Friday, October 09, 2009

ശശി തരൂരിന്‌ മഗ്സാസെ അവാര്‍ഡ്

റ്റിറ്ററിലൂടെ ജനങ്ങളെ സേവിക്കുമെന്ന ധീരമായ നിലപാടും കഠിനമായ മറ്റ് പ്രായോഗിക നിലപാടുകളും പരിഗണിച്ച് ശശി തരൂരിന്‌ മഗ്സാസെ അവാര്‍ഡ് നല്‍കാമെന്ന് ഇന്ത്യാ ഗവണ്മന്റ് ഫിലിപൈന്‍സ് ഗവണ്മന്റിനോട് അഭ്യര്‍ഥിക്കുമെന്ന് കേള്‍ക്കുന്നു. സമഗ്ര സാഹിത്യ സംഭാവനക്ക് ജ്നാന‍പീഠം,
എകണോമി ക്ലാസില്‍ സമാധാനത്തോടെ യാത്ര ചെയ്തതിന്‌ ഗാന്ധി സമാധാന അവാര്‍ഡ്, റ്റിറ്ററിലൂടെ നാഷണല്‍ ഇന്റഗ്രേഷന്‍ അസൂയാവ‍ഹമായ തരത്തില്‍ ഒപ്പിച്ചെടുത്തതിന്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡ് , റ്റിറ്ററിലൂടെ തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെയും, വിദേശത്ത് അറബിയുടെ ആടിനെ മേച്ചും ലിഫ്റ്റ് ടെക്നോളജി പഠിച്ച് ഉന്നതങ്ങളില്‍ ജോലി ചെയ്യുന്നവന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും പരിഗണിച്ച് കര്‍മ്മവീര്‍ പുരസ്കാരവും എന്നിവയും നല്‍കാവുന്നതാണ്‌. എകണോമി ക്ലാസില്‍ കന്നുകാലിക്ക് സമാനം യാത്ര ചെയ്ത് കൂടെ യാത്ര ചെയ്ത ഇരുകാലി ഇന്ത്യന്‍ ഫൂള്‍സില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ ഒന്നും വരാതിരുന്നത് പരിഗണിച്ച് പ്രത്യേക ആരോഗ്യ അവാര്‍ഡ്  ശരത് പവാറിനും തരൂരിനും പങ്കിട്ടു കൊടുക്കാനും തീരുമാനിക്കാം. പ്രത്യേക രാഷ്ട്രീയ പരിചയമോ, ജനസേവനം പോലുള്ള തോന്ന്യാസങ്ങളോ ചെയ്യാതെ തന്നെ തിരുവനന്തപുരത്ത് മല്‍സരിച്ചതും, മാന്യ ദേഹത്തെ വിജയിപ്പിച്ചതും പരിഗണിച്ച് തിരോന്തരക്കാരുക്കും തരൂരിനും ഇത്തവണത്തെ ദേശീയ ധീരതാ അവാര്‍ഡ് പങ്കിട്ടെടുക്കാം.
പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ഈ 'ജന' നേതാവിന്‌ ചെറുതായി പോകുമൊ എന്ന് കരുതി ഇത്തവണത്തെ ഭാരത രത്ന തന്നെ ഇയാള്‍ക്ക് നല്‍കാമെന്ന് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കുറച്ച് കാലമായി ഭാരത രത്ന നല്‍കാന്‍ ഇന്ത്യാ മഹാരാജ്യത്ത് ആളെ കിട്ടാനില്ലായിരുന്നു. കമ്മിറ്റിക്കാര്‍ കട്ടന്‍ ചായ ഒരു പാട് കുടിച്ചു പിരിഞ്ഞിട്ടും ഇന്ത്യന്‍ രത്നമായി തിളങ്ങാന്‍ ആളില്ലാതായപ്പോള്‍, നമ്മുടെ വാജ്പേയി സാഹിബിന്‌ കൊടുത്താലോ എന്ന് കരുതിയിരുന്നതായിരുന്നു. അദ്ദേഹം ഇന്ത്യയെ മൊത്തത്തില്‍ തിളക്കി പണി നഷ്ടപ്പെട്ട ആളാണെന്ന പരിഗണനയും ഉണ്ടായിരുന്നു.
ഇത്തവണ അത്തരം കണ്‍ഫ്യൂഷനുകള്‍ ഒന്നും ഉണ്ടായില്ല. ഐക്യകണ്ഠേന ആയിരുന്നു തീരുമാനം. തരൂര്‍ സാറ് ആയതു കോണ്ട് മന്മോഹന്‍ സാറിനും സമാധാനം ഉണ്ട്. യജമാനന്‍ കണ്ണുരുട്ടില്ലാല്ലോ...
അനുമോദനങ്ങള്‍ മിസ്റ്ററ് തരൂര്‍, അനുമോദനങ്ങള്‍ മിസ്റ്റര്‍ ബരാക്ക് ഒബാമ.

ഗാന്ധിജിക്ക്‌ കിട്ടാത്തത്‌ ഒബാമക്ക്‌ കിട്ടി

സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരോട്‌ സഹന സമരം നടത്തി ഭാരതത്തെ വിദേശ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച ഗാന്ധിജിക്ക്‌ കിട്ടാത്ത സമാധാന പുരസ്കാരം ഇന്നലെ വന്ന, ഒന്നു രണ്ട്‌ ഗിരി പ്രഭാഷണങ്ങള്‍ മാത്രം നടത്തി കൈയ്യടി നേടിയ ബരാക്ക്‌ ഒബാമക്ക്‌ കിട്ടി.

കൊള്ളാം!!!

മുമ്പ് നാട്ടിന്‍ പുറത്ത്‌ ഉത്സവത്തിന്‌ ആളു കൂടാന്‍ പ്രധാന മെയ്‌ വഴക്കക്കാരനെ കൊണ്ട്‌ അഭ്യാസം നടത്തിച്ച്‌ അവന്‌ ഒരു ആദരവും നല്‍‍കുമായിരുന്നു. ഒബാമയെ എഴുനള്ളിച്ച്‌ അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ ലോകം അങ്ങനെ ലോകത്തിന്റെ സമാധാന പാലകരായി.
നോബല്‍ സമ്മാന കമ്മിറ്റിക്കും വേണ്ടത്‌ പബ്ലിസിറ്റി തന്നെ.

Thursday, October 08, 2009

നയാഗ്രയിലെ ദിവസങ്ങള്‍




   വന്യമായ ആവേശത്തോടെ ഒഴുകുന്ന നയാഗ്ര പെട്ടെന്ന് കോപിഷ്ടയായി കുതിച്ച്‌ ചാടി താഴെ പാറക്കെട്ടുകളോട്‌ അരിശം തീര്‍ത്ത്‌ മുത്തു മണികളായി ചിതറി മീറ്ററുകള്‍ക്കപ്പുറം വരെ കോള്‍മയിര്‍ കൊള്ളിക്കുന്ന നയനാനന്ദകരമായ കാഴ്ച് ഒരല്‍ഭുത ലോകത്തെന്ന പോലെ വീക്ഷിക്കുകയാണ്‌ ഞങ്ങള്‍. നയാഗ്രയിലെ അമേരിക്കന്‍ ഫാള്‍സ്‌ എന്ന വെള്ളച്ചാട്ടത്തിന്റെ പതന പ്രദേശത്ത്‌ മേയ്ഡ്‌ ഓഫ്‌ മിസ്റ്റ്‌ ബോട്ട്‌ യാത്രക്ക്‌ ഒരുങ്ങി എത്തിയതായിരുന്നു ഞങ്ങള്‍ അഞ്ചു പേര്‍.

കാനഡയിലെ ഒന്റാറിയോ സംസ്ഥാനത്തെയും, അമേരിക്കയിലെ ന്യൂയോക്ക്‌ സംസ്ഥാനത്തെയും നയാഗ്രന്‍ നദിക്ക്‌ മുകളില്‍ ബന്ധിപ്പിക്കുന്ന റയിന്‍ബോ ബ്രിഡ്‌ജ്‌ എന്ന അന്താരാഷ്ട്ര പാലത്തിന്‌ താഴെ കൂടിയാണ്‌ ആവേശകരമായ ഈ ബോട്ട്‌ യാത്ര. അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്ര വെള്ളച്ചാട്ടത്തിന്റെ നേര്‍ താഴ്ഭാഗം വരെയെത്തും. നയാഗ്ര സന്ദര്‍ശിക്കുന്ന ആര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒരിനമാണ്‌ 'മെയ്ഡ്‌ ഓഫ്‌ മിസ്റ്റ്‌'.യാത്ര തുടങ്ങിക്കഴിഞ്ഞു.
നനയാതിരിക്കാന്‍ എല്ലാവരും നീല നിറത്തിലുള്ള പ്രത്യേക ജാക്കറ്റ്‌ ധരിച്ചിട്ടുണ്ട്‌. വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തുന്തോറും തെറിച്ചു വീഴുന്ന ജലകണങ്ങള്‍ക്ക്‌ കരുത്ത്‌ കൂടി വരുന്നു. ആഞ്ഞു തറക്കുന്ന വെള്ളത്തുള്ളികള്‍ പറന്നു വരുന്ന ബുള്ളറ്റുകളെ ഓര്‍മ്മപ്പെടുത്തും. കാമറയെടുത്ത്‌ അവാച്ച്യമായ ആ അനുഭൂതിയെ പകര്‍ത്താനൊരു വ്യഥാ ശ്രമം നടത്തി. പക്ഷേ ആരോടോ അരിശം തീര്‍ക്കനെന്ന പോലെ നയാഗ്രയിലെ വെള്ളത്തുള്ളികള്‍ ഉന്നതങ്ങളില്‍ നിന്ന് നിപതിച്ച്‌ കരിമ്പാറകളോട്‌ മല്ലിട്ട്‌ ശരമഴയായി എത്തുമ്പോള്‍ കാമറക്കണ്ണുകള്‍ തോറ്റ്‌ പിന്മാറുകയേ ഉള്ളൂ.

ബോട്ട്‌ യാത്ര കഴിഞ്ഞപ്പോഴേക്ക്‌ ആകെ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു. ഇത്തിരി നേരം ഇളം വെയിലേറ്റ്‌ വശ്ശ്യമായി നിപതിക്കുന്ന ജലപ്പ്രവാഹത്തെ വീക്ഷിച്ച്‌ ചാരു ബെഞ്ചിലിരുന്നു. ജലപാതത്തിന്റെ അരികു വശത്തു കൂടെ കുറച്ച്‌ മുകളിലേക്ക്‌ കയറിയാല്‍ ഒരു കൊച്ച്‌ പ്ലാറ്റ്‌ഫോര്‍മില്‍ എത്തും. തെറിച്ചു വീഴുന്ന ജലകണികകള്‍ തിരുവാതിര ഞാറ്റുവേലയെ ഓര്‍മിപ്പിക്കും വിധം മഴയായി രൂപാന്തരപ്പെടുന്നതിവിടെയാണ്‌.
മുഴുസമയവും തിമര്‍ത്തു പെയ്യുന്ന ഇടമുറിയാ മഴ !!!. സുന്ദരമായ ആ മഴക്കുളി അനുഭവിച്ചാസ്വദിക്കാതിരിക്കാന്‍ മലബാറിന്റെ ഇങ്ങേ അറ്റത്ത്‌ ഉടക്കി നിന്നിരുന്ന ഗ്രാമീണ മനസ്സ്‌ അനുവദിച്ചില്ല. അഞ്ച്‌ പേരും ധരിച്ച വസ്ത്രങ്ങളപ്പാടെ തന്നെ ആ മഴയിലേക്കിറങ്ങി.

റയിന്‍ബോ ബ്രിഡ്‌ജ്‌

നട്ടുച്ച കത്താന്‍ തുടങ്ങിയപ്പോള്‍ വയറിനകത്ത്‌ വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു.നന്നായി മനസ്സറിഞ്ഞ്‌ ഒരു ഉച്ച ഭക്ഷണം കഴിക്കാന്‍ കൊതിയായി. അമേരിക്കയില്‍ എത്തിയതു മുതല്‍ മനസ്സിനുള്ളില്‍ വിങ്ങി കൊണ്ടിരിക്കുന്ന വികാരം ഇത്തിരി ഉറക്കെ പുറത്ത് വന്നു പോയി.

'എനിക്കൊരു ഹലാല്‍ ഭക്ഷണം കഴിക്കണം'

അമേരിക്കന്‍ ജീവിതത്തിന്റെ ആദ്യ കാലത്ത്‌ ഭക്ഷണം ഒരു പ്രധാന പ്രശ്നമായിരുന്നു. നാക്കിന്‌ ശീലിക്കാത്ത ഹോട്ട്‌ ഡോഗ്‌, ബര്‍ഗറും കഴിക്കുന്നതിലപ്പുറം മന:പ്രയാസം അതില്‍ ഉപയോഗിക്കുന്ന ചിക്കനും ബീഫും ഹലാല്‍ അല്ലെന്നുള്ള അറിവായിരുന്നു. പരമാവധി ഒഴിഞ്ഞു നില്‍കാന്‍ ശ്രമിച്ചാലും, യാത്രകളില്‍ അതെപ്പോഴും പ്രായോഗികമാവണമെന്നില്ല.
അമേരിക്കയിലെ വെജിറ്റേറിയന്‍ എന്നെ സമ്പന്ധിച്ചിടത്തോളം കുറെ ഇലകളും പൂവും പിന്നെ ധാരാളമായി ബട്ടറും ആയിരുന്നു.
ഈ ഭക്ഷണങ്ങളുടെ ചീര്‍ത്ത മുഖം കാണുമ്പഴേ വിശപ്പ്‌ അവസാനിച്ചു പോകും. ബിസ്മി ചൊല്ലി, കിട്ടിയ ഭക്ഷണത്തില്‍ പന്നിയിറച്ചി ഇല്ലെന്നുറപ്പു വരുത്തി കഴിക്കല്‍ മാത്രമാണ്‌ പിന്നെ ആകെയുള്ള വഴി.
എല്ലാ ആഴചാവസാനങ്ങളിലും കാഴ്ച കാണാന്‍ വണ്ടിയെടുത്ത്‌ ഇറങ്ങുന്ന ഞങ്ങള്‍ക്ക്‌, എത്തുന്നിടത്തെ കൊച്ചു ഹോട്ടലുകളില്‍ കിട്ടുന്ന ഭക്ഷണം കഴിക്കുകയല്ല്ലാതെ വേറെ നിവര്‍ത്തിയില്ല. കഴിഞ്ഞ രണ്ട്‌ മാസങ്ങളായി നിരന്തരം തുടരുന്ന ഈ നിവൃത്തികേട്‌ ഭക്ഷണത്തോട്‌ തന്നെ വിരക്തി തോന്നുന്ന അവസ്ഥയിലേക്ക്‌ വളര്‍ന്ന നേരത്താണ്‌ തികച്ചും അവിചാരിതമായി നയാഗ്രയിലേക്കുള്ള ഈ യാത്ര ഉണ്ടാകുന്നത്‌.
ജീവിതത്തിലെ വിദൂര സ്വപ്നങ്ങളില്‍ പോലും കടന്നു വരാതിരുന്ന നയാഗ്രയുടെ വശ്യ മനോഹര രൂപം ഇതാ ഇവിടെ അതിന്റെ മുഴുവന്‍ സൗന്ദര്യവും സിരകളില്‍ ആവാഹിച്ച്‌ പീലി വിടര്‍ത്തി നിന്നാടുന്നു. സ്വന്തം കണ്ണുകളേയും മനസ്സിനേയും വിശ്വസിക്കാനാവാത്ത അപൂര്‍വ്വ നിമിഷങ്ങള്‍.

മധുവിധുവിന്റെ ആദ്യ നാളുകളില്‍, ഇത്തിരി കാലത്തേക്കാണെങ്കില്‍ പോലും, പറിച്ചെറിയപ്പെട്ട പ്രവാസിയായി അന്യ നാട്ടിലെത്തി അവിടുത്തെ പ്രകൃതിയോടും സാമൂഹ്യന്തരീക്ഷത്തോടും ഇണങ്ങാന്‍ ശ്രമിക്കുമ്പോള്‍ ലഭിച്ച അസുലഭ സൗഭാഗ്യത്തെ ദൈവിക വരദാനമായല്ലാതെ കാണാന്‍ വയ്യ. മനസ്സിന്റെ വിങ്ങലുകളും, ഒറ്റപ്പെടലിന്റെ സ്വകാര്യ നൊമ്പരങ്ങളും നയാഗ്രയുടെ വിശ്രുത സൗന്ദര്യത്തിന്‌ മുന്നില്‍ അലിഞ്ഞു പോയി.
  അങ്ങിങ്ങായി കാണപ്പെട്ട തലമറച്ച സ്ത്രീകളാണ്‌ മനസ്സിനകത്തേക്ക്‌ ഹലാല്‍ ഭക്ഷണത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചു വിളിച്ചത്‌. പാകിസ്താനി-അറബ്‌ മുഖങ്ങളാണധികം. അടക്കിപ്പിടിച്ച ആഗ്രഹം ഔചിത്യലേശമന്യേ പുറത്തു വന്നത്‌ പ്രജീഷിന്റെ പ്രതികരണത്തില്‍ പതറിപ്പോയി.

'തന്റെ ഹലാല്‍ ഒന്നും ഇവിടെ കിട്ടില്ല മച്ചോ...'

പ്രതീക്ഷിക്കാത്ത പലതും അവിചാരിതമായി ലഭിച്ച ആത്മ വിശ്വാസത്തില്‍ മനസ്സില്‍ തൊട്ടടുത്തോരു ഹലാല്‍ ഭക്ഷണ ശാല മണത്തു. നേരത്തെ കണ്ട തലമറച്ച സ്ത്രീ മുഖങ്ങളെ പിന്‍തുടര്‍ന്നാല്‍ ഉദ്ദേശിച്ച ഹോട്ടല്‍ കണ്ടെത്താനാവുമെന്ന നിഷ്കളങ്ക ചിന്തയില്‍, നയാഗ്രയിലെ കാഴ്ച്ചകളെ മറന്നു പോയി ഞാന്‍.

ഞങ്ങളിപ്പോള്‍ ഗോട്ട്‌ ഐലന്റിലെത്തിയിരിക്കുന്നു. നയാഗ്രന്‍ നദി വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നതിന്‌ മുന്‍പ്‌ രണ്ടായി പിരിഞ്ഞ്‌ ഒന്ന് ഹോഴ്സ്‌ ഷൂ വെള്ളച്ചാട്ടമായും മറ്റേത്‌ പൂര്‍ണ്ണമായി അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അമേരിക്കന്‍ ഫാള്‍സുമായി മറുന്നുണ്ട്‌.  ഈ വഴിപിരിയല്‍ മൂലം രൂപാന്തരപ്പെട്ട ഒരു ചെറു ദ്വീപാണ്‌ ഗോട്ട്‌ ഐലന്റ്‌.

രണ്ട്‌ ജലപാതങ്ങളെയും ചേര്‍ത്ത്‌ പിടിച്ചെന്നവണ്ണം നില്‍കുന്ന ഈ ദ്വീപ്‌ നിറയെ വിവിധ കച്ചവട സ്ഥാപനങ്ങളാണ്‌. എവിടെ നോക്കിയാലും മക്ക്‌ ഡോണാള്‍ഡും, സബ്‌വേയും വെന്റീസും മാത്രം. കത്തുന്ന വിശപ്പിനെ എന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി അവഗണിക്കുകയാണെന്റെ കൂട്ടുകാര്‍.
 
പിന്തുടര്‍ന്നിരുന്ന മുഖങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാവുന്നു. നൈരന്തര്യം നഷ്ടപെട്ട അന്വേഷണം മറ്റൊന്നില്‍ നിന്ന് പുനരാരംഭിക്കുന്നു. അന്വേഷണത്തിന്റെ നീളം വര്‍ദ്ദിക്കുന്തോറും അസ്വസ്ഥതക്ക്‌ കനം വെക്കുന്നു.തൊട്ടടുത്ത സബ്‌വേ റസ്റ്റാറണ്ടിനകത്തെ കാഴ്ച്ച എല്ലാ പ്രതീക്ഷകളുടേയും അവസാനമായിരുന്നു. എന്റെ പ്രതീക്ഷയായിരുന്നു തല മറച്ച സ്ത്രീകള്‍ സബ്‌വേയിലെ ചാരു ബെഞ്ചിലിരുന്ന് ചിക്കന്‍ ബര്‍ഗര്‍ രണ്ട്‌ കയ്യിലും പിടിച്ച്‌, തൊട്ടടുത്ത കൊക്കക്കോളയെ സാക്ഷിയാക്കി നുണയുന്നു!!!.

  ഒരു ഉള്‍വിളിയുടെ കച്ചിത്തുരുമ്പില്‍ ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു. വിശപ്പ്‌ എല്ലാവരേയും കീഴടക്കുമെന്നായപ്പോഴാണ്‌ നയാഗ്രയുടെ എറ്റവും വലിയ ആകര്‍ഷണമായ ഹോഴ്സ്‌ ഷൂ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ ഒരു കൊച്ചു തട്ടുകടയില്‍ ആനിയെ കണ്ടത്‌. വിനോദ സഞ്ചാരികള്‍ക്ക്‌ നയാഗ്രയുടെ ചിത്രം പതിച്ച തൊപ്പി, പേന തുടങ്ങിയവ വിറ്റ്‌ ഉപജീവനം നടത്തുന്ന പെണ്‍കുട്ടിയാണ്‌ ആനി. സായിപ്പിന്റെ തുടുത്ത മുഖമല്ല അവള്‍ക്ക്‌. ഇത്തിരി മെലിഞ്ഞ്‌ വിളര്‍ത്ത മുഖമുള്ള അവള്‍ ഒരു ഏഷ്യന്‍ വംശജയാവാനെ വഴിയുള്ളൂ.

അവളുടെ തട്ടുകടയില്‍ നിന്ന് താല്‍കാലികാശ്വാസത്തിന്‌ ഓറഞ്ച്‌ ജൂസ്‌ വാങ്ങി കുടിക്കവെ, കൂട്ടത്തിലെ നേതാവ്‌ കോശി തൊട്ടടുത്ത പ്രധാന കാഴ്ചകളെ കുറിച്ച്‌ തിരക്കി. വളരെ ആവേശപൂര്‍വ്വം അവള്‍ നയാഗ്രയുടെ പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ഭത്തിന്‌ പറ്റിയ സമയവും മറ്റും പറഞ്ഞു തന്നു. വര്‍ണ്ണ പ്രഭ പൂരിതമായി അലങ്കരിക്കപ്പെടുന്ന ജലപാതത്തെ കാണാന്‍ വൈകുന്നേരം വരെ കാത്തിരിക്കണം, ആനി തുടര്‍ന്നു.
  സംസാരമധ്യ ഒത്തു കിട്ടിയ ഇടവേളയില്‍ പ്രതീക്ഷ ലേശമന്യേ ഞാന്‍ ചോദിച്ചു, യു നോ അനി വേര്‍ ഹലാല്‍ ഫൂഡ്‌ അവൈലബിള്‍ ഹിയര്‍ ?(ഹലാല്‍ ഭക്ഷണം ലഭ്യമാകുന്ന വല്ല സ്ഥലവും അറിയുമൊ). ഇത്തരം ചോദ്യങ്ങളില്‍ എന്നിക്കിപ്പൊള്‍ സങ്കോചം തോന്നാറില്ല. നമുക്കാവശ്യമുള്ള വിവരങ്ങള്‍ ചോദിച്ചെങ്കിലേ അറിയൂ എന്ന സാമാന്യ ജ്ഞാനം ഞാന്‍ ഇവിടുത്തെ ജീവിതത്തിനിടക്ക്‌ നേടിയെടുത്തിരുന്നു.
 
ആനിയുടെ മുഖം തിളങ്ങി.പെട്ടെന്ന് അവള്‍ ഒരു ബിസിനസ്സ്‌ കാര്‍ഡ്‌ എടുത്ത്‌ അതില്‍ മോശമായ കയ്യക്ഷരത്തില്‍ ആനി എന്നെഴുതി എനിക്ക്‌ തന്നു. ഞാന്‍ കാര്‍ഡ്‌ വാങ്ങി വായിച്ചു, 'മൊബൈല്‍ ഹലാല്‍ ഫൂഡ്‌'!!!

  ആ വിസിറ്റിംഗ്‌ കാര്‍ഡ്‌ എന്നെ ഉലകം ജയിച്ച അവസ്ഥയില്‍ എത്തിച്ചു. ഞാന്‍ തേടുന്ന ഹലാല്‍ ഭക്ഷണം, ഇവിടെ, വിശ്വ പ്രസിദ്ധമായ നയാഗ്രയുടെ മുറ്റത്ത്‌ കിട്ടുമെന്ന അറിവ്‌ എന്നെ ചെറിയൊരു അഹങ്കാരിയാക്കി മാറ്റി. ഞാന്‍ ഒരു നിമിഷം സ്വപ്ന ലോകത്തിലെക്ക്‌ തീര്‍ഥ യാത്ര പോയി.മക്ക്ഡോണാള്‍ഡിനേയും, സബ്‌വേയേയും വെല്ലുന്ന പടുകൂറ്റനൊരു മൊബൈല്‍ ഹലാല്‍ റസ്റ്റാറണ്ട്‌ എന്റെ മുന്നില്‍ തെളിഞ്ഞു. നിറയെ വിഭവങ്ങള്‍ വിളമ്പിയ തീന്‍ മേശകളും, ആവി പാറുന്ന ബിരിയാണികളും കൊണ്ട്‌ അവിടം നിറഞ്ഞു. തിരക്കിട്ട്‌ ഓടുന്ന സപ്ലയര്‍മാരും അക്ഷമരായ അഥിതികളും , എന്റെ മനസ്സ്‌ ഹര്‍ഷപുളകിതമായി.

കൈ കാലുകള്‍ക്ക്‌ പുത്തനുണര്‍വ്വ്‌ കൈ വന്നു. വയറിനകത്ത്‌ വിശപ്പ്‌ തിരിച്ചു വന്നു. അവാച്യമായ വികാരങ്ങളാല്‍ ഞാന്‍ സ്വപ്ന ലോകത്ത്‌ നിലയുറപ്പിച്ചു.

ആനി താങ്ക്സ്‌ പറഞ്ഞപ്പോളാണ്‌ ഞാന്‍ സ്വപ്നം വിട്ട്‌ മണ്ണിലെത്തിയത്‌. തിരിച്ചു ആത്മാര്‍ഥമായ നന്ദി പ്രകാശിപ്പിച്ച്‌ ഞങ്ങള്‍ നടന്നു നീങ്ങി.ഉച്ച അസ്തമിക്കാറായിരിക്കുന്നു. ഇനിയും ഒരു നടത്തം വയ്യ. തൊട്ടടുത്ത സബ്‌വെ റസ്റ്റാറന്റിന്റെ ചാരു ബഞ്ചിലേക്ക്‌ ഞങ്ങള്‍ അഞ്ച്‌ പേരും മടങ്ങി. കോശി, പ്രജീഷ്‌, ദീപു സജോ പിന്നെ ഞാനും.
 

നയാഗ്രയിലെ രണ്ടാം ദിവസം പിറന്നത്‌ തന്നെ എന്റെ ഭക്ഷണ അന്വേഷണത്തിനെന്ന വണ്ണമായിരുന്നു എന്റെ തിടുക്ക പ്രകടനങ്ങള്‍. നയാഗ്രയിലെ കനത്ത ഹോട്ടല്‍ വാടക, അമ്പത്‌ ഡോളറിന്റെ ഡയിലി അലവന്‍സുകാരായ ഞങ്ങള്‍ക്ക്‌ ഇത്തിരി കനത്തതായിരിക്കുമെന്നതിനാല്‍ ഒന്നര മണിക്കൂറിന്റെ യാത്രാ ദൈര്‍ഘ്യമുള്ള ബഫലോയിലെ ഹോട്ടല്‍ ഹോംസ്റ്റ്ഡിലായിരുന്നു ഞങ്ങളുടെ താമസം. (ഹ്രസ സന്ദര്‍ശകര്‍ക്ക്‌ നാട്ടില്‍ ശമ്പളവും, അമേരിക്കയില്‍ വാഹനം, താമസം പിന്നെ 50 ഡോളര്‍ അലവന്‍സും എന്നതായിരുന്നു സീമന്‍സിന്റെ രീതി).കീശയില്‍ ഭദ്രമായി സൂക്ഷിച്ച mobile halal food ന്റെ കാര്‍ഡുണ്ട്‌.വികൃതമായ കൈ അക്ഷരത്തില്‍ കാര്‍ഡിന്റെ വലത്തെ മൂലയില്‍ ആനി എന്ന എഴുത്ത്‌ ഞാന്‍ പലയാവര്‍ത്തി വായിച്ചു.

  ഉച്ചയായപ്പോഴേക്കും ഞങ്ങള്‍ റസ്റ്റാറണ്ട്‌ തേടിയിറങ്ങി. അമേരിക്കന്‍ ഫാള്‍സിനടുത്തെവിടെയോ ആണതെന്ന് കാര്‍ഡിലെ അഡ്രസില്‍ നിന്നറിയാം. അന്വേഷണ നടത്തത്തിന്നിടക്ക്‌ വഴിയരികില്‍ കണ്ട ഇന്ത്യന്‍ റസ്റ്റാറണ്ടുകളില്‍ കണ്ണുകള്‍ ഉടക്കി. മസാല ദോശയുടെ വലിയ ചിത്രങ്ങള്‍ ഞങ്ങളെ മാടി വിളിക്കുന്നു.ചില്ലു ജാലകങ്ങളാല്‍ സമൃദ്ധമായ ഭോജന ശാലകളിലെ മേശപ്പുറത്ത്‌ സുന്ദരമായ വിരിയകള്‍ വിരിച്ചിട്ടുണ്ട്‌. മങ്ങിയ വെളിച്ചത്തില്‍ സ്ഫടിക പാത്രങ്ങള്‍ തിളങ്ങുന്നു. ഡോളറുമായി വരുന്ന ഇന്ത്യക്കാരനേയും, ഇന്ത്യന്‍ ഭഷണത്തിന്റെ ആസ്വാദകരായ സ്വദേശികളേയും മറ്റു വിദേശികളേയും കാത്തിരിക്കുന്ന വൃത്തിയുള്ള ഭക്ഷണ ശാലകള്‍ നിറഞ്ഞ റോഡിലൂടെ ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു.


ഞാന്‍ സ്വപ്ന സഞ്ചാരത്തില്‍ നിന്ന് പൂര്‍ണമായി മോചിതനായിരുന്നില്ല. സുന്ദരമായ ഒരു റസ്റ്റാറന്റും ചിത്രപ്പണികള്‍ ചെയ്ത വിരികള്‍ക്ക്‌ മുകളിലെ സ്ഫടിക പാത്രങ്ങളും, അവയില്‍ നിറച്ചു വെച്ച ചിക്കന്‍ കഷണങ്ങളും മാത്രമാണ്‌ എന്റെ മനസ്സില്‍. റോഡരിലിലുള്ള ഓരോ നാമഫലകങ്ങളും എന്റെ കൂട്ടുകാര്‍ ആര്‍ത്തിയോടെ വായിക്കുന്നുണ്ട്‌. യാത്രയുടെ അവസാനത്തിലെ രൂചി ലോകമാണ്‌ അവരേയും നയീക്കുന്നതെന്ന് വ്യക്തം.
 
പ്രധാന നിരത്ത്‌ അവസാനിക്കാറായി. ഇനിയും ഞങ്ങളുടെ ഭക്ഷണ ശാല മാത്രം കാണാനായിട്ടില്ല. മനസ്സില്‍ അസ്വസ്ഥത നിറഞ്ഞു. മനക്കോട്ടകള്‍ തകരുന്നതായി തോന്നി തുടങ്ങി.
 
ആനി ചതിച്ചോ ?

 
പ്രജീഷ്‌ ആണത്‌ കണ്ടത്‌. അല്‍പം അകലെ ഒരു കൊച്ചു ബോര്‍ഡില്‍ ഹലാല്‍ ഫൂഡ്‌ എന്നെഴുതി വെച്ചിരിക്കുന്നു. ബോര്‍ഡിനോട്‌ ചേര്‍ന്ന് റോഡരുകില്‍ ഒരു വെളുത്ത വാന്‍ പാര്‍ക്ക്‌ ചെയ്തിട്ടുണ്ട്‌. അതിനു മുന്നില്‍ ഒരു കൊച്ചു കൂടാരം ഒരുക്കിയിട്ടുണ്ട്‌. കൂടാരത്തിനകത്ത്‌ ചേര്‍ത്ത്‌ വെച്ച രണ്ട്‌ മേശകളും അതിനൊത്ത്‌ കസേരകളും. mobile halal foodന്റെ ചിത്രം പൂര്‍ണമായി!!!.

ഒമ്പത്‌ ഡോളര്‍ കൊടുത്ത്‌ ഓരോ ചിക്കന്‍ ബിരിയാണി വാങ്ങി കസേരയില്‍ ഇരുന്നു കഴിക്കുമ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരുടെ കാലുകള്‍ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. ആ മുഖങ്ങള്‍ കാണാന്‍ എന്റെ വിശപ്പും നാണവും എന്നെ അനുവദിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ആ ബിരിയാണിയുടെ സ്വാദ്‌ ഞാന്‍ മറന്നിട്ടില്ല. 9 ഡോളര്‍ മാത്രമായിരുന്നില്ല അതിനു കാരണം. മുകളില്‍ വിവരിച്ച എല്ലാം അതിന്ന് കാരണമായിരുന്നു
 

Notes :

* ദൈവ നാമത്തില്‍ അറുക്കുന്നതിനാണ്‌ ഹലാല്‍ കട്ട് എന്ന് പറയുന്നത്. മുസ്‌ലിങ്ങള്‍ ഭക്ഷണ കാര്യത്തില്‍ പുലര്‍ത്തുന്ന പ്രധാന നിഷ്കര്‍ഷകളില്‍ പെട്ട ഒന്നാണിത്. കൂടാതെ പന്നി, സ്വയം വേട്ടയാടുന്ന മൃഗങ്ങള്‍, തേറ്റയുള്ള മൃഗങ്ങള്‍ എന്നിവയും ഹലാല്‍ ഭക്ഷണത്തില്‍ പെടില്ല