Wednesday, December 03, 2008

കപ്പ മോഷ്ടാവ് (പൂള കള്ളന്‍)

ഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ചേന്ദമംഗല്ലൂര്‍ GMUP സ്കൂളില്‍ ഇപ്പോള്‍ പുതുതായി നിര്‍മിച്ച ബഹു നില കെട്ടിടത്തിന്റെ സ്ഥാനത്ത്‌ അന്നൊരു ഓല ഷെഡ്‌ മാത്രമായിരുന്നു. സ്കൂളില്‍ ആകെ മൂന്ന് ഓല ഷെഡുകളാണ്‌ ഉണ്ടായിരുന്നത്‌. ഒന്നു 7 C എന്ന സലാം മാസ്റ്ററുടെ സ്വന്തം ക്ലാസ്സ്‌ ഉള്‍പ്പെടുന്ന ഗ്രൗണ്ടിനോട്‌ ചേര്‍ന്ന രണ്ട്‌ മുറി ഷെഡ്‌. പിന്നെ അതിന്‌ അഭിമുഖമായി, ഹെഡ്‌ മാസ്റ്ററുടെ റൂമിനും കിണറിന്നും അരികില്‍ നിന്ന് തുടങ്ങി സാമി മാര്‍ക്ക്‌ പപ്പടത്തിന്റെ അടുത്തെത്തുന്ന വലിയൊരു ഷെഡ്‌. ദിവംഗതനായ കൃഷ്ണന്‍ കുട്ടി മാസ്റ്ററുടെ 4 -A യും ഒക്കെ അതിലായിരുന്നു. മൂന്നാമത്തേത്‌ ഉച്ച ഭക്ഷണത്തിന്നായി ചോറും പയറും തയ്യാറാക്കുന്ന താത്തയുടെ ഒറ്റ മുറി ഓലഷെഡും. അത്‌ ക്രാഫ്റ്റ്‌ നമ്പൂരി മാഷുടെ ചര്‍ക്കയും നൂലുമൊക്കെ വെക്കുന്ന റൂമിനോട്‌ ചേര്‍ന്നിട്ടുമായിരുന്നു.

ഈ മൂന്ന് ഷെഡും, ഹെഡ്‌ മാസ്റ്ററുടെ റൂമും സ്റ്റാഫ്‌ റൂമും ഉള്‍കൊള്ളുന്ന സ്കൂളിന്റെ പ്രധാന ബ്ലോക്കും ചേരുമ്പോള്‍ ഒരു നാലുകെട്ടിന്റെ പ്രതീതിയായിരിക്കും. മുമ്പത്തെ ഏതോ ഗാന്ധി ജയന്തി നാളില്‍ നട്ട ആര്യവേപ്പ്‌ തൈകള്‍ ഈ നാലുകെട്ടിന്റെ നടുക്കായി വളരുന്നുണ്ടായിരുന്നു. ഈ തൈകള്‍ക്കിടയിലൂടെയാണ്‌ ഉസ്മാന്‍ മാഷ്‌ മുമ്പ്‌ നിഷാദിനെ ഓടിച്ചിട്ട്‌ തല്ലിയത്‌. മടിയുടെ ഉത്തമ സ്വരൂപവും തരികിടയുടെ ഉസ്താദുമായിരുന്നു നിഷാദ്‌. ഹോസ്റ്റലില്‍ നിന്ന് സ്കൂളിലേക്ക്‌ അവന്‍ വരുന്നത്‌ തന്നെ, അന്ന് വാങ്ങി വെക്കാനുള്ള അടിയുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കിയായിരിക്കും.

ഹെഡ്‌ മാസ്റ്ററുടെ മുറിയിലെ ജനാലയിലൂടെ നോക്കിയാല്‍ ഈ രണ്ട്‌ ഓല ഷെഡിലേക്കും നല്ല കാഴ്ച്ചയായിരുന്നു.പഴയ മട്ടില്‍(സമചതുര സ്തംഭത്തിന്റെ രൂപത്തില്‍) മര അഴികളാല്‍ നിര്‍മിച്ച ജനാലക്ക്‌ പിറകില്‍ സമദ്‌ മാഷ്‌ തന്റെ കണ്ണടയും വെച്ച്‌ നോക്കി നില്‍ക്കുന്നത്‌ 7-C യിലെ വീരശൂര പരാക്രമികള്‍ക്ക്‌ കാണാന്‍ പറ്റുമായിരുന്നില്ല. കാരണം ഓഫീസ്‌ മുറി ചെറുതും ഇരുട്ടുള്ളതും ആയിരുന്നു. ജനാലയുടെ അഴികള്‍ അടുത്തടുത്തായിരുന്നതിനാല്‍ പുറത്ത്‌ വെളിച്ചത്തില്‍ നില്‍കുന്നയാള്‍ക്ക്‌ സൂക്ഷിച്ചു നോക്കിയാലല്ലാതെ ജനാലക്ക്‌ പിറകില്‍ ഇരിക്കുന്നയാളെ കാണാന്‍ പറ്റില്ല. 7-C യിലെ ശൂരന്മാര്‍ക്ക്‌ പക്ഷെ കാഴ്ചയുടെ ഈ തത്വങ്ങളൊന്നും അറിഞ്ഞു കൂടായിരുന്നെങ്കിലും, ഒരു കാര്യം ഉറപ്പായിരുന്നു. അദ്ധ്യാപകനില്ലാത്ത സമയത്തെ പല അലമ്പുകളിലേയും യഥാര്‍ത്ഥ പ്രതികളെ തന്നെ സമദ്‌ മാസ്റ്റര്‍ നേരിട്ടു വന്ന് കൈകാര്യം ചെയ്യും, അത്‌ കട്ടായം.
തങ്ങളുടെ കള്ളത്തരങ്ങള്‍ ഇത്ര കണിശതയോടെ പിടികൂടുനത്‌ എങ്ങനെയെന്ന വിദ്യ, അറിയാതെയെങ്കിലും പുറത്ത്‌ വന്നത്‌ ഹെഡ്‌ മാസ്റ്റര്‍ വഴി തന്നെയായിരുന്നു.
കല്‍പറ്റക്കാരനായ ജമാലിന്‌ ന്യായം പറയാന്‍ നല്ല നാക്കായിരുന്നു. ഒരിക്കല്‍ ഇതു പോലെ എന്തോ കാരണത്തിന്‌ ജമാല്‍ പിടിക്കപ്പെട്ടു. അതിശയകരമായിരുന്നു അവനത്‌. ആരും കാണില്ലെന്ന ആത്മ വിശ്വാസത്തില്‍ ചെയ്ത വികൃതി പിടിക്കപ്പെട്ടതിന്റെ നൈരാശ്യത്തില്‍ അവന്‍ വിദഗ്ദമായി കുറ്റം നിഷേധിച്ചു. അവന്റെ ന്യായം പറച്ചിലിന്റെ വൈദഗ്ദ്യവും, താന്‍ കണ്ണുകൊണ്ട്‌ കണ്ട കാഴ്ചയെ ചെറുക്കന്‍ ഇത്ര ശക്തമായി നിഷേധിക്കുന്നതും കണ്ടപ്പോള്‍ രണ്ടെണ്ണം പൊട്ടിച്ച്‌ കൊടുത്തു കൊണ്ട്‌ മാഷ്‌ ആ സത്യം വെളിപ്പെടുത്തി. തങ്ങളെല്ലാം ഒരദൃശ്യ കണ്ണുകളാല്‍ വാച്ച്‌ ചെയ്യപ്പെടുന്നുണ്ടെന്ന ഭീകര സത്യം ഞങ്ങളെ ഒട്ടൊന്നുമല്ല സങ്കടപ്പെടുത്തിയത്‌. അതില്‍ പിന്നെ ജനാലക്ക്‌ പിന്നില്‍ കണ്ണടത്തിളക്കം ഇല്ലെന്ന് ഉറപ്പു വരുത്തിയേ എന്ത്‌ പോകിരിത്തരവും ഞങ്ങള്‍ ചെയ്യാറുണ്ടായിരുന്നുള്ളൂ.

ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ഒരു പിരീഡ്‌ കളിയാണ്‌. പലപ്പോഴും തിങ്കളാഴ്ചയുടെ മടുപ്പ്‌ ആ ആഴ്ച്കയിലെ കളി പിരീഡിന്റെ പ്രതീക്ഷയിലാണ്‌ തരണം ചെയ്യാറ്‌. അങ്ങനെ ആറ്റു നോറ്റു കിട്ടിയ ഒരു കളി പിരീഡില്‍ ഞങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ ആവേശമായിരുന്ന കള്ളനും പോലീസും കളിക്കാന്നാരംഭിച്ചു. ഓടിയൊളിക്കുന്ന കള്ളന്മാരെ പിടികൂടാന്‍ പാണല്‍ പൊന്തയും കയ്യില്‍ പിടിച്ച്‌ പോലീസുകാര്‍ അന്വേഷിച്ചിറങ്ങും. കളിക്ക്‌ ഏകദേശം ഒരതിര്‍ വരമ്പൊക്കെ ഉണ്ടായിരിക്കും. എന്നാലും അതൊക്കെ കളിയുടെ ആവേശത്തില്‍ കാറ്റില്‍ പറത്തപ്പെട്ടു പോകും. സ്കൂള്‍ പറമ്പുകളെല്ലാം ബഹുദൂരം പിറകിലാക്കി അത്‌ പലപോഴും ചാളക്കണ്ടി തറവാട്ടിന്‌ പിറകിലെ വിശാലമായ പറമ്പിലോ, അല്ലെങ്കില്‍ അതിന്നടുത്ത വയലിലോ ഒക്കെ എത്തുമായിരുന്നു.
അന്ന് പോലീസായി കള്ളന്മാരെ തേടിയിറങ്ങിയതായിരുന്നു ഞാനും മറ്റു രണ്ടു പേരും.K T മൗലവിയുടെ വീടിന്‌ താഴെയുള്ള പൊന്തക്കാട്ടില്‍ നിന്ന് ആരെയോ ഓടിച്ച്‌ എത്തിപ്പെട്ടത്‌ ചാളക്കണ്ടി പറമ്പിന്റെ അതിര്‍ത്തിയില്‍. വയലില്‍ നിന്ന് മതില്‌ ചാടി ഇപ്പോള്‍ KT ഹാഷിംക്ക വെച്ച വീടിന്റെ അടുക്കള ഭാഗമടങ്ങുന്ന സ്ഥലത്ത്‌ എത്തിയപ്പോള്‍ തൊട്ടപ്പുറത്ത്‌ നിന്ന് പരിചയമുള്ള ശബ്ദം കേള്‍ക്കുന്നു. ചെന്നു നോക്കിയപ്പോള്‍ നമ്മുടെ നിഷാദും ജമാലുമെല്ലാം അവിടെ സൊറ പറഞ്ഞിരിക്കുന്നു. അവരോട്‌ കുശലം പറയാന്‍ അടുത്ത്‌ ചെന്നപ്പോള്‍ ചങ്ങാതിമാര്‍ വെറുതെ ഇരിക്കുകയല്ലെന്ന് മനസ്സിലായി. എല്ലാവരുടെ കയ്യിലും നല്ല പച്ചപ്പൂളയുണ്ട്‌ * (കപ്പ) . തൊട്ടടുത്ത പറമ്പില്‍ നിന്നെങ്ങാനും പറിച്ചെടുത്തതായിരിക്കണം. ഹോസ്റ്റലില്‍ താമസിക്കുന്ന അവര്‍ക്കിതൊക്കെ ഒരു ത്രില്ലാണ്‌. രാവിലെ പുഴുങ്ങിയ പൂളയും ഉച്ചക്ക്‌ അതിന്റെ തന്നെ കറിയും കൂട്ടുന്ന നമുക്ക്‌ അതിനോട്‌ പ്രതിപത്തി ഇല്ലെങ്കിലും കൂട്ടത്തിലെ രസത്തിന്‌ ഒരു കഷണം വാങ്ങി തിന്നു കൊണ്ട്‌ അടുത്ത കള്ളനെ പിടിക്കാന്‍ ഓടി.
വൈകുന്നേരം സമദ്‌ മാഷ്‌ ഒരു നല്ല ചൂരലും പിടിച്ച്‌ ക്ലാസ്സില്‍ വന്നപ്പോള്‍ ഇന്ന് ജനാലയിലൂടെ കണ്ട കാഴ്ച എന്തായിരിക്കുമെന്ന് ആശങ്കയോടെ ഒരോരുത്തരും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചങ്കിടിപ്പ്‌ കൂടി വരുന്നു. ആദ്യം ജമാലിനെ പിന്നെ തടിയന്‍ നൗഷാദിനെ ശേഷം നിഷാദിനെ, അങ്ങനെ ഓരോരുത്തരെയായി മേശയുടെ അരികിലേക്ക്‌ വിളിപ്പിക്കുന്നു. അവര്‍ ആരുടെയോ പേരു പറയുന്നു. അങ്ങനെ അയാളും മേശക്കരികിലേക്ക്‌ വിറച്ച്‌ വിറച്ച്‌. ഓരോരുത്തരും താന്താങ്ങളുടെ നേര്‍ക്ക്‌ ചൂണ്ടപ്പെടുന്ന വിരലിനെ ഭയന്ന് മുഖം താഴ്തി നില്‍ക്കെ, അതാ ഒരു വിരല്‍ എനിക്കു നേരേയും.
മേശക്കരികില്‍ പൂര്‍ണ നിഷ്കളങ്കനായി നില്‍ക്കെ, ആ കരളു പിളര്‍ക്കുന്ന ചോദ്യം വരുന്നു. " നീ ആരാന്റെ പൂള* കട്ടു തിന്നും അല്ലെടാാാ ". ഉത്തരം പറഞ്ഞോ എന്ന് ഓര്‍മ്മയില്ല. അതോ ഒര്‍മ്മയില്‍ സൂക്ഷിക്കാന്‍ മാത്രം സമയം അനുവദിച്ച്‌ കിട്ടാതിരുന്നതോ,അതിനു മുന്നെ അടി വീണു.
അടിയേക്കാളധികം ആ ചോദ്യമാണ്‌ കണ്ണീരിന്‌ കാരണമായത്‌. അന്നാണ്‌ നിരപരാധിയുടെ കണ്ണീരിന്ന് ഇത്ര ചൂടുണ്ടെന്ന അറിവു ലഭിച്ചത്‌. പക്ഷെ മോഷണ വസ്തു, തിന്നാലും അടി ഉറപ്പാണെന്ന് അന്നു തന്നെ മനസ്സിലായി.


