തിന്റെയും, വിപരീത ചിന്തയുടെയും മഹാപ്രളയം തന്നെ സംവിധാനിക്കപ്പെട്ടിരിക്കുന്നു ഇവിടെ.
അത്യാധുനിക കാറുകള്‍ക്കിടയിലൂടെ ആര്‍ജ്ജവത്തോടെ കുതിര വണ്ടിയോടിച്ചു നീങ്ങുന്ന ഇവരില്‍ ഇനിയും ഒരു കീഴടങ്ങലിന്റെ ചെറു ഇളക്കങ്ങള്‍ പോലും കാണാനായിട്ടില്ല. കൃഷിയിടങ്ങളിലെ കൊയ്തിനും വിതക്കും, പിന്നീട് ധാന്യങ്ങള്‍, സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നതും എല്ലാം കുതിര വണ്ടികളില്‍ തന്നെ.
ടി.വി.യോ റേഡിയോവോ ഇവരുടെ ആഭ്യന്തര ജീവിതത്തെ മലിനപ്പെടുത്താറില്ല. ആമിഷ് സാമൂഹ്യ ഘടനയുടെ അസൂയ്യാവഹമായി കെട്ടുറപ്പും. ഉണ്മയും നിലനിര്‍ത്തുന്നതില്‍ ഈ ആധുനിക സങ്കേതങ്ങലുടെ ബഹിഷ്കരണം വഹിക്കുന്ന പങ്ക് ചെറതല്ല. ഏതൊരു മാറ്റവും സമുദായ നേതാക്കളുടേ നിരന്തരമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. ടി.വി, വൈദ്യുതി, കാര്‍ തുടങ്ങിയവ ഇത്തരുണത്തില്‍ അത്യാവശ്യമല്ലെന്ന് കണ്ട് ഒരിക്കല്‍ തള്ളിക്കളപ്പെട്ടവയാണ്.
അദ്ധ്വാനവും, സഹവര്‍ത്തിത്തവും ഈ വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ്. ആമിഷ് കൌണ്ടിയിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ വയലോലകളിലും മെതിക്കളങ്ങളിലും കഠിനാദ്ധ്വാനം ചെയ്യുന്ന നീല ഷര്‍ട്ടും കറുത്ത പാന്റു ധരിച്ച യുവാക്കളെ കാണാതായി. ക്രിസ്ത്യന്‍ സാമ്പ്രധായിക സംവിധാനങ്ങളില്‍ നിന്ന് കലഹിച്ചു വേറിട്ടു നില്‍ക്കുന്ന ഇവര്‍ അനാബാപ്റ്റിസ്റ് വിഭാഗക്കാരാണ്. വിവാഹത്തിന് പ്രത്യേകമായ സാമ്പ്രധായിക രീതികള്‍ പിന്തുടരുന്ന ഇവര്‍ക്കിടയില്‍ വിവാഹ മോചനം അനുവദനീയമല്ല. വിവാഹത്തോടു കൂടി ഒരു ആമിഷ് യുവാവിന്റെ വസ്ത്രധാരണത്തിലും, ജീവിത രീതികളിലും പ്രകടമായ മാറ്റങ്ങല്‍ കാണാന്‍ തുടങ്ങും. താടി രോമങ്ങള്‍ നീട്ടി വളര്‍ത്താന്‍ തുടങ്ങുന്നത് ഇതില്‍ പ്രധാനമാണ്. പൊതുവില്‍ ഇവര്‍ ഒരു താടിക്കാരുടെ സമൂഹമാണ്.
അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമായിരിക്കെതന്നെ, മുഴുവന്‍ ജീവിത രംഗത്തും തനതു സാംസ്കാരികത സംരക്ഷിക്കുന്നതെങ്ങിനെ എന്നത് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയായിരുന്നു എനിക്ക്. കണ്‍മുന്നില്‍ കാണുന്ന പരിഷ്കൃത ലോകത്തോട് തികച്ചും വിരക്തി കാണിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്ന ആന്തരിക ശക്തിയെ കുറിച്ച് പലരും പഠനം നടത്തിയിട്ടുണ്ട്. പ്രായ പൂര്‍ത്തിയായ ഓരോ യുവാവിനും ആമിഷ് സാമൂഹ്യഘടനയില്‍ നിന്ന് സ്വമേധയാ വിടുതല്‍ വാങ്ങാന്‍ അവസരമുണ്ട് എന്നിരിക്കെ, ഈ കൊഴിഞ്ഞ് പോക്ക് കേവലം 5% ആയി പരിമിതപ്പെടുത്താന്‍ ഇവര്‍ക്ക് ഇന്നും കഴിയുന്നുണ്ട്. ശക്തവും സ്നേഹമസൃണവുമായ കുടുംബാന്തരീക്ഷം ഇത്തരം വിടുതല്‍ വാങ്ങലിന്റെ മുന്നില്‍ ഒരു പ്രധാന വിലങ്ങുതടിയാണ് എന്നാണ് ലാങ്കസ്റാര്‍ ആമിഷ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ലേഖകനോട് പറഞ്ഞത്.
പൊതു ദൃഷ്ടിയില്‍ ഇതൊരു ഐസൊലേറ്റ് സൊസൈറ്റി ആണെങ്കിലും, പുറമെ ആര്‍ക്കും ആമിഷ് വിശ്വാസധാരയില്‍ പ്രവേശനം നേടാവുന്നതാണ്. കേവലം 5 പേര്‍ മാത്രമെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇത്തരുണത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ.
തിരിച്ചു പോരുമ്പോള്‍ ഇങ്ങകലെ ദൈവത്തിന്റെ സ്വന്തം നാട് അതിവേഗം ബഹുദൂരം പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്നത് മനസ്സില്‍ നിറഞ്ഞു. ടി.വി യും, കമ്പ്യൂട്ടറും ഉച്ച ഭക്ഷണത്തിന്റെ കൂടെ തൊട്ടുക്കൂട്ടുന്ന മലയാളി, ആധുനികതയുടെ മക്കയില്‍ അതിജീവനത്തിന്റെ ഓള്‍ഡ് ഓര്‍ഡര്‍ പാഠങ്ങള്‍ അഭ്യസിക്കുന്ന ആമിഷ് യുവാവിനെ എന്തുവിളിക്കും എന്ന് സന്ദേഹിച്ചു പോയി.
Friday, October 09, 2009
ശശി തരൂരിന് മഗ്സാസെ അവാര്‍ഡ്
റ്റിറ്ററിലൂടെ ജനങ്ങളെ സേവിക്കുമെന്ന ധീരമായ നിലപാടും കഠിനമായ മറ്റ് പ്രായോഗിക നിലപാടുകളും പരിഗണിച്ച് ശശി തരൂരിന് മഗ്സാസെ അവാര്‍ഡ് നല്‍കാമെന്ന് ഇന്ത്യാ ഗവണ്മന്റ് ഫിലിപൈന്‍സ് ഗവണ്മന്റിനോട് അഭ്യര്‍ഥിക്കുമെന്ന് കേള്‍ക്കുന്നു. സമഗ്ര സാഹിത്യ സംഭാവനക്ക് ജ്നാനപീഠം,
എകണോമി ക്ലാസില്‍ സമാധാനത്തോടെ യാത്ര ചെയ്തതിന് ഗാന്ധി സമാധാന അവാര്‍ഡ്, റ്റിറ്ററിലൂടെ നാഷണല്‍ ഇന്റഗ്രേഷന്‍ അസൂയാവഹമായ തരത്തില്‍ ഒപ്പിച്ചെടുത്തതിന് ഇന്ദിരാഗാന്ധി നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡ് , റ്റിറ്ററിലൂടെ തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെയും, വിദേശത്ത് അറബിയുടെ ആടിനെ മേച്ചും ലിഫ്റ്റ് ടെക്നോളജി പഠിച്ച് ഉന്നതങ്ങളില്‍ ജോലി ചെയ്യുന്നവന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും പരിഗണിച്ച് കര്‍മ്മവീര്‍ പുരസ്കാരവും എന്നിവയും നല്‍കാവുന്നതാണ്. എകണോമി ക്ലാസില്‍ കന്നുകാലിക്ക് സമാനം യാത്ര ചെയ്ത് കൂടെ യാത്ര ചെയ്ത ഇരുകാലി ഇന്ത്യന്‍ ഫൂള്‍സില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ ഒന്നും വരാതിരുന്നത് പരിഗണിച്ച് പ്രത്യേക ആരോഗ്യ അവാര്‍ഡ് ശരത് പവാറിനും തരൂരിനും പങ്കിട്ടു കൊടുക്കാനും തീരുമാനിക്കാം. പ്രത്യേക രാഷ്ട്രീയ പരിചയമോ, ജനസേവനം പോലുള്ള തോന്ന്യാസങ്ങളോ ചെയ്യാതെ തന്നെ തിരുവനന്തപുരത്ത് മല്‍സരിച്ചതും, മാന്യ ദേഹത്തെ വിജയിപ്പിച്ചതും പരിഗണിച്ച് തിരോന്തരക്കാരുക്കും തരൂരിനും ഇത്തവണത്തെ ദേശീയ ധീരതാ അവാര്‍ഡ് പങ്കിട്ടെടുക്കാം.
പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ഈ 'ജന' നേതാവിന് ചെറുതായി പോകുമൊ എന്ന് കരുതി ഇത്തവണത്തെ ഭാരത രത്ന തന്നെ ഇയാള്‍ക്ക് നല്‍കാമെന്ന് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കുറച്ച് കാലമായി ഭാരത രത്ന നല്‍കാന്‍ ഇന്ത്യാ മഹാരാജ്യത്ത് ആളെ കിട്ടാനില്ലായിരുന്നു. കമ്മിറ്റിക്കാര്‍ കട്ടന്‍ ചായ ഒരു പാട് കുടിച്ചു പിരിഞ്ഞിട്ടും ഇന്ത്യന്‍ രത്നമായി തിളങ്ങാന്‍ ആളില്ലാതായപ്പോള്‍, നമ്മുടെ വാജ്പേയി സാഹിബിന് കൊടുത്താലോ എന്ന് കരുതിയിരുന്നതായിരുന്നു. അദ്ദേഹം ഇന്ത്യയെ മൊത്തത്തില്‍ തിളക്കി പണി നഷ്ടപ്പെട്ട ആളാണെന്ന പരിഗണനയും ഉണ്ടായിരുന്നു.
ഇത്തവണ അത്തരം കണ്‍ഫ്യൂഷനുകള്‍ ഒന്നും ഉണ്ടായില്ല. ഐക്യകണ്ഠേന ആയിരുന്നു തീരുമാനം. തരൂര്‍ സാറ് ആയതു കോണ്ട് മന്മോഹന്‍ സാറിനും സമാധാനം ഉണ്ട്. യജമാനന്‍ കണ്ണുരുട്ടില്ലാല്ലോ...
അനുമോദനങ്ങള്‍ മിസ്റ്ററ് തരൂര്‍, അനുമോദനങ്ങള്‍ മിസ്റ്റര്‍ ബരാക്ക് ഒബാമ.
ഗാന്ധിജിക്ക് കിട്ടാത്തത് ഒബാമക്ക് കിട്ടി
കൊള്ളാം!!!
മുമ്പ് നാട്ടിന്‍ പുറത്ത് ഉത്സവത്തിന് ആളു കൂടാന്‍ പ്രധാന മെയ് വഴക്കക്കാരനെ കൊണ്ട് അഭ്യാസം നടത്തിച്ച് അവന് ഒരു ആദരവും നല്‍കുമായിരുന്നു. ഒബാമയെ എഴുനള്ളിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകം അങ്ങനെ ലോകത്തിന്റെ സമാധാന പാലകരായി.
നോബല്‍ സമ്മാന കമ്മിറ്റിക്കും വേണ്ടത് പബ്ലിസിറ്റി തന്നെ.
Thursday, October 08, 2009
നയാഗ്രയിലെ ദിവസങ്ങള്‍
'തന്റെ ഹലാല്‍ ഒന്നും ഇവിടെ കിട്ടില്ല മച്ചോ...'
പ്രതീക്ഷിക്കാത്ത പലതും അവിചാരിതമായി ലഭിച്ച ആത്മ വിശ്വാസത്തില്‍ മനസ്സില്‍ തൊട്ടടുത്തോരു ഹലാല്‍ ഭക്ഷണ ശാല മണത്തു. നേരത്തെ കണ്ട തലമറച്ച സ്ത്രീ മുഖങ്ങളെ പിന്‍തുടര്‍ന്നാല്‍ ഉദ്ദേശിച്ച ഹോട്ടല്‍ കണ്ടെത്താനാവുമെന്ന നിഷ്കളങ്ക ചിന്തയില്‍, നയാഗ്രയിലെ കാഴ്ച്ചകളെ മറന്നു പോയി ഞാന്‍.
ഞങ്ങളിപ്പോള്‍ ഗോട്ട് ഐലന്റിലെത്തിയിരിക്കുന്നു. നയാഗ്രന്‍ നദി വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നതിന് മുന്‍പ് രണ്ടായി പിരിഞ്ഞ് ഒന്ന് ഹോഴ്സ് ഷൂ വെള്ളച്ചാട്ടമായും മറ്റേത് പൂര്‍ണ്ണമായി അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അമേരിക്കന്‍ ഫാള്‍സുമായി മറുന്നുണ്ട്. ഈ വഴിപിരിയല്‍ മൂലം രൂപാന്തരപ്പെട്ട ഒരു ചെറു ദ്വീപാണ് ഗോട്ട് ഐലന്റ്.
നയാഗ്രയിലെ രണ്ടാം ദിവസം പിറന്നത് തന്നെ എന്റെ ഭക്ഷണ അന്വേഷണത്തിനെന്ന വണ്ണമായിരുന്നു എന്റെ തിടുക്ക പ്രകടനങ്ങള്‍. നയാഗ്രയിലെ കനത്ത ഹോട്ടല്‍ വാടക, അമ്പത് ഡോളറിന്റെ ഡയിലി അലവന്‍സുകാരായ ഞങ്ങള്‍ക്ക് ഇത്തിരി കനത്തതായിരിക്കുമെന്നതിനാല്‍ ഒന്നര മണിക്കൂറിന്റെ യാത്രാ ദൈര്‍ഘ്യമുള്ള ബഫലോയിലെ ഹോട്ടല്‍ ഹോംസ്റ്റ്ഡിലായിരുന്നു ഞങ്ങളുടെ താമസം. (ഹ്രസ സന്ദര്‍ശകര്‍ക്ക് നാട്ടില്‍ ശമ്പളവും, അമേരിക്കയില്‍ വാഹനം, താമസം പിന്നെ 50 ഡോളര്‍ അലവന്‍സും എന്നതായിരുന്നു സീമന്‍സിന്റെ രീതി).കീശയില്‍ ഭദ്രമായി സൂക്ഷിച്ച mobile halal food ന്റെ കാര്‍ഡുണ്ട്.വികൃതമായ കൈ അക്ഷരത്തില്‍ കാര്‍ഡിന്റെ വലത്തെ മൂലയില്‍ ആനി എന്ന എഴുത്ത് ഞാന്‍ പലയാവര്‍ത്തി വായിച്ചു.
ഉച്ചയായപ്പോഴേക്കും ഞങ്ങള്‍ റസ്റ്റാറണ്ട് തേടിയിറങ്ങി. അമേരിക്കന്‍ ഫാള്‍സിനടുത്തെവിടെയോ ആണതെന്ന് കാര്‍ഡിലെ അഡ്രസില്‍ നിന്നറിയാം. അന്വേഷണ നടത്തത്തിന്നിടക്ക് വഴിയരികില്‍ കണ്ട ഇന്ത്യന്‍ റസ്റ്റാറണ്ടുകളില്‍ കണ്ണുകള്‍ ഉടക്കി. മസാല ദോശയുടെ വലിയ ചിത്രങ്ങള്‍ ഞങ്ങളെ മാടി വിളിക്കുന്നു.ചില്ലു ജാലകങ്ങളാല്‍ സമൃദ്ധമായ ഭോജന ശാലകളിലെ മേശപ്പുറത്ത് സുന്ദരമായ വിരിയകള്‍ വിരിച്ചിട്ടുണ്ട്. മങ്ങിയ വെളിച്ചത്തില്‍ സ്ഫടിക പാത്രങ്ങള്‍ തിളങ്ങുന്നു. ഡോളറുമായി വരുന്ന ഇന്ത്യക്കാരനേയും, ഇന്ത്യന്‍ ഭഷണത്തിന്റെ ആസ്വാദകരായ സ്വദേശികളേയും മറ്റു വിദേശികളേയും കാത്തിരിക്കുന്ന വൃത്തിയുള്ള ഭക്ഷണ ശാലകള്‍ നിറഞ്ഞ റോഡിലൂടെ ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു.
Notes :
* ദൈവ നാമത്തില്‍ അറുക്കുന്നതിനാണ് ഹലാല്‍ കട്ട് എന്ന് പറയുന്നത്. മുസ്‌ലിങ്ങള്‍ ഭക്ഷണ കാര്യത്തില്‍ പുലര്‍ത്തുന്ന പ്രധാന നിഷ്കര്‍ഷകളില്‍ പെട്ട ഒന്നാണിത്. കൂടാതെ പന്നി, സ്വയം വേട്ടയാടുന്ന മൃഗങ്ങള്‍, തേറ്റയുള്ള മൃഗങ്ങള്‍ എന്നിവയും ഹലാല്‍ ഭക്ഷണത്തില്‍ പെടില്ല
Monday, August 24, 2009
വീണ്ടും ഗാന്ധിജി
ചായ ഇടവേളകളില്‍ ഇടക്കിടെ ഗാന്ധിജി കടന്നു വരുന്നത് എങ്ങിനെയെന്നറിയില്ല. ഇതാ ഇന്ന് വൈകുന്നേരവും മൂപ്പര്‍ ഞങ്ങളുടെ ചര്‍ച്ചയിലെ മുഖ്യ ഇനമായി
കിടിലന്‍ എഞ്ചിനിയര്‍മാരാണ് ചര്‍ച്ച നിയന്ത്രിക്കുന്നത്. പങ്കെടുക്കുന്നതും. ആ അഞ്ച് പേര്‍ തന്നെ. ആന്ത്രക്കാരന്‍ രാജേന്ദ്ര ബാബു എന്ന് ബാബുജിയും അനുപമയും, ഒറീസ്സ്കാരന്‍ ജ്യോതി,തമിഴ്‌നാട്ടുകാരി രന്‍ജിനി, പിന്നെ ഞാനും.
കത്രീന കൈഫിന്റെ ക്യാറ്റ് വാക്കിങ്ങും, സൂര്യയുടെ ഗ്ലാമറും തമ്മിലടിക്കുന്നതിനിടക്ക് എപ്പോഴാണ് ഈ ഗാന്ധിജി ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നു വന്നതെന്നറിയില്ല. സാധാരണയായി കബ്ബണ്‍ പാര്‍ക്കിനടുത്ത് എം ജി റോഡ് തുടങ്ങുന്നിടത്ത് ഉറക്കം തൂങ്ങി നില്‍ക്കുന്ന ഇയാള്‍ പുതു തലമുറയുടെ കൂടെ അങ്ങനെ കാണാറില്ല.
ഇത്തവണത്തെ മില്ല്യണ്‍ ഡോളര്‍ ഖ്വസ്റ്റ്യന്‍ ഗാന്ധിജിയുടെ ജന്മ നാടിനെ കുറിച്ചായിരുന്നു. അനുപമ അപ്പൊഴേ തുടങ്ങി. അവള്‍ക്ക് എല്ലാം അറിയാം. ബിഗ് ബാങ്ങ് തിയറിയില്‍ ഒബ്ജക്ട് ഓറിയന്റഡ് സമീപന രീതി സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാലും മാഡത്തിന് അതില്‍ 'സുവ്യക്തമായ' ഒരു ഉത്തരം ഉണ്ടായിരിക്കും.
'ഗാന്ധിജി മഹാരാഷ്ട്രക്കാരനാണ്.
അനുപമക്ക് സംശയമില്ലശേഷം, തീരുമാനമായി.
രാജേന്ദ്ര ബാബുവിന് എന്നാല്‍ അതില്‍ അത്ര ഉറപ്പ് പോര.
ഡേയ്,ഗാന്ധിജി ഉത്തരപ്രേദേശ്‌കാരനാണ് . ബാബുവിന് നോ ഡൗട്ട് ഓണ്‍ ഇറ്റ്.
4ആം ക്ലാസ്സിലെ സാമൂഹ്യ പാഠവും, കൃഷ്ണന്‍ കുട്ടി മാഷും എനിക്കോര്‍മ്മ വന്നു. നാലുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തെ 4.A യിലെ ഒന്നാം ബെഞ്ചിലിരുന്ന് മൊട്ടത്തലയുള്ള ഗാന്ധിജിയുടെ പുസ്തകം മറിക്കുന്ന കൊച്ചു കുഞ്ഞിനെ ഓര്‍മ്മ വന്നു.
ഗാന്ധിജി പോര്‍ബന്ധറിലാണ് ജനിച്ചത്.എനിക്ക് ആവേശമായി.
ഓഹോ.. സോ വേര്‍ ഇസ് പോര്‍ബന്തര്‍ ? (പോര്‍ബന്തര്‍ എവിടെ എന്ന്).
അതു ഗുജറാത്തില്‍,
ഏന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. ഗാന്ധിജി ജനിച്ച സ്ഥലം എനിക്കറിയാം.
രന്‍ജിനി അപ്പോഴേക്കും കത്രീന കൈഫിന്റെ ഇന്ത്യന്‍ ഒറിജിന്‍ തേടി പുറപ്പെട്ടിരുന്നു. ഇത്തവണ അനുപമയുടെ വാക്കുകള്‍ക്ക് ആധികാരികതയുണ്ട്. കത്രീനയുടെ അപ്പൂപ്പന്റെ നാടു പോലും എല്ലാവര്‍ക്കും അറിയാം. അയാള്‍ കാഷ്മീരിയാണോ അതോ നേപ്പാളിയോ എന്നതിലാണ് ഇപ്പൊള്‍ ചര്‍ച്ച എത്തിയിരിക്കുന്നത്.
ഒരു ഗ്ലാസ്സ് ചായ കൂടി എടുത്ത് ഞാന്‍ കുബിക്ക്ലിലേക്ക്[കമ്പുട്ടര്‍, സ്വന്തം ബാഗ് എന്നിത്യാതികള്‍ വിശ്രമിക്കുന്ന സ്ഥലം-ജോലി സ്ഥലം എന്നും പറയാം] നീങ്ങി. മനസ്സിലെ നാലാം ക്ലാസ്സും അതിലെ ഗാന്ധിജിയുടെ പുസ്തകവും മടക്കി വെച്ചു.
ഇപ്പോള്‍,
ഗാന്ധിജിയും മോഡിയുടെ ഗുജറാത്തും മനസ്സില്‍ ഒന്നിച്ചു വരുന്നു. എനിക്കു തെറ്റിയോ, ഗാന്ധിജി പോര്‍ബന്തറില്‍ തന്നെ അല്ലെ ജനിച്ചത് ?
ഇനി അനുപമ പറഞ്ഞതിലും വല്ല്യ കാര്യവുമുണ്ടോ ?...
More readings :
നിങ്ങള്‍ക്കറിയുമോ ഗാന്ധിജി ആരെന്ന് ? >>
Friday, July 17, 2009
വെള്ളപ്പൊക്ക വിശേഷങ്ങള്‍
താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ എന്റെ നാട്ടുകാരുടെ ജലോല്‍സവത്തിന്റെ ഒരു ചിത്രം കിട്ടും
http://www.cmronweb.com/pages/News09/flood.php#2
http://www.cmronweb.com/pages/News09/flood.php#1
http://www.cmronweb.com/pages/News09/flood_news2.htm#flood3
http://www.cmronweb.com/pages/News09/flood_news2.htm#flood4
http://www.cmronweb.com/pages/News09/flood_news2.htm#flood2
http://www.cmronweb.com/pages/News09/flood_news.htm#flood2
http://www.cmronweb.com/pages/News09/flood_news.htm#flood
Sunday, June 28, 2009
ആണവ കരാര്‍ ഉപകാരപ്പെടുമോ ?
ആണവകരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഒപ്പിട്ട സര്‍ക്കാറിന് ജനങ്ങളുടെ ഒപ്പും കിട്ടി. കിട്ടിയ ഒപ്പ് ആണവ കരാറിന് അനുകൂലമാണെന്നും അല്ലെന്നും വ്യാഖ്യാനമുണ്ട്. സുസ്ഥിരമായ ഭരണം തരാന്‍ യു പി എക്ക് മാത്രമെ പറ്റൂ എന്നു ജനം കരുതിയതും , എന്‍ ഡി എ യുടെ വര്‍ഗീയ മുഖത്തിന്റെ തിരസ്കരണവുമാണ് ഇലക്ഷന്‍ ഫലത്തിന്റെ കാതല്‍ എന്നാണെന്റെ പക്ഷം. അതെന്തായാലും മരിച്ചു കഴിഞ്ഞതിന്റെ ജാതകം നോക്കൂന്നതില്‍ കാര്യമില്ല.
സാമ്പത്തിക മാന്ദ്യം പടര്‍ന്നു പിടിച്ചപ്പോള്‍, ലോക രാജ്യങ്ങള്‍ ആസന്നമാകുന്ന വിപത്തിനെ ചെറുക്കാനായി സ്വീകരിച്ച വിവിധ നടപടികളില്‍ പ്രധാനമായ ഒന്ന് ഡോളറിനപ്പുറത്തേക്കുള്ള ചിന്തകളെ തളിര്‍ക്കാനനുവദിച്ചതായിരുന്നു. ഒരു രാജ്യത്തിന്റെ കറന്‍സി, ലോകരാജ്യങ്ങളുടേ സാമ്പത്തിക സുസ്ഥിതിക്ക് അടിസ്ഥാനമാകുന്നു എന്ന പരാതി പ്രധാനപ്പെട്ട രാജ്യാന്തരീയ വേദികളില്‍ മുഴങ്ങിത്തുടങ്ങി. പലരും ഡോളറിനെ കരുതല്‍ ധനമായി സൂക്ഷിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.ചില രാജ്യങ്ങളെങ്കിലും എണ്ണ വിപണി ഡോളറില്‍ നിന്നും മറ്റു കറന്‍സികളിലേക്ക് മാറ്റിയതില്‍ ആഗോള രാഷ്ട്രീയം മാത്രമല്ല ഉള്ളതെന്ന് ഞാന്‍ കരുതുന്നു. വരാന്‍ പോകുന്ന ലോകക്രമത്തിന്റെ ആരംഭമായി സ്വീകരിക്കപ്പെട്ട കരുതല്‍ രാഷ്ട്രീയമായി അതിനെ കാണണം.
ഈ അടുത്തായി റഷ്യയിലെ ഏകാതറിന്‍ ബര്‍ഗില്‍ അമേരിക്കയെ ഒഴിവാക്കി ആറു രാജ്യങ്ങളുടെ ഒരു ഉച്ച കോടി നടന്നു. ഇന്ത്യക്ക് അതില്‍ നിരീക്ഷക പദവി ഉണ്ടായിരുന്നു. അവിടെ നടന്ന ചര്‍ച്ചകളില്‍ ഡോളറിന്റെ കുത്തക ചൊദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയടക്കമുള്ള വന്‍കിടക്കാരുടേതായിരുന്നു ഈ വേദി. വലിയ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ലെങ്കിലും മാറ്റത്തിന്റെ കാറ്റ് പലയിടങ്ങളിലും വീശിത്തുടങ്ങിയതായി ഇത്തരം ചര്‍ച്ചകള്‍ തെളിയിക്കുന്നു.അതിന്റെ പിറ്റേ ദിവസം അതെ നഗരത്തില്‍ ഇന്ത്യ ഉള്‍കൊള്ളുന്ന നാലു-രാഷ്ട്ര ഉച്ചകൊടിയും ചേര്‍ന്നു. അവിടെയും ചര്‍ച്ചയില്‍ ഇതേ വിഷയങ്ങള്‍ കടന്നു വന്നു. ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ എന്നിവരാണ് ആ ചതുര്‍-രാഷ്ട്രങ്ങള്‍.വര്‍ഷങ്ങളായി അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ലോക നേതൃത്ത പദവി കൈ വിട്ടു പോകുന്നു എന്ന് പലരും സ്വകാര്യം പറയാന്‍ ഇതൊക്കെയാണ് കാരണം.
അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയ-സാങ്കേതിക നേതൃത്തം ലോകമാകെ അംഗീകരിക്കപ്പെട്ടതിന്റെ ഫലമായിട്ടായിരുന്നു ഇന്ത്യ സ്വന്തം രാജ്യത്തിനകത്തെ ജനകീയ എതിര്‍പ്പിനെ മറികടന്നു ആ രാജ്യവുമായി ആണവ കരാര്‍ ഒപ്പിട്ടിരുന്നത്. പാര്‍ലിമെന്റിനെ പോലും വിശ്വാസത്തിലെടുക്കാതെ ധൃതിപിടിച്ചെടുത്ത ആ തീരുമാനത്തിന്റെ താലപര്യങ്ങളെ പുതിയ മാറ്റങ്ങള്‍ വിപരീതമായി ബാധിക്കില്ലേ എന്ന ചിന്ത പല കോണുകളില്‍ നിന്നു ഉയര്‍ന്നു വന്നു കഴിഞ്ഞു.
ആണവകരാര്‍ മൂലം നമുക്ക് നേട്ടങ്ങളുണ്ടാകാം ഇല്ലാതിരിക്കാം. ഭാവിയിലെ ഊര്‍ജ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമായിട്ടാണ് കരാറിന്റെ അനുകൂലികള്‍ അതിനെ കാണുന്നത്. പക്ഷെ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ചര്‍ച്ച നടന്നു കൊണ്ടിരുന്ന ഇന്ത്യ-ഇറാന്‍ വാതക് പൈപ്പ് ലൈന്‍ പദ്ധതി അതു വഴി നമുക്ക് നഷ്ടപ്പെട്ടതാണ് ഈ കരാറില്‍ വലിയൊരു നഷ്ടം.
രാജ്യത്തെ ഊര്‍ജ്ജാവശ്യത്തിന്റെ വലിയൊരു വിടവ് നികത്തുമായിരുന്ന ആ പദ്ധതിയില്‍ നിന്ന് അമേരിക്കന്‍ എതിര്‍പ്പ് മൂലം നമുക്ക് പിന്‍ വാങ്ങേണ്ടി വന്നു. എന്നാലോ ആണവകരാര്‍ മൂലം പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. അതിന്റെ സാധ്യതകളെ കുറിച്ച് ഇപ്പോഴും നമ്മില്‍ ആശങ്കകള്‍ ബാക്കിയാണ് താനും.
ഇവിടെയാണ് മാറുന്ന ലോകാവസ്ഥയെകുറിച്ച ചര്‍ച്ചകള്‍ നമ്മുടെ രാജ്യത്തിന് പ്രസക്തമാകുന്നത്. അമേരിക്കന്‍ സമ്പത്-വ്യ്‌വസ്ഥ ആകര്‍ഷണീയമല്ലാതായിത്തീരുകയും, ഇറാനിന്റെ മേല്‍ ചുമത്തപ്പെട്ട ഉപരോധങ്ങള്‍ കാരണം ആധുനികരിക്കാനവാതെ കിടന്നിരുന്ന വാതകപാടങ്ങള്‍ക്ക് ലോകക്രമത്തിന്റെ മാറ്റം വഴി പുതു ജീവിതം ലഭിക്കുകയും ചെയ്യപ്പെട്ടാല്‍, നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും ? കക്ഷത്തിലുള്ളത് കളയുകയും ചെയ്തു, ആകാശത്തിലുള്ളതിനെ കിട്ടിയതുമില്ല എന്നവാതിരിക്കട്ടെ.
Friday, June 19, 2009
നല്ലൊരു കവിത
നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടേക്കാം .
ഇതാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ വായിക്കാം
..
..
..
Saturday, June 13, 2009
ഏറ്റീന്‍ കയറാന്‍ സമയമായി
മഴക്കാലം തുടങ്ങിയപ്പോഴേക്ക് എന്റെ നാട്ടിലെ പാടങ്ങളില്‍ ഏറ്റീന്‍ കയറി.നാട്ടുകാര്‍ കൈവലയും വെട്ടുകത്തിയുമായി ഏറ്റീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.മുമ്പ് ഏറ്റീന്‍ കയറുന്നെന്ന വാര്‍ത്ത പരക്കുമ്പോള്‍ ആളുകല്‍ ഉത്സവം കണക്കെ പെട്രോമാക്സ്, കട്ട ടോര്‍ച്ച് എന്നിവയെടുത്ത് പാടത്തേക്ക് ഇറങ്ങുമായിരുന്നു.ഇപ്പോള്‍ നല്ല ഇലക്ട്രിക് ടോര്‍ച്ച് ഉള്ളത് കൊണ്ട് ആര്‍ക്കും പെട്രൊമാക്സിന് ചാവി കൊടുത്ത് സമയം കളയണ്ട.
ഇരുവഴിഞ്ഞി പുഴയുടെ ഓരത്തുള്ള ഒരു ഗ്രമാമാണ് ചേന്ദമംഗല്ലൂര്‍ എന്ന എന്റെ ഗ്രാമം.അവിടെ മഴക്കാലമായാല്‍ പാടങ്ങളിലേക്ക് പുഴ ഇരച്ച് കയറും അതിന്റെ കൂടെ കുറേ മീനുകളും, ആങ്ങിനെ ആറ്റില്‍ നിന്നും പുതുതായി കയറി വരുന്നതവ ആയതു കൊണ്ടാണ് ഇവയെ ആറ്റുമീന്‍ അഥവ ഏറ്റീന്‍ എന്നു വിളിക്കുന്നത്.
ഒരു പാട് ചരിത്ര സന്ധികള്‍ക്ക് സാക്ഷ്യം വഹിച്ച ഓര്‍മ്മകള്‍ ഈ ഓളങ്ങള്‍ക്കുണ്ട്. തോണിയപകടത്തില്‍ മരിച്ച ബി.പി മൊയ്തീനും, സ്വാതന്ത്യ സമര ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഈ പുഴയോട് അന്ത്യ യാത്ര പറഞ്ഞിട്ടായിരിക്കും ഇഹ ലോകവാസം വെടിഞ്ഞത്.
ഹരിത മേലാപ്പില്‍ വിളങ്ങുന്ന കൊച്ചു ഗ്രാമമാണ് ചേന്ദമംഗല്ലൂര്‍. മൂന്നു ഭാഗം കുന്നുകളാല്‍ ചുറ്റപ്പെട്ട് കോട്ടമതിലു പോലെ സംരക്ഷിതമാണെങ്കിലും ഒരു ഭാഗം ഇരുവഴിഞ്ഞിപ്പുഴക്ക് വിഹരിക്കാന്‍ തുറന്നിട്ടു കൊടുത്തിരിക്കുന്നു.ഈ സൗജന്യം മഴക്കാലമായാല്‍ ഇവള്‍ അല്‍പ്പം കടന്ന് ഉപയോഗപ്പെടുത്തും. മാനത്ത് മഴക്കാറ് കണ്ടാല്‍ ഇവള്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങും, അതു തുള്ളീത്തുള്ളിയായി പെയ്യുന്നത് അവള്‍ക്ക് മുഖത്ത് ചായം തേച്ച് കൂടുതല്‍ സുന്ദരിയാവാനാണ്. മഴ കനക്കുമ്പോള്‍ ഇരുവഴിഞ്ഞിപ്പുഴ ചുവക്കും. മേലാകെ ആടയാഭരണങ്ങള്‍ അണിയും. പതഞ്ഞു നുരയുന്ന പാദസരങ്ങളണിഞ്ഞ്,വരുന്ന വഴിയിലെ പറമ്പുകളില്‍ നിന്ന് കണ്ടതെല്ലാം തട്ടിയെടുത്ത് മാലയായി കഴുത്തില്‍ അണിഞ്ഞ ഒരു രൗദ്ര സുന്ദരിയായി കഴിഞ്ഞാല്‍ പിന്നെ ഇരുവഴിഞ്ഞി ഒരൊറ്റ പുറപ്പാടാണ്. ചേന്ദമംഗല്ലൂരിന്റെ തോടുകളും കൈവഴികളും താഴ്‌ന്ന ഭാഗങ്ങളും ഇവളുടെ സ്വന്തം. ഇരമ്പി വരുന്ന വെള്ളപ്പൊക്കത്തിന് ഹര്‍ത്താലും ബന്ദും ഒന്നും പ്രശ്നമല്ല. എല്ലാ വഴികളും അവളുടെ വിഹാര പാത. ആരും തടയാന്‍ വരില്ല.
ഓരൊ വര്‍ഷക്കാലവും ഇത് ആവര്‍ത്തനം. ഈ കുത്തൊഴുക്കിന്റെ കൂടെയാണ് ഏറ്റീന്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്.വെള്ളം ഉയര്‍ന്ന് തുടങ്ങുമ്പോള്‍ നെല്‍പാടങ്ങളെ പുഴയുമായി ബന്ധിപ്പിക്കുന്ന കൈതോടുകളില്‍ കൂടി മദിച്ച് ഓടി വരുന്ന പുഴമീനുകളാണ് ഏറ്റീന്‍ അഥവാ ആറ്റുമീന്‍. ഏറ്റീന്‍ കയറുക എന്നാണതിന്റെ നാടന്‍ ഭാഷ്യം.ഗ്രാമത്തിലെ പ്രധാന മീന്‍ പിടുത്തകാരാണ് ഒരോ വര്‍ഷത്തേയും ഏറ്റീന്‍ കയറലിന്റെ വിളംബരം നടത്തല്‍.ജൂണ്‍ മാസം പിറന്നാല്‍ ഇവരില്‍ പലരും ഇരുവഴിഞ്ഞിയുടെ കൈ വഴികളിലെ നിത്യ സാന്നിധ്യമായിരിക്കും. പുഴയുടെ ഓരോ ചലനവും ഓളങ്ങളുടെ താളവും ഇവര്‍ക്ക് ഹൃദ്യം.
വെള്ളം കയറാന്‍ ആരംഭിച്ചാല്‍ പിന്നെ നാടിന് ആഘോഷമാണ്. കൂടെ വരുന്ന ഒറ്റയും തറ്റയുമായ മീനുകള്‍ പിടിക്കാന്‍ ആളുകള്‍ കുട്ടയും വടിയുമെടുത്ത് പാടത്തേക്കിറങ്ങും. മുട്ടിന് തൊട്ടു മുകളിലായി കലങ്ങി നില്‍ക്കുന്ന വെള്ളത്തിന് മീതെ വേനല്‍കാലത്ത് പുഴയില്‍ കാറ്റിനൊത്ത് കപ്പലോട്ടം നടത്തുന്ന വാകപ്പൂവിനെ പോലെ ഒരു പരല്‍ മീന്‍ ഓളമുണ്ടാക്കി ഓടിയാല്‍ അവിടെ ഒരു പൊതു സമ്മേളനത്തിന് ആളുകള്‍ ഓടിയെത്തും. വെട്ടും കുത്തും കഴിഞ്ഞ് മീനിന്റെ വല്ല അവശിഷ്ടവും ബാക്കിയുണ്ടെങ്കിലായി.എല്ലാവര്‍ക്കും കൈ നിറയെ മീന്‍ ലഭിക്കുമെന്ന് കരുതിയാല്‍ തെറ്റി.ഒന്നോ രണ്ടോ ആളുകള്‍ക്ക് കിട്ടിയാലായി.മറ്റുള്ളവര്‍ ഒരനുഷ്ടാനം പോലെ എല്ലാ വര്‍ഷവും ഏറ്റീന്‍ പിടികാന്‍ ഇറങ്ങുന്നു എന്ന് മാത്രം.സ്വപ്നങ്ങളില്‍ വാളയും തിരുതയും ആവാഹിച്ച് പാടത്തേക്കിറങ്ങിയവര്‍ക്ക് ഒരു ചൂലിപ്പരലിനെ പോലും കിട്ടിയെന്ന് വരില്ല.
മഴക്കാലം മീനുകള്‍ക്ക് പ്രജനന കാലമാണ്.കനത്ത മഴയില്‍ കുലം കുത്തി ഒഴുകി വരുന്ന പുഴ ഈ മീനുകള്‍ക്ക് മുട്ടയിടാന്‍ യോജ്യമല്ല. നദിയുടേ ഒടിവുകളില്‍ രൂപപ്പെടുന്ന ചുഴികളും മലരുകളും അതു മൂലമുണ്ടാകുന്ന കനത്ത ഒഴുക്കും മറികടക്കാനാണ് ഇവ തൊട്ടടുത്ത പാടങ്ങളിലേക്കും പറമ്പുകളിലേക്കും കയറി വരുന്നത്.ഓളങ്ങളില്ലാതെ ശാദ്വലമയി പുല്‍ചെടികളെ പുല്‍കി നില്‍ക്കുന്ന വെള്ളത്തില്‍ ഇവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. വെള്ളപ്പൊക്ക ദിനങ്ങളില്‍ ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിനോദം ഇത്തരം കുഞ്ഞിമീന്‍ കൂട്ടങ്ങളെ കണ്ടെത്തലായിരുന്നു.മുതിര്‍ന്നവര്‍ക്കും ഈ കുഞ്ഞിമീന്‍ കൂട്ടങ്ങളോട് താല്‍പര്യമുണ്ട്. കാരണം അതിനടുത്തെവിടെയെങ്കിലും ഒരു തള്ളമീനിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.
ഏറ്റീന്‍ കയറുമ്പോള്‍ തോടുകളിലെ പ്രഭവ സ്ഥാനങ്ങളില്‍ വലിയ വലകള്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. കയറി വരുന്ന മീനുകളെ തല്‍സമയം പിടി കൂടാന്‍ വേണ്ടിയാണിത്.ഇത്തരം ലൈവ് മീനുകള്‍ക്ക് മാര്‍കറ്റില്‍ നല്ല വില കിട്ടും എന്നതാണ് മീന്‍ പിടുത്തക്കാരുടെ ഉത്സാഹത്തിന് കാരണം. നിറയെ മീന്‍ മുട്ടകളുമായി വീര്‍ത്ത വയറുമായിട്ടായിരിക്കും അധിക ഏറ്റീനും വരുന്നത് എന്നതിനാല്‍ അതിനെ പൊരിച്ചു തിന്നാന്‍ നല്ല രുചി ആയിരിക്കും.
പക്ഷെ പ്രജനനാവശ്യാര്‍ഥം കയറി വരുന്ന ഇത്തരം മീനുകളെ പിടികൂടിയാല്‍ അവയുടെ വംശവര്‍ദ്ദനവിനെ പ്രതികൂലമായി ബാധിക്കില്ലെ എന്നൊരു മില്ല്യണ്‍ ഡോളര്‍ കൊസ്റ്റ്യന്‍ പ്രസക്തമായി ബാക്കിയിരിപ്പുണ്ട്.
Wednesday, January 28, 2009
നിങ്ങള്‍ക്കറിയുമോ ഗാന്ധിജി ആരെന്ന് ?
സംസാരത്തിനിടക്ക് ആരോ ഗാന്ദിജിയെക്കുറിച്ചു പറയുന്നു. മറ്റെന്തോ ആലോചിക്കുകയായിരുന്ന എന്നെ പെട്ടെന്ന് ഗാന്ധിജിയെന്ന ആ പദം സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിച്ചു. സാധാരണ അത്തരം കാര്യങ്ങള്‍ ഒന്നും ഈ ചായകുടി സംസാരങ്ങളില്‍ വരാറില്ല. ഷാറൂക്ക് ഖാന്റെ ഏറ്റവും പുതിയ ഹെയര്‍ സ്റ്റൈല്‍, ഐശ്വര്യ റായിയും കെട്ടിയവനും തമ്മിലെ ഒന്‍പതു ചേര്‍ച്ചകള്‍ ഇതൊക്കെയാണ് എന്നും കേള്‍കാറുള്ളത്. ഇന്നിപ്പോ എങ്ങിനെയാണാവോ ഗാന്ധിജി ഈ ബുദ്ധി രാക്ഷസന്മാരുടെ കിടിലന്‍ ചര്‍ച്ചയിലെത്തിപ്പെട്ടത് ?
കല്‍കത്തക്കാരന്‍ അബുവാണ് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത്. ഈ അടുത്തിറങ്ങിയ ഒരു സിനിമയില്‍ ഒരാള്‍ക്ക് ഗാന്ധിജിയെ അറിയില്ലെത്രെ. അതിലിപ്പോ എന്തിത്ര അദ്ഭുതപ്പെടാനെന്ന് മനേജറായ മേഡം. അവര്‍ പറയുന്നു, പലര്‍ക്കും ഗാന്ധിജിയെ അറിയില്ല. ഉദാഹരണത്തിന് അവര്‍ തൊട്ടപ്പുറത്ത് മേശ വൃത്തിയാക്കുന്ന സ്ത്രീയെ ചൂണ്ടി പറഞ്ഞു അവരോട് ചോദിച്ചു നോക്കൂ, ആരാണ് ഗാന്ധിയെന്ന്. ആരും ചോദിക്കാന്‍ പോയില്ല, എതിര്‍ക്കാനും.
മാഡത്തിന് ആവേശമായി. ഗാന്ധിജിയെക്കുറിച്ച അറിവു ഒരു സവിശേഷമായ അറിവായി കരുതേണ്ടതില്ല. അതു അറിയാനും അറിയാതിരിക്കാനും സാധ്യതയുള്ള നമ്മുടെ പാഠപുസ്തകങ്ങളിലെ പഠിച്ചു മറക്കുന്ന ഒരു സാദാ അറിവു മാത്രം. മാഡം ഇത്രക്കു പറഞ്ഞില്ലെങ്കിലും സംസാരത്തിന്റെ പോക്ക് എനിക്ക് ക്ഷ പിടിച്ചു.
അങ്ങനെ സോഫ്റ്റ്‌വെയര്‍ അല്ലാത്ത ഒരു പുതിയ അറിവു കൂടി എല്ലാവര്‍ക്കും കിട്ടി. ഗാന്ധിജിയെ അറിയാതെയും ഇന്ത്യയില്‍ ജീവിക്കാം.
ഇനി പറയൂ നിങ്ങളറിയുമൊ ഗാന്ധിജി ആരെന്ന് ?
Wednesday, December 03, 2008
കപ്പ മോഷ്ടാവ് (പൂള കള്ളന്‍)
ഈ മൂന്ന് ഷെഡും, ഹെഡ് മാസ്റ്ററുടെ റൂമും സ്റ്റാഫ് റൂമും ഉള്‍കൊള്ളുന്ന സ്കൂളിന്റെ പ്രധാന ബ്ലോക്കും ചേരുമ്പോള്‍ ഒരു നാലുകെട്ടിന്റെ പ്രതീതിയായിരിക്കും. മുമ്പത്തെ ഏതോ ഗാന്ധി ജയന്തി നാളില്‍ നട്ട ആര്യവേപ്പ് തൈകള്‍ ഈ നാലുകെട്ടിന്റെ നടുക്കായി വളരുന്നുണ്ടായിരുന്നു. ഈ തൈകള്‍ക്കിടയിലൂടെയാണ് ഉസ്മാന്‍ മാഷ് മുമ്പ് നിഷാദിനെ ഓടിച്ചിട്ട് തല്ലിയത്. മടിയുടെ ഉത്തമ സ്വരൂപവും തരികിടയുടെ ഉസ്താദുമായിരുന്നു നിഷാദ്. ഹോസ്റ്റലില്‍ നിന്ന് സ്കൂളിലേക്ക് അവന്‍ വരുന്നത് തന്നെ, അന്ന് വാങ്ങി വെക്കാനുള്ള അടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയായിരിക്കും.
ഹെഡ് മാസ്റ്ററുടെ മുറിയിലെ ജനാലയിലൂടെ നോക്കിയാല്‍ ഈ രണ്ട് ഓല ഷെഡിലേക്കും നല്ല കാഴ്ച്ചയായിരുന്നു.പഴയ മട്ടില്‍(സമചതുര സ്തംഭത്തിന്റെ രൂപത്തില്‍) മര അഴികളാല്‍ നിര്‍മിച്ച ജനാലക്ക് പിറകില്‍ സമദ് മാഷ് തന്റെ കണ്ണടയും വെച്ച് നോക്കി നില്‍ക്കുന്നത് 7-C യിലെ വീരശൂര പരാക്രമികള്‍ക്ക് കാണാന്‍ പറ്റുമായിരുന്നില്ല. കാരണം ഓഫീസ് മുറി ചെറുതും ഇരുട്ടുള്ളതും ആയിരുന്നു. ജനാലയുടെ അഴികള്‍ അടുത്തടുത്തായിരുന്നതിനാല്‍ പുറത്ത് വെളിച്ചത്തില്‍ നില്‍കുന്നയാള്‍ക്ക് സൂക്ഷിച്ചു നോക്കിയാലല്ലാതെ ജനാലക്ക് പിറകില്‍ ഇരിക്കുന്നയാളെ കാണാന്‍ പറ്റില്ല. 7-C യിലെ ശൂരന്മാര്‍ക്ക് പക്ഷെ കാഴ്ചയുടെ ഈ തത്വങ്ങളൊന്നും അറിഞ്ഞു കൂടായിരുന്നെങ്കിലും, ഒരു കാര്യം ഉറപ്പായിരുന്നു. അദ്ധ്യാപകനില്ലാത്ത സമയത്തെ പല അലമ്പുകളിലേയും യഥാര്‍ത്ഥ പ്രതികളെ തന്നെ സമദ് മാസ്റ്റര്‍ നേരിട്ടു വന്ന് കൈകാര്യം ചെയ്യും, അത് കട്ടായം.
തങ്ങളുടെ കള്ളത്തരങ്ങള്‍ ഇത്ര കണിശതയോടെ പിടികൂടുനത് എങ്ങനെയെന്ന വിദ്യ, അറിയാതെയെങ്കിലും പുറത്ത് വന്നത് ഹെഡ് മാസ്റ്റര്‍ വഴി തന്നെയായിരുന്നു.
കല്‍പറ്റക്കാരനായ ജമാലിന് ന്യായം പറയാന്‍ നല്ല നാക്കായിരുന്നു. ഒരിക്കല്‍ ഇതു പോലെ എന്തോ കാരണത്തിന് ജമാല്‍ പിടിക്കപ്പെട്ടു. അതിശയകരമായിരുന്നു അവനത്. ആരും കാണില്ലെന്ന ആത്മ വിശ്വാസത്തില്‍ ചെയ്ത വികൃതി പിടിക്കപ്പെട്ടതിന്റെ നൈരാശ്യത്തില്‍ അവന്‍ വിദഗ്ദമായി കുറ്റം നിഷേധിച്ചു. അവന്റെ ന്യായം പറച്ചിലിന്റെ വൈദഗ്ദ്യവും, താന്‍ കണ്ണുകൊണ്ട് കണ്ട കാഴ്ചയെ ചെറുക്കന്‍ ഇത്ര ശക്തമായി നിഷേധിക്കുന്നതും കണ്ടപ്പോള്‍ രണ്ടെണ്ണം പൊട്ടിച്ച് കൊടുത്തു കൊണ്ട് മാഷ് ആ സത്യം വെളിപ്പെടുത്തി. തങ്ങളെല്ലാം ഒരദൃശ്യ കണ്ണുകളാല്‍ വാച്ച് ചെയ്യപ്പെടുന്നുണ്ടെന്ന ഭീകര സത്യം ഞങ്ങളെ ഒട്ടൊന്നുമല്ല സങ്കടപ്പെടുത്തിയത്. അതില്‍ പിന്നെ ജനാലക്ക് പിന്നില്‍ കണ്ണടത്തിളക്കം ഇല്ലെന്ന് ഉറപ്പു വരുത്തിയേ എന്ത് പോകിരിത്തരവും ഞങ്ങള്‍ ചെയ്യാറുണ്ടായിരുന്നുള്ളൂ.
ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ഒരു പിരീഡ് കളിയാണ്. പലപ്പോഴും തിങ്കളാഴ്ചയുടെ മടുപ്പ് ആ ആഴ്ച്കയിലെ കളി പിരീഡിന്റെ പ്രതീക്ഷയിലാണ് തരണം ചെയ്യാറ്. അങ്ങനെ ആറ്റു നോറ്റു കിട്ടിയ ഒരു കളി പിരീഡില്‍ ഞങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ ആവേശമായിരുന്ന കള്ളനും പോലീസും കളിക്കാന്നാരംഭിച്ചു. ഓടിയൊളിക്കുന്ന കള്ളന്മാരെ പിടികൂടാന്‍ പാണല്‍ പൊന്തയും കയ്യില്‍ പിടിച്ച് പോലീസുകാര്‍ അന്വേഷിച്ചിറങ്ങും. കളിക്ക് ഏകദേശം ഒരതിര്‍ വരമ്പൊക്കെ ഉണ്ടായിരിക്കും. എന്നാലും അതൊക്കെ കളിയുടെ ആവേശത്തില്‍ കാറ്റില്‍ പറത്തപ്പെട്ടു പോകും. സ്കൂള്‍ പറമ്പുകളെല്ലാം ബഹുദൂരം പിറകിലാക്കി അത് പലപോഴും ചാളക്കണ്ടി തറവാട്ടിന് പിറകിലെ വിശാലമായ പറമ്പിലോ, അല്ലെങ്കില്‍ അതിന്നടുത്ത വയലിലോ ഒക്കെ എത്തുമായിരുന്നു.
അന്ന് പോലീസായി കള്ളന്മാരെ തേടിയിറങ്ങിയതായിരുന്നു ഞാനും മറ്റു രണ്ടു പേരും.K T മൗലവിയുടെ വീടിന് താഴെയുള്ള പൊന്തക്കാട്ടില്‍ നിന്ന് ആരെയോ ഓടിച്ച് എത്തിപ്പെട്ടത് ചാളക്കണ്ടി പറമ്പിന്റെ അതിര്‍ത്തിയില്‍. വയലില്‍ നിന്ന് മതില് ചാടി ഇപ്പോള്‍ KT ഹാഷിംക്ക വെച്ച വീടിന്റെ അടുക്കള ഭാഗമടങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ തൊട്ടപ്പുറത്ത് നിന്ന് പരിചയമുള്ള ശബ്ദം കേള്‍ക്കുന്നു. ചെന്നു നോക്കിയപ്പോള്‍ നമ്മുടെ നിഷാദും ജമാലുമെല്ലാം അവിടെ സൊറ പറഞ്ഞിരിക്കുന്നു. അവരോട് കുശലം പറയാന്‍ അടുത്ത് ചെന്നപ്പോള്‍ ചങ്ങാതിമാര്‍ വെറുതെ ഇരിക്കുകയല്ലെന്ന് മനസ്സിലായി. എല്ലാവരുടെ കയ്യിലും നല്ല പച്ചപ്പൂളയുണ്ട് * (കപ്പ) . തൊട്ടടുത്ത പറമ്പില്‍ നിന്നെങ്ങാനും പറിച്ചെടുത്തതായിരിക്കണം. ഹോസ്റ്റലില്‍ താമസിക്കുന്ന അവര്‍ക്കിതൊക്കെ ഒരു ത്രില്ലാണ്. രാവിലെ പുഴുങ്ങിയ പൂളയും ഉച്ചക്ക് അതിന്റെ തന്നെ കറിയും കൂട്ടുന്ന നമുക്ക് അതിനോട് പ്രതിപത്തി ഇല്ലെങ്കിലും കൂട്ടത്തിലെ രസത്തിന് ഒരു കഷണം വാങ്ങി തിന്നു കൊണ്ട് അടുത്ത കള്ളനെ പിടിക്കാന്‍ ഓടി.
വൈകുന്നേരം സമദ് മാഷ് ഒരു നല്ല ചൂരലും പിടിച്ച് ക്ലാസ്സില്‍ വന്നപ്പോള്‍ ഇന്ന് ജനാലയിലൂടെ കണ്ട കാഴ്ച എന്തായിരിക്കുമെന്ന് ആശങ്കയോടെ ഒരോരുത്തരും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചങ്കിടിപ്പ് കൂടി വരുന്നു. ആദ്യം ജമാലിനെ പിന്നെ തടിയന്‍ നൗഷാദിനെ ശേഷം നിഷാദിനെ, അങ്ങനെ ഓരോരുത്തരെയായി മേശയുടെ അരികിലേക്ക് വിളിപ്പിക്കുന്നു. അവര്‍ ആരുടെയോ പേരു പറയുന്നു. അങ്ങനെ അയാളും മേശക്കരികിലേക്ക് വിറച്ച് വിറച്ച്. ഓരോരുത്തരും താന്താങ്ങളുടെ നേര്‍ക്ക് ചൂണ്ടപ്പെടുന്ന വിരലിനെ ഭയന്ന് മുഖം താഴ്തി നില്‍ക്കെ, അതാ ഒരു വിരല്‍ എനിക്കു നേരേയും.
മേശക്കരികില്‍ പൂര്‍ണ നിഷ്കളങ്കനായി നില്‍ക്കെ, ആ കരളു പിളര്‍ക്കുന്ന ചോദ്യം വരുന്നു. " നീ ആരാന്റെ പൂള* കട്ടു തിന്നും അല്ലെടാാാ ". ഉത്തരം പറഞ്ഞോ എന്ന് ഓര്‍മ്മയില്ല. അതോ ഒര്‍മ്മയില്‍ സൂക്ഷിക്കാന്‍ മാത്രം സമയം അനുവദിച്ച് കിട്ടാതിരുന്നതോ,അതിനു മുന്നെ അടി വീണു.
അടിയേക്കാളധികം ആ ചോദ്യമാണ് കണ്ണീരിന് കാരണമായത്. അന്നാണ് നിരപരാധിയുടെ കണ്ണീരിന്ന് ഇത്ര ചൂടുണ്ടെന്ന അറിവു ലഭിച്ചത്. പക്ഷെ മോഷണ വസ്തു, തിന്നാലും അടി ഉറപ്പാണെന്ന് അന്നു തന്നെ മനസ്സിലായി.
കുറിപ്പ്:
*മലബാറില്‍ പൂള എന്നാല്‍ കപ്പയുടെ മറൊരു പേരാണ്. 'തിരോന്തരക്കാര് ' ക്ഷമിക്കുമല്ലോ ..
Tuesday, December 02, 2008
മാധ്യമങ്ങള്‍ ജീവിക്കാനുള്ള അവകാശം വലിച്ചു കീറുന്നു
കഷ്മീരില്‍ പിടിക്കപ്പെട്ട ജബ്ബാര്‍ എന്നയാളാണെന്ന് പറഞ്ഞ്, ജമാ-അത്തെ ഇസ്ലാമി കേരളയുടെ സംസ്ഥാന സെക്രറ്റരി എന്‍ എം അബ്ദുറഹിമാന്റെ ഫോട്ടൊയാണ് നമ്മുടെ ചാനലുകാര്‍ എക്സ്ക്ലുസിവ് കാണിച്ചത്.
കപട ദേശസ്നേഹം പറയുന്ന യുവമോര്‍ച്ചക്കാരന്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ ചുവടു പിടിച്ചാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വൃത്തിക്കേട് കാണിച്ചത്. എറ്റവും വലിയ തമാശ ഈ യുവമോര്‍ച്ചാ നേതാവിന്റെ കൂടെ തന്നെ അബ്ദുറഹിമാന്‍ ഒരാഴ്ച മുന്‍പെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നതാണ്.
ഇങ്ങനെ പോയാല്‍, ഇവന്മാര്‍ ബിന്‍ലാദന്‍ ആണെന്ന് പറഞ്ഞു എതെങ്കിലും താടി വെച്ച പാവത്തെ പൊക്കി കൊണ്ടുവരാനും സാധ്യതയുണ്ട്.
നാളെ ഈ പാവം മനുഷ്യനെ വഴി നടക്കുമ്പോള്‍, ഏതെങ്കിലും 'ദേശസ്നേഹി' കല്ലെടുത്തെറിഞ്ഞാല്‍, ഈ ചാനലുകാര്‍ അതിനു സമാധാനം പറയുമൊ? എതെങ്കിലും യാത്രക്കിടയില്‍ ഇദ്ദേഹത്തെ സഹ യാത്രികര്‍ സംശയിച്ച് ഉപദ്രവിച്ചാല്‍ ആര് സമാധാനം പറയും ? യുവമോര്‍ച്ചക്കാരന്‍ രമേഷ് പറയണം. ചാനലുകാര്‍ മറുപടി പറയണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
Sunday, November 16, 2008
തുര്‍ക്കിയിലെ ഗൂഢസംഘം
---------------------------- തുര്‍ക്കിയിലെ ഗൂഢസംഘം -----------------------------
തുര്ക്കി ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് അവിടത്തെ ഭരണകൂടം. വിവിധരാഷ്ട്രീയ ധാരകള്‍ കൂട്ടായും അല്ലാതെയും പല ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രം ആ രാജ്യത്തിനുണ്ട്. ഇടതുപക്ഷ സെക്കുലറിസ്റ്റായ ബുലന്ദ് അജാവീദ്, വനിതയായ താന്‍ സുസില്ലര്‍ മുതല്‍ ഇപ്പോള്‍ ഏറ്റവുമൊടുവിലായിഇസ്ലാമിക ചായ്വ് പുലര്‍ത്തുന്ന എ.കെ. പാര്‍ട്ടിയുടെ നേതാവ് റജബ് ഉര്‍ദുഗാന്‍വരെ ഇങ്ങനെതെരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍, എല്ലാറ്റിന്റെയും അവസാന വാക്ക് ജനമല്ല സൈന്യമാണ് എന്നതാണ്തുര്‍ക്കി ജനാധിപത്യത്തിന്റെ ഒരു വിരോധാഭാസം.
ജസ്റ്റിസ് പാര്‍ട്ടിയിലൂടെ പ്രധാനമന്ത്രിപദത്തിലെത്തിയ അദ്നാന്‍ മെന്തരീസിന് വധശിക്ഷ നല്‍കിക്കൊണ്ടാണ്തുര്‍ക്കി ഭരണകൂടത്തില്‍ സൈന്യം ഇടപെടലിന് തുടക്കംകുറിക്കുന്നത്. പിന്നീട് അത്രത്തോളം പോയില്ലെങ്കിലുംതെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ സൈന്യം പിരിച്ചുവിട്ട നടപടികള്‍ നിരവധിയാണ്. ജനേച്ഛയുടെ വര്‍ധിതവീര്യവും തുറന്ന ഏറ്റുമുട്ടലുകള്‍ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അടവുതന്ത്രങ്ങളുംയൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതികൂല നിലപാടുകളും കാരണം ഈ പട്ടാളക്കളിയുടെ ശൌര്യപ്രകടനം താരതമ്യേനകുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിന് ആക്കംകൂട്ടുന്ന വളരെ ശ്രദ്ധേയമായൊരു സംഭവം തുര്‍ക്കിയില്‍ ഈയിടെഅരങ്ങേറുകയുണ്ടായി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിമുതല്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ തിരശãീലക്കു പിന്നില്‍നിന്ന് ചരട്വലിച്ചുകൊണ്ടിരുന്ന ഒരു ഗൂഢസംഘം പിടിയിലായതാണ് സംഭവം. 'അര്‍ഗന്‍കോന്‍' എന്ന പേരിലറിയപ്പെടുന്നഈ സംഘമായിരുന്നു സൈനിക അട്ടിമറികളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും പിന്നിലെ ശക്തികേന്ദ്രമെന്ന് വ്യക്തമായിരിക്കയാണ്. കഴിഞ്ഞ ഒക്ടോബര്‍അന്ത്യവാരത്തില്‍ പിടിയിലായ 119 പേര്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ 2500 ഓളം പേജ് വരും. 'അത്താതുര്‍ക്ക്' ^ചിന്തകളുടെ സംരക്ഷണം' എന്ന ബാനറിനു കീഴില്‍ സംഘടിച്ച ഈമാഫിയയുടെ തലപ്പത്ത് അടുത്തൂണ്‍ പറ്റിയ മൂന്ന് ജനറല്‍മാരും ചില വ്യവസായികളും പ്രമുഖനായൊരുപത്രപ്രവര്‍ത്തകനുമൊക്കെ ഉള്‍പ്പെടുന്നു.
തുര്‍ക്കിയിലെ വിശുദ്ധ പശുക്കളാണ് സൈനിക തലപ്പത്തുള്ളവര്‍. അവരെ തൊട്ടുകളിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുംധൈര്യം കാണിക്കാറില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഇരുപതുകള്‍ മുതല്‍ക്കേ തുടരുന്ന അവസ്ഥയാണിത്. ഈകീഴ്വഴക്കത്തിന് വിരുദ്ധമായി മുന്‍ ജനറല്‍മാരെയും സൈന്യത്തിലും പോലിസിലും ഉന്നത തസ്തികകളിലുള്ളവരെയുംഅറസ്റ്റുചെയ്യാന്‍ സൈന്യം അനുമതി നല്‍കുന്നത് ഇതാദ്യമാണ്. തുര്‍ക്കിയുടെ ചിരകാല സ്വപ്നമാണ് യൂറോപ്യന്‍യൂനിയന്‍ അംഗത്വം. രാഷ്ട്രീയ ജീവിതത്തില്‍ സൈന്യത്തിന്റെ റോള്‍ കുറക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍നിബന്ധനവെച്ചതാണ് സൈന്യത്തിന്റെ റോള്‍ ഭരണരംഗത്ത് ചുരുങ്ങിവരാനുണ്ടായ ഒരു കാരണം. ദേശീയസുരക്ഷാ സമിതിയില്‍ സിവില്‍ ഭരണാധികാരികള്‍ക്ക് മുന്‍കൈ ലഭിക്കുന്നത് അങ്ങനെയാണ്. ഇപ്പോള്‍സൈനിക മേധാവികളും പത്രങ്ങളുടെ വിമര്‍ശനത്തിന് പാത്രമാകുന്നുണ്ട്. രാജ്യത്തിന്റെ തെക്കു കിഴക്ക് ഭാഗത്ത്സൈനിക നീക്കങ്ങളുണ്ടായപ്പോള്‍ ചീഫ് ഓഫ് സ്റ്റാഫിനെതിരെ പ്രമുഖ പത്രാധിപരായ അഹ്മദ് അല്‍താഫ്അതിരൂക്ഷമായാണ് പ്രതികരിച്ചത്. അതിര്‍ത്തിയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി താവളങ്ങളെ സൈന്യംആക്രമിക്കുമ്പോള്‍ കരസേനാ മേധാവി ഗോള്‍ഫ് കളിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാന്‍ അല്‍താഫ്ധൈര്യംകാണിച്ചു. ഒരു എഴുത്തുകാരനും മുമ്പ് സൈനിക നക്ഷത്രങ്ങളുടെ നേരെ ഇമ്മട്ടില്‍ ചൂണ്ടുവിരലുയര്‍ത്താന്‍ധൈര്യം കാണിക്കുമായിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പേ 'അര്‍ഗന്‍കോന്‍' മാഫിയ തുര്‍ക്കി രാഷ്ട്രീയത്തില്‍ സംസാരവിഷയമാവാന്‍ തുടങ്ങിയിരുന്നു. മാധ്യമരംഗത്തുള്ള ചിലര്‍ക്കെങ്കിലും അന്നേ സംഘത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും സൈന്യത്തോടുള്ളഭയം കാരണം ആരും തുറന്നെഴുതാന്‍ മുന്നോട്ടുവന്നിരുന്നില്ല. അമ്പതുകള്‍ മുതല്‍ക്കേ പല ബാനറുകളില്‍ ഇവര്‍പ്രവര്‍ത്തിച്ചുപോന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശീതയുദ്ധ കാലത്ത് യൂറോപ്യന്‍ രഹസ്യാന്വേഷകവിഭാഗങ്ങളുമായി സഹകരിച്ച് കമ്യൂണിസ്റ്റുകളെ ഉന്മൂലനംചെയ്യലായിരുന്നു പ്രധാന കാര്യപരിപാടി. ശീതയുദ്ധാനന്തരം തുര്‍ക്കി രാഷ്ട്രീയത്തില്‍ ഇസ്ലാമിക ധാരകള്‍ ശക്തിപ്പെട്ടപ്പോള്‍ വിധ്വംസക വേലകളുടെ മുഖംഅതിന്റെ നേരെയായി.
'റിപ്പബ്ലിക്' പത്രത്തിന്റെ അങ്കണത്തില്‍ കഴിഞ്ഞവര്‍ഷം രണ്ടു ബോംബുകള്‍വെച്ചത് 'അര്‍ഗന്‍കോന്‍' ഗൂഢസംഘമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 'രാഷ്ട്രീയ ഇസ്ലാമി'നോട് വൈരം പുലര്‍ത്തുന്നപത്രമായതിനാല്‍ അന്വേഷണം വഴിതെറ്റിക്കാമെന്ന ഗൂഢോദ്ദേശ്യമായിരുന്നു ഇതിന്റെ പിന്നില്‍. ഇസ്തംബൂളിലെഒരു ഫ്ലാറ്റില്‍നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം പിടികൂടിയ കൂട്ടത്തില്‍ ലഭിച്ച രേഖകളാണ് സൈന്യവുമായുള്ളസംഘത്തിന്റെ ബന്ധങ്ങള്‍ അനാവരണംചെയ്തത്. 1996ല്‍ ഇസ്തംബൂള്‍ നഗരത്തിന്റെ മുന്‍ സുരക്ഷാ തലവനും മുന്‍തുര്‍ക്കി സൌന്ദര്യറാണിയും അവരുടെ കാമുകനും കൊല്ലപ്പെട്ട കാറപകടത്തിനു പിന്നിലും അര്‍ഗന്‍കോന്‍സംഘത്തിന്റെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെടുക്കപ്പെട്ട രേഖകളുടെ സൂചന.
ഈ കേസ് തുമ്പില്ലാതാക്കുന്നതില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയടക്കമുള്ളവരെ സ്വാധീനിക്കാന്‍ മാഫിയക്ക്സാധിച്ചത് സൈന്യത്തിന്റെ പിന്‍ബലം മൂലമാണെന്നാണ് ആരോപണം.
സൈന്യത്തില്‍ വിധ്വംസക ശക്തികള്‍ നുഴഞ്ഞുകയറിയാല്‍ രാഷ്ട്രത്തിന്റെ അടിത്തറയാണ് തകരുക. ജനങ്ങളുംസര്‍ക്കാറും ജാഗ്രത പാലിക്കുക മാത്രമേ അതിന് പോംവഴിയുള്ളൂ. നമ്മുടെ രാജ്യവും സമാന സംഭവങ്ങള്‍ക്കാണ്ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. നിഷ്കൃഷ്ടമായ അന്വേഷണത്തിലൂടെ മുളയിലെ അത് നുള്ളിക്കളഞ്ഞില്ലെങ്കില്‍ രാഷ്ട്രത്തിന്റെ ദൃഢഗാത്രം ശിഥിലമായിപ്പോകും.
കടപാട് : മാധ്യമം ന്യൂസ് പേപ്പര്‍