കുറിപ്പ്:
*മലബാറില്‍ പൂള എന്നാല്‍ കപ്പയുടെ മറൊരു പേരാണ്. 'തിരോന്തരക്കാര് ' ക്ഷമിക്കുമല്ലോ ..

Tuesday, December 02, 2008

മാധ്യമങ്ങള്‍ ജീവിക്കാനുള്ള അവകാശം വലിച്ചു കീറുന്നു

ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങള്‍ ഭീകരരെ സൃഷ്ടിക്കുന്ന വിധം നോക്കൂ. മാന്യനായി ജീവിക്കുന്ന ഒരു മനുഷ്യനെ പിടിച്ച്‌ തീവ്രവാദിയാക്കി. അത്‌ റ്റിവി-പത്ര മാധ്യമങ്ങളിലൂടെ എക്സ്ക്ലുസീവ്‌ ആയി പ്രക്ഷേപണം ചെയ്യുക, എന്നിട്ട്‌ തെറ്റ്‌ പറ്റിയതാണെന്നറിഞ്ഞിട്ടും തിരുത്താന്‍ സന്നധമാവാതിരിക്കുക. എത്ര ക്രൂരമായിട്ടാണ്‌ നമ്മുടെ മാധ്യമങ്ങള്‍ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം വലിച്ചു കീറുന്നത്‌.
കഷ്മീരില്‍ പിടിക്കപ്പെട്ട ജബ്ബാര്‍ എന്നയാളാണെന്ന് പറഞ്ഞ്‌, ജമാ-അത്തെ ഇസ്ലാമി കേരളയുടെ സംസ്ഥാന സെക്രറ്റരി എന്‍ എം അബ്ദുറഹിമാന്റെ ഫോട്ടൊയാണ്‌ നമ്മുടെ ചാനലുകാര്‍ എക്സ്ക്ലുസിവ്‌ കാണിച്ചത്‌.
കപട ദേശസ്നേഹം പറയുന്ന യുവമോര്‍ച്ചക്കാരന്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ ചുവടു പിടിച്ചാണ്‌ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വൃത്തിക്കേട്‌ കാണിച്ചത്‌. എറ്റവും വലിയ തമാശ ഈ യുവമോര്‍ച്ചാ നേതാവിന്റെ കൂടെ തന്നെ അബ്ദുറഹിമാന്‍ ഒരാഴ്ച മുന്‍പെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നതാണ്‌.
ഇങ്ങനെ പോയാല്‍, ഇവന്മാര്‍ ബിന്‍ലാദന്‍ ആണെന്ന് പറഞ്ഞു എതെങ്കിലും താടി വെച്ച പാവത്തെ പൊക്കി കൊണ്ടുവരാനും സാധ്യതയുണ്ട്‌.
നാളെ ഈ പാവം മനുഷ്യനെ വഴി നടക്കുമ്പോള്‍, ഏതെങ്കിലും 'ദേശസ്നേഹി' കല്ലെടുത്തെറിഞ്ഞാല്‍, ഈ ചാനലുകാര്‍ അതിനു സമാധാനം പറയുമൊ? എതെങ്കിലും യാത്രക്കിടയില്‍ ഇദ്ദേഹത്തെ സഹ യാത്രികര്‍ സംശയിച്ച്‌ ഉപദ്രവിച്ചാല്‍ ആര്‌ സമാധാനം പറയും ? യുവമോര്‍ച്ചക്കാരന്‍ രമേഷ് പറയണം. ചാനലുകാര്‍ മറുപടി പറയണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

Sunday, November 16, 2008

തുര്‍ക്കിയിലെ ഗൂഢസംഘം

മാധ്യമം പത്രത്തിലെ മുഖപ്രസംഗം കോപി എടുത്തു വെച്ചതാണ് ഇന്നത്തെ പോസ്റ്റ്. തുര്‍ക്കിയില്‍ വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് ഗൂഡമായി ഇടപ്പെട്ട് കൊണ്ടിരുന്ന ഒരു സംഘത്തെ കുറിച്ച അറിവുകളാണതില്. എനിക്ക് വളരെ ആകര്‍ഷണീയമായി തോന്നിയത് കൊണ്ട്ട് മാറ്റര് അപ്പാടെ കോപ്പി ചെയ്യുകയായിരുന്നു. എന്റെ കമന്റ് താഴെ വരുന്നുന്റ്റ്

---------------------------- തുര്‍ക്കിയിലെ ഗൂഢസംഘം -----------------------------
തുര്ക്കി ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് അവിടത്തെ ഭരണകൂടം. വിവിധരാഷ്ട്രീയ ധാരകള്‍ കൂട്ടായും അല്ലാതെയും പല ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രം രാജ്യത്തിനുണ്ട്. ഇടതുപക്ഷ സെക്കുലറിസ്റ്റായ ബുലന്ദ് അജാവീദ്, വനിതയായ താന്‍ സുസില്ലര്‍ മുതല്‍ ഇപ്പോള്‍ ഏറ്റവുമൊടുവിലായിഇസ്ലാമിക ചായ്വ് പുലര്‍ത്തുന്ന .കെ. പാര്‍ട്ടിയുടെ നേതാവ് റജബ് ഉര്‍ദുഗാന്‍വരെ ഇങ്ങനെതെരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍, എല്ലാറ്റിന്റെയും അവസാന വാക്ക് ജനമല്ല സൈന്യമാണ് എന്നതാണ്തുര്‍ക്കി ജനാധിപത്യത്തിന്റെ ഒരു വിരോധാഭാസം.

ജസ്റ്റിസ് പാര്‍ട്ടിയിലൂടെ പ്രധാനമന്ത്രിപദത്തിലെത്തിയ അദ്നാന്‍ മെന്തരീസിന് വധശിക്ഷ നല്‍കിക്കൊണ്ടാണ്തുര്‍ക്കി ഭരണകൂടത്തില്‍ സൈന്യം ഇടപെടലിന് തുടക്കംകുറിക്കുന്നത്. പിന്നീട് അത്രത്തോളം പോയില്ലെങ്കിലുംതെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ സൈന്യം പിരിച്ചുവിട്ട നടപടികള്‍ നിരവധിയാണ്. ജനേച്ഛയുടെ വര്‍ധിതവീര്യവും തുറന്ന ഏറ്റുമുട്ടലുകള്‍ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അടവുതന്ത്രങ്ങളുംയൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതികൂല നിലപാടുകളും കാരണം പട്ടാളക്കളിയുടെ ശൌര്യപ്രകടനം താരതമ്യേനകുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിന് ആക്കംകൂട്ടുന്ന വളരെ ശ്രദ്ധേയമായൊരു സംഭവം തുര്‍ക്കിയില്‍ ഈയിടെഅരങ്ങേറുകയുണ്ടായി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിമുതല്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ തിരശãീലക്കു പിന്നില്‍നിന്ന് ചരട്വലിച്ചുകൊണ്ടിരുന്ന ഒരു ഗൂഢസംഘം പിടിയിലായതാണ് സംഭവം. 'അര്‍ഗന്‍കോന്‍' എന്ന പേരിലറിയപ്പെടുന്ന സംഘമായിരുന്നു സൈനിക അട്ടിമറികളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും പിന്നിലെ ശക്തികേന്ദ്രമെന്ന് വ്യക്തമായിരിക്കയാണ്. കഴിഞ്ഞ ഒക്ടോബര്‍അന്ത്യവാരത്തില്‍ പിടിയിലായ 119 പേര്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍
2500 ഓളം പേജ് വരും. 'അത്താതുര്‍ക്ക്' ^ചിന്തകളുടെ സംരക്ഷണം' എന്ന ബാനറിനു കീഴില്‍ സംഘടിച്ച മാഫിയയുടെ തലപ്പത്ത് അടുത്തൂണ്‍ പറ്റിയ മൂന്ന് ജനറല്‍മാരും ചില വ്യവസായികളും പ്രമുഖനായൊരുപത്രപ്രവര്‍ത്തകനുമൊക്കെ ഉള്‍പ്പെടുന്നു.

തുര്‍ക്കിയിലെ വിശുദ്ധ പശുക്കളാണ് സൈനിക തലപ്പത്തുള്ളവര്‍. അവരെ തൊട്ടുകളിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുംധൈര്യം കാണിക്കാറില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഇരുപതുകള്‍ മുതല്‍ക്കേ തുടരുന്ന അവസ്ഥയാണിത്. കീഴ്വഴക്കത്തിന് വിരുദ്ധമായി മുന്‍ ജനറല്‍മാരെയും സൈന്യത്തിലും പോലിസിലും ഉന്നത തസ്തികകളിലുള്ളവരെയുംഅറസ്റ്റുചെയ്യാന്‍ സൈന്യം അനുമതി നല്‍കുന്നത് ഇതാദ്യമാണ്. തുര്‍ക്കിയുടെ ചിരകാല സ്വപ്നമാണ് യൂറോപ്യന്‍യൂനിയന്‍ അംഗത്വം. രാഷ്ട്രീയ ജീവിതത്തില്‍ സൈന്യത്തിന്റെ റോള്‍ കുറക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍നിബന്ധനവെച്ചതാണ് സൈന്യത്തിന്റെ റോള്‍ ഭരണരംഗത്ത് ചുരുങ്ങിവരാനുണ്ടായ ഒരു കാരണം. ദേശീയസുരക്ഷാ സമിതിയില്‍ സിവില്‍ ഭരണാധികാരികള്‍ക്ക് മുന്‍കൈ ലഭിക്കുന്നത് അങ്ങനെയാണ്. ഇപ്പോള്‍സൈനിക മേധാവികളും പത്രങ്ങളുടെ വിമര്‍ശനത്തിന് പാത്രമാകുന്നുണ്ട്. രാജ്യത്തിന്റെ തെക്കു കിഴക്ക് ഭാഗത്ത്സൈനിക നീക്കങ്ങളുണ്ടായപ്പോള്‍ ചീഫ് ഓഫ് സ്റ്റാഫിനെതിരെ പ്രമുഖ പത്രാധിപരായ അഹ്മദ് അല്‍താഫ്അതിരൂക്ഷമായാണ് പ്രതികരിച്ചത്. അതിര്‍ത്തിയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി താവളങ്ങളെ സൈന്യംആക്രമിക്കുമ്പോള്‍ കരസേനാ മേധാവി ഗോള്‍ഫ് കളിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാന്‍ അല്‍താഫ്ധൈര്യംകാണിച്ചു. ഒരു എഴുത്തുകാരനും മുമ്പ് സൈനിക നക്ഷത്രങ്ങളുടെ നേരെ ഇമ്മട്ടില്‍ ചൂണ്ടുവിരലുയര്‍ത്താന്‍ധൈര്യം കാണിക്കുമായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പേ 'അര്‍ഗന്‍കോന്‍' മാഫിയ തുര്‍ക്കി രാഷ്ട്രീയത്തില്‍ സംസാരവിഷയമാവാന്‍ തുടങ്ങിയിരുന്നു. മാധ്യമരംഗത്തുള്ള ചിലര്‍ക്കെങ്കിലും അന്നേ സംഘത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും സൈന്യത്തോടുള്ളഭയം കാരണം ആരും തുറന്നെഴുതാന്‍ മുന്നോട്ടുവന്നിരുന്നില്ല. അമ്പതുകള്‍ മുതല്‍ക്കേ പല ബാനറുകളില്‍ ഇവര്‍പ്രവര്‍ത്തിച്ചുപോന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശീതയുദ്ധ കാലത്ത് യൂറോപ്യന്‍ രഹസ്യാന്വേഷകവിഭാഗങ്ങളുമായി സഹകരിച്ച് കമ്യൂണിസ്റ്റുകളെ ഉന്മൂലനംചെയ്യലായിരുന്നു പ്രധാന കാര്യപരിപാടി. ശീതയുദ്ധാനന്തരം തുര്‍ക്കി രാഷ്ട്രീയത്തില്‍ ഇസ്ലാമിക ധാരകള്‍ ശക്തിപ്പെട്ടപ്പോള്‍ വിധ്വംസക വേലകളുടെ മുഖംഅതിന്റെ നേരെയായി.

'റിപ്പബ്ലിക്' പത്രത്തിന്റെ അങ്കണത്തില്‍ കഴിഞ്ഞവര്‍ഷം രണ്ടു ബോംബുകള്‍വെച്ചത് 'അര്‍ഗന്‍കോന്‍' ഗൂഢസംഘമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 'രാഷ്ട്രീയ ഇസ്ലാമി'നോട് വൈരം പുലര്‍ത്തുന്നപത്രമായതിനാല്‍ അന്വേഷണം വഴിതെറ്റിക്കാമെന്ന ഗൂഢോദ്ദേശ്യമായിരുന്നു ഇതിന്റെ പിന്നില്‍. ഇസ്തംബൂളിലെഒരു ഫ്ലാറ്റില്‍നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം പിടികൂടിയ കൂട്ടത്തില്‍ ലഭിച്ച രേഖകളാണ് സൈന്യവുമായുള്ളസംഘത്തിന്റെ ബന്ധങ്ങള്‍ അനാവരണംചെയ്തത്. 1996ല്‍ ഇസ്തംബൂള്‍ നഗരത്തിന്റെ മുന്‍ സുരക്ഷാ തലവനും മുന്‍തുര്‍ക്കി സൌന്ദര്യറാണിയും അവരുടെ കാമുകനും കൊല്ലപ്പെട്ട കാറപകടത്തിനു പിന്നിലും അര്‍ഗന്‍കോന്‍സംഘത്തിന്റെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെടുക്കപ്പെട്ട രേഖകളുടെ സൂചന.

കേസ് തുമ്പില്ലാതാക്കുന്നതില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയടക്കമുള്ളവരെ സ്വാധീനിക്കാന്‍ മാഫിയക്ക്സാധിച്ചത് സൈന്യത്തിന്റെ പിന്‍ബലം മൂലമാണെന്നാണ് ആരോപണം.
സൈന്യത്തില്‍ വിധ്വംസക ശക്തികള്‍ നുഴഞ്ഞുകയറിയാല്‍ രാഷ്ട്രത്തിന്റെ അടിത്തറയാണ് തകരുക. ജനങ്ങളുംസര്‍ക്കാറും ജാഗ്രത പാലിക്കുക മാത്രമേ അതിന് പോംവഴിയുള്ളൂ. നമ്മുടെ രാജ്യവും സമാന സംഭവങ്ങള്‍ക്കാണ്ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. നിഷ്കൃഷ്ടമായ അന്വേഷണത്തിലൂടെ മുളയിലെ അത്‌ നുള്ളിക്കളഞ്ഞില്ലെങ്കില്‍ രാഷ്ട്രത്തിന്റെ ദൃഢഗാത്രം ശിഥിലമായിപ്പോകും.


കടപാട് : മാധ്യമം ന്യൂസ് പേപ്പര്‍

Wednesday, October 15, 2008

ഒരു നല്ല മനുഷ്യന്‍ വിട പറഞ്ഞപ്പോള്‍‍

[ chennamangallur എന്ന എന്റെ കൊച്ചു നാട് . അവിടെ ഞങ്ങളുടെയൊക്കെ പ്രിയന്കരനായിരുന്ന ടി എന്‍ അബ്ദുറഹിമാന്‍ സാഹിബ് പെട്ടെന്ന് മരണപ്പെട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില ചിന്തകള്‍ . ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം, പരോപകാരിയും, സ്നേഹ സമ്പന്നനും ആയിരുന്നു. വ്യക്തി ബന്ധങ്ങളില്‍ കാണിക്കുന്ന ആത്മാര്തത ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നന്മകളില്‍ ഒന്നാണ്. ]

വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളില്‍' ജീന്‍ വാന്‍ ജിന്‍ ഒരു പ്രതീകമാവുന്നത്, അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കാനിടയായി നന്മയുടെ വിളക്ക് കെടാതെ പ്രകാശിപ്പിച്ചതിനാല്‍ മാത്രമല്ല. സമൂഹത്തിന്റെ മൂര്‍ച്ചയേറിയ കണ്ണില്‍ അദ്ദേഹം നിരന്തരം അപഹസിക്കപ്പെടുമ്പോള്‍ കൂടിയാണ്. വായനക്കാരനായ മൂന്നാമന് എന്നും ജീന്‍വാല്‍ജിന്‍ ഒരു നല്ല മനുഷ്യനും, പോലിസ് ഇന്‍സ്പെക്ടര്‍ കപട മാന്യതയുടെ പ്രതീകവുമാണ്. രണ്‍ടു പേര്‍ക്കും തങ്ങളുടെ പക്ഷത്തെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ ആവശ്യത്തിന് ഉണ്‍ടെന്ന വസ്തുത വിസ്മരിക്കാതെ തന്നെയാണ് ഇത് പറയുന്നത്. പക്ഷേ, ഇത്തരം കാരണങ്ങള്‍ ഒരു നാലാമന് മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ഭൂരിപക്ഷം വരുന്ന വായനക്കാരന് ജീന്‍വാല്‍ ജിന്‍ മാത്രമാണ് ശരി.
ടി.എന്‍. മരിച്ച് എനിക്കൊരു ഷോക്ക് ആയി അനുഭവപ്പെട്ടിരുന്നില്ല. ഫോണ്‍ വന്നപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു മുറിപ്പാട് വന്നപോലെ തോന്നി എന്നു മാത്രം. അല്‍പം കഴിഞ്ഞപ്പോള്‍ മുറിപ്പാട് വലുതാകുന്നതും ശക്തമായ നീറ്റലും തേങ്ങലുമായത് മാറിയതും അറിഞ്ഞു. എത്ര ശ്രമിച്ചിട്ടും മനസ്സിനെ അടക്കാനാവുന്നില്ല. ഒരു കൊച്ചു മുറിപ്പാട് ഇങ്ങനെ പെട്ടെന്ന് വളര്‍ന്ന് ഒരു മുറിവായതും അതിന്റെ വിങ്ങലില്‍ മനസ്സ് തേങ്ങുന്നതും; എല്ലാം കൂടി ദിവസത്തിന് താളം തെറ്റിയപോലെ.
യഥാര്‍ഥത്തില്‍ എന്റെ ആരായിരുന്നു ടി.എന്‍. നല്ല സ്നേഹമുള്ള ഒരയല്‍വാസി. കുഞ്ഞുനാള്‍ മുതല്‍ എസ്.ഐ.ഒ ജമാഅത്ത് പരിപാടികളില്‍ ആകര്‍ഷണീയമല്ലാതെ ചിരിച്ച് എല്ലാവരോടും കുശലം പറഞ്ഞ് നടന്ന മനുഷ്യന്‍. ബാലസംഘം പരിപാടികള്‍ക്കിടയിലോ, പള്ളിയില്‍ 'കുട്ടി' ഇഅ്തികാഫുകള്‍ക്കിടയിലോ വെച്ച് ചെറുതായി പുറത്ത് തട്ടിയ ഓര്‍മയുണ്‍ട്. അന്ന് ടി.എന്‍. ഞങ്ങള്‍ക്ക് നേതാവാണ്. കാലത്തിന്റെ പ്രയാണത്തില്‍ വളര്‍ന്ന് ടി.എന്നിന്റെ കൂടെ ജമാഅത്ത് യോഗങ്ങളില്‍ എത്തിയപ്പോള്‍ കൊച്ചു തമാശകള്‍ പറയാനായി അദ്ദേഹത്തിന്റെ കുടെ ഇരിക്കാറുണ്‍ടായിരുന്നു. ഇതിലപ്പുറം എനിക്ക് അദ്ദേഹവുമായുള്ള വ്യക്തിബന്ധങ്ങളെ ഇഴപിരിച്ചെടുക്കാന്‍ പറ്റുന്നില്ല. സ്വയം വളര്‍ന്നു എന്‍ തോന്നുമ്പോള്‍ നമ്മുടെ പതനം ആരംഭിക്കും എന്നാണ് പറച്ചില്‍. അത്തരം ഏതോ സന്ദര്‍ഭത്തില്‍ ആ മനുഷ്യനെ കളിയാക്കി ചിരിച്ചതും മനസ്സില്‍ കടന്നുവന്നു. ഒട്ടനവധി കഥകള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്‍്. കൊച്ചു കുട്ടിയായ ഞാനടക്കം അത് പറഞ്ഞു ചിരിക്കുന്നു.
എല്ലാവരുടെ ഉള്ളിലും ഒരു സാഡിസ്റ്റ് ഉണ്ട്. തനിക്ക് പ്രാപ്യമായവരെ അവമതിക്കുമ്പോള്‍ സ്വയം വലുതാവുന്നു എന്ന തോന്നലില്‍ ആ സാഡിസം ഉണ്ട്. നമ്മില്‍ പലര്‍ക്കും ഒരു സാഡിസ്റ്റ് ആവാന്‍ ലഭ്യമായി എന്നും ടി.എന്‍. ഉണ്‍ടായിരുന്നു.
സ്വയം കൃതാനര്‍ഥങ്ങള്‍ക്ക് മനുഷ്യന്‍ ന്യായീകരണങ്ങള്‍ ചമച്ചുകൊണ്‍ടേയിരിക്കും. സ്വന്തം നന്മയുടെ പ്രകാശത്തിന് തീവ്രത കുറഞ്ഞ് വരുമ്പോള്‍ അപരന്റെ ഉള്ളിലെ തിളങ്ങുന്ന പ്രകാശം പലര്‍ക്കും അസ്വാസ്ഥ്യങ്ങള്‍ ഉണ്‍ടാക്കും. അങ്ങനെ അസ്വാസ്ഥ്യങ്ങള്‍ ഉണ്‍ണ്‍ടായി വരുമ്പോള്‍ പെട്ടെന്ന് കടന്നുവരുന്ന വികാരമാണ് പരിഹാസം. മറ്റുള്ളവരുടെ കൊച്ചു നന്മകള്‍ പോലും കഴിവുകേടായി വിലയിരുത്താന്‍ നാം ശ്രമിക്കും. ഒന്ന് നിഷ്കളങ്കമായി ചിരിക്കുന്നത് കണ്‍ടാല്‍ ലോകം തിരിയാത്തവനും, ശത്രുവിനോട് മൃദുലമായി സംസാരിച്ചാല്‍ കാര്യബോധമില്ലാത്തവനുമായി ചിത്രീകരിക്കാന്‍ നമ്മുടെയുള്ളിലെ അപകര്‍ഷതാബോധത്തില്‍നിന്നും വരുന്ന സാഡിസം തയാറായി നില്‍പുണ്‍ടാവും. അല്ലെങ്കിലും നിഷ്കളങ്കത ജീവിതവിജയത്തിന്റെ നിദാനമായി എണ്ണാത്ത കാലമാണിത്. അത് ബുദ്ധിയും ഉല്‍സാഹവും ഇത്തിരി കുരുട്ടും കൂടി ചേര്‍ത്താല്‍ മാത്രം നേടിയെടുക്കാവുന്നതായിട്ടാണ് നാം പഠിച്ചു വെച്ചിട്ടുള്ളത്. നമ്മള്‍ ഇപ്പോഴും ജീവിത വിജയത്തിന്റെ ഇത്തരം കൂട്ടുകള്‍ തേടി നടക്കുകയാണ്.
പക്ഷേ, ഒരു നല്ല മനുഷ്യന്‍ ചേന്ദമംഗല്ലൂരിന്റെ ഇടവഴികളിലൂടെ നടന്ന്, മതലുകള്‍ക്കപ്പുറവും ഇപ്പുറവും കുശലം പറഞ്ഞ്, പശുവിന്റെ തീറ്റയും അതിനിടക്ക് ശേഖരിച്ച് ജീവിതവിജയം നേടി യാത്ര പറഞ്ഞുകഴിഞ്ഞു. സ്നിഗ്ദമായ വ്യക്തി ബന്ധങ്ങളില്‍, നന്മയുടെ കണ്ണികള്‍ വിളക്കി ചേര്‍ത്ത് ആത്മാര്‍ഥമായി സ്വന്തം പ്രസ്ഥാനത്തെ സ്നേഹിച്ച ടി.എന്‍. അബ്ദുറഹ്മാന്‍ സാഹിബ് നാടിന്റെ തേങ്ങലാവുന്നത് അങ്ങനെയാണ്.

Thursday, September 25, 2008

നെഹ്‌റു പറഞ്ഞത് ....

"ന്യൂനപക്ഷ തീവ്രവാദത്തെ അടിച്ചമര്‍്ത്താം, പക്ഷെ ഭൂരിപക്ഷ തീവ്രവാദം ഫാഷിസം ആയി വളരും". (ജവഹര്‍ലാല്‍ നെഹ്‌റു).
അത് വളര്ന്നു കഴിഞ്ഞു . ന്യൂനപക്ഷത്തെ (തീവ്രവാദം ഉണ്ടെങ്കിലും ഇല്ലെങ്കിലും) അടിച്ചമര്‍്ത്തല് നിര്ബാധം തുടരുന്നു. ജനാധിപത്ത്യത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷത്തിന്റെ മൃഗീയ താല്‍പര്യങ്ങളെ ന്യൂനപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കല് കൂടി ആണെന്ന് മുന്പ് ഒരു മഹാന്‍ പറഞ്ഞത് എത്ര മാത്രം ശരി ആണ് . ഇപ്പോള്‍ അത് ഭൂരിപക്ഷത്തിലെ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ എന്ന് കൂട്ടി വായിക്കണം എന്ന് മാത്രം.
മനുഷ്യന്‍ ഉണ്ടാക്കിയ നിയമങ്ങള്ക്ക് സഹാജാവമായ മനുഷ്യ വിരുദ്ധത കൂടിയുണ്ടെന്ന് വ്യക്തം !!!

Wednesday, July 23, 2008

ഇന്ത്യയുടെ എത്രാമത്തെ മരണം

മന്മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ രാഷ്ടീയ കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ട്‌ നെടിയെന്നറിഞ്ഞപ്പോള്‍(എന്ത്‌ വിശ്വാസമാണാവോ ?) N P മുഹമ്മദിന്റെ ' പ്രസിഡെന്റിന്റെ രണ്ടാമത്തെ മരണം' എന്ന കഥ ഓര്‍മ്മ വന്നു. അപ്പോള്‍ ഇത്‌ ഇപ്പോള്‍ ഇന്ത്യയുടെ എത്രാമത്തെ മരണമാണ്‌?
1948ല്‍ ഗാന്ധി വധ്ത്തിലൂടെ RSS ഇന്ത്യയുടെ മാറിടത്തില്‍ ആദ്യ കഠാരയിറക്കി. ശേഷം 1975 ഇല്‍ അടിയന്തിരാവസ്ഥയിലൂടെ ശ്രീമതി ഇന്ദിരാഗാന്ധി രണ്ടാം കൊലപാതകത്തിന്‌ കാര്‍മികത്ത്വം വഹിച്ചു. അടുത്ത ഊഴം വീണ്ടും RSS ന്‌ തന്നെ കിട്ടി. 1992 ല്‍ ബാബരി മസ്ജിദ്‌ ധ്വംസനത്തിലൂടെ ഇന്ത്യയുടെ ചരമ ദിനങ്ങള്‍ക്ക്‌ ഒരക്കത്തിന്റെ വര്‍ധന കൂടി കൈ വന്നു. ഇപ്പോള്‍ ഇതാ സോണിയാ ഗാന്ധി(മന്മോഹന്‍ജി ഒക്കെ ഒരു കാഴ്ച പണ്ടം മാത്രമല്ലെ) ഇന്ത്യയുടെ കശാപ്പ്‌ വീണ്ടും നിര്‍വഹിച്ചിരിക്കുന്നു. സബാഷ്‌ . ഇനി വീണ്ടും ആര്‍.എസ്സ്‌.എസ്സിന്റെ അവസരമാണ്‌.അവരതെങ്ങിനെ നിറവേറ്റും എന്നതില്‍ മാത്രമെ ചര്‍ച്ചാ സാധ്യതയുള്ളൂ.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകനെ വധിച്ചതിലൂടെ ആര്‍.എസ്സ്‌.എസ്സ്‌ നേടിയത്‌ രണ്ടു കാര്യങ്ങള്‍ ആയിരുന്നു. ഒന്ന്, ഈ നാട്ടിലെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ സാധിച്ചു. രണ്ട്‌, സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ മൗലികമായ സ്വഭാവത്തെ തന്നെ കടപുഴക്കി എറിയാനായി. ശേഷം അടിയന്തിരാവസ്ഥയിലൂടെ, കോണ്‍ഗ്രസ്സിന്‌ ജനാധിപത്യത്തിന്റെ കടക്കല്‍ തന്നെ കത്തി വെക്കാനും പറ്റി. അങ്ങനെ ഭരിക്കുന്നവര്‍ക്ക്‌ നാടിന്റെ സ്വാതന്ത്ര്യം എങ്ങിനെയും നിര്‍വചിക്കാംഎന്ന ഒരവസ്ഥ കൈ വന്നു .
ബാബരി മസ്ജിദ്‌ ധ്വംസനം, ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകളുടെ അന്തകനായിട്ടാണ്‌ ആര്‍.എസ്സ്‌.എസ്സ്‌ ലൂടെ പുനരവതരിച്ചത്‌.ഇപ്പോഴിതാ, ആണവകരാറിലൂടെ ഭാരതത്തിന്റെ പരമാധികാരവും വിദേശനയവും ചൈതന്യ രഹിതമാക്കി തന്നിരിക്കുന്നു കൊണ്‍ഗ്ഗ്രസ്സ്‌.
ഇനി അടുത്ത ഊഴക്കാര്‍ക്കായി ബാക്കിയുള്ളത്‌ ഇത്രയും കാര്യങ്ങള്‍ ആണ്‌.
1. കൊള്ളാവുന്ന ഒരു സൈന്യം.
2. പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തത.
3. 120 കോടി വരുന്ന നമ്മുടെ മാന്‍പവര്‍(ആള്‍ ബലം).
4. നമ്മുടെ മാധ്യമ മെഖല.
5. കഴിവുള്ള കുറെ ആളുകള്‍ക്ക്‌ ജന്മം നല്‍കുന്ന ചില യൂനിവേഴ്സിറ്റികള്‍.

അടുത്ത ഊഴക്കാരായ ആര്‍.എസ്സ്‌.എസ്സ്‌ കാര്‍ക്ക്‌ ഇതിലേതും തിരഞ്ഞെടുത്ത്‌ നശിപ്പിച്ചു കളയാന്‍ അവസരമുണ്ട്‌. അവരുടെ ഇതു വരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ആദ്യം കൈ വെക്കുക പ്രതിരോധ മെഖലയില്‍ ആയിരിക്കും.
ഇതൊരു പ്രവചനമാണ്‌.അടുത്ത 5 വര്‍ഷത്തിനിടക്ക്‌ ജീവനുണ്ടെങ്കില്‍, ഈ ബ്ലോഗ്‌ ഗൂഗിള്‍ പൂട്ടിയിട്ടില്ലെങ്കില്‍, നമുക്കീ പ്രവചനത്തിന്റെ കൃത്യത ചര്‍ച്ച ചെയ്യാം.

Thursday, July 17, 2008

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി. വിദഗ്ദ സമിതിയുടെ (പാഠ്യപദ്ധതി തയ്യാറാക്കിയവരൊക്കെതന്നെയാണ്‌ കമ്മിറ്റിയിലും ഉള്ളത്‌) ശുപാര്‍ശകള്‍ സര്‍കാര്‍ അംഗീകരിക്കുമെന്നണ്‌ കരുതപ്പെടുന്നത്‌. നമ്മുടെ 'ബേബി' സാര്‍ പക്ഷെ ഇങ്ങനെ ഒരു ശുപാര്‍ശ വിദഗ്ദ സമിതി നല്‍കിയതായി അറിഞ്ഞിട്ടില്ല. 'ബേബിയല്ലെ' , ഇത്തിരി വൈകും കാര്യങ്ങള്‍ ഓടി കിട്ടാന്‍.
സാധാരണ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും മുതിര്‍ന്നവരായി ഉണ്ടാകും. നമ്മുടെ സര്‍കാരില്‍ 'ബേബിയെ' നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. സംസ്കാരഭ്യാസവുമായി നടക്കുന്ന നമ്മുടെ സുധാകരന്‍ , 'ബേബിക്കൊരു' കിഴുക്കു കൊടുത്തത്‌ മാത്രമാണ്‌ ഒരപവാദം.
ഏതായാലും പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ ഇതൊക്കെയായിരിക്കും.

.ഏഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വിവാദമായ 'മതമില്ലാത്ത ജീവന്‍' എന്ന് പാഠം 'മതസ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തോടെ പരിഷ്കരിക്കും
. മതനിഷേധമാണ്‌ ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക്‌ പകര്‍ന്നുകിട്ടുകയെന്ന വ്യാഖ്യാനം ഒഴിവാക്കി പകരം മതസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവുമാണ്‌ ഇന്ത്യയുടെ അടിസ്ഥാനം എന്ന്‌ പാഠത്തിലൂടെ മനസ്സിലാക്കും.
. ഏത്‌ മതത്തില്‍ വിശ്വസിച്ചാലും മതസൗഹാര്‍ദ്ദമാണ്‌ വേണ്ടതെന്ന സന്ദേശം സംഭാഷണങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തും.
.
നെഹ്റുവിന്റെ മതസൗഹാര്‍ത്തത്തെക്കുറിച്ചുള്ള മറ്റൊരു കുറിപ്പ്‌ ഉള്‍പ്പെടുത്തും.
. ജീവന്റെ പേരിനും മാറ്റമുണ്ടാകും. ജീവന്‍ എന്നതിന്‌ ഒരാളുടെ പേരിനപ്പുറം മനുഷ്യജീവന്‍ എന്ന ധ്വനികൂടിയുള്ളതിനാലാണ്‌ പേര്‌ മാറ്റുക

പ്രശ്നം പുസ്തകത്തില്‍ മാത്രമായിരുന്നില്ലല്ലോ. അധ്യാപക ബോധന സഹായി ആയിരുന്നല്ലോ യഥാര്‍ത്തവില്ലന്‍. കുട്ടികള്‍ എന്തു മനസ്സിലാക്കണം എന്നത്‌ അതിനകത്താണുള്ളത്‌. ആത്‌ കൂടി തിരുത്തുമോ അവോ ?..

Thursday, July 10, 2008

മുഖം തിരിച്ചു കിട്ടിയവര്‍

ഇത് എന്റെ നാടായ ചേന്നമങല്ലുരില് നടന്ന ഒരു de-adiction ക്യാമ്പിനെ കുറിച്ചുള്ള വിവരണം ആണ് :

മുസ്തഫയെ ഇന്ന് അങ്ങാടിയിലെ അധിക പേര്‍ക്കും അറിയാം. വൈകുന്നേരങ്ങളില്‍ അങ്ങിങ്ങായി കുശലം പറഞ്ഞിരിക്കുന്ന മെലിഞ്ഞ മനുഷ്യന്‍ ഞങ്ങളുടെ നട്ടിലെത്തിയിട്ട്‌ മൂന്ന് മാസം കഴിഞ്ഞു.പലരോടും ചിരപരിചിതനെന്ന പോലെയാണദ്ദേഹത്തിന്റെ പെരുമാറ്റം. സംസാരിക്കുമ്പോള്‍ ഒരു തരം ഭവ്യത മുഖത്ത്‌ നിന്ന് നിങ്ങള്‍ക്ക്‌ വായിച്ചെടുക്കാം.ബീഡി വലിച്ച്‌ ഇരുണ്ട്‌ പോയ ചുണ്ടുകളിലെ പുഞ്ചിരിയാണ്‌ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു ഘടകം. നാടിനൊട്‌ മൊത്തം ഒരു ആദരവ്‌ അയാളുടെ പെരുമാറ്റത്തിലുണ്ട്‌.
കൃത്യമായി പറഞ്ഞാല്‍ ഒരു ഏപ്രില്‍ ഒന്നിനാണ്‌ അയാള്‍ ഇവിടെ എത്തിയത്‌.കൂടെ മറ്റ്‌ 50 പേരും വിവിധ നാടുകളില്‍ നിന്നായി എത്തി. ആരും കൃത്യമായ മുഖഭാവങ്ങള്‍ ഉള്ളവരായിരുന്നില്ല. ഒരു തരം നിസ്സംഗത കളിയാടുന്ന 50 മുഖങ്ങള്‍. നമുക്കറിയാം ഒരു വിനോദ യാത്ര പോകുന്നവര്‍ക്കും ഒരു വിവാഹ ചടങ്ങിലെ മുഖങ്ങള്‍ക്കും ഉണ്ടാകും നിര്‍ണ്ണിതമായ ഒരു ഭാവം.അതിന്‌ കാരണം, ഇവരെല്ലാം ജീവിതത്തിന്റെ നിര്‍വചിക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്ന, സ്വബോധത്തിന്റെ താല്‍പര്യങ്ങളെ മാത്രം തേടുന്നവരാണ്‌ എന്നതാണ്‌. മരണ വീടിന്റെയും, കളിസ്ഥലത്തിന്റെയും മുഖങ്ങള്‍ക്കും ഉണ്ടാക്കും ഇത്തരത്തില്‍ ഒരു പൊതു സൊഭാവം. സ്വബോധത്തില്‍ ജീവിക്കുന്നവര്‍ക്ക്‌, താന്താങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ വശങ്ങളോട്‌ പ്രതികരിക്കേണ്ടത്‌ എങ്ങിനെയെന്നറിയാമെന്നതിനാലാണത്‌.
എന്നാല്‍ ഒരു തികഞ്ഞ മദ്യപാനിക്ക്‌ മേല്‍ പറഞ്ഞ നിര്‍ണ്ണിതമായ മുഖം സൂക്ഷിക്കാനാവില്ല.ആത്മാവിനെയും, ദൈവികാനുഗ്രഹങ്ങളില്‍ പെട്ട വിശേഷ ബുദ്ധിയെയും, ഒരു ഗ്ലാസ്സ്‌ മദ്യത്തിനു മുന്നില്‍ ജാമ്യം നല്‍കുന്നവരാണവര്‍. മുസ്തഫയും കൂട്ടുകാരും പറഞ്ഞ വിഭാഗത്തില്‍ നിന്നായിരുന്നു.
സ്വന്തം കുടുംബത്തിന്നും, സമൂഹത്തിന്നും ശാപമായി മാറിയ ഇവരെ കണ്ടെടുത്ത്‌ ശുശ്രൂഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്‌ IRW എന്ന ജമാ-അത്തെ-ഇസ്ലാമിയുടെ സേവന വിഭാഗമായിരുന്നു. സമൂഹം അവജ്ഞയോടെ മാത്രം കാണുന്ന, കുടുംബം പോലും കൈയൊഴിഞ്ഞ ഇവര്‍ക്ക്‌ നല്‍കാന്‍ മരുന്നായി സംഘാടകരുടേ പക്കല്‍, സ്നേഹോപദേശങ്ങളും, ആത്മീയദ്ധ്യാപനങ്ങളും സമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തുറന്നു വെച്ച കഴ്ചകളും ആയിരുന്നു ഉണ്ടായിരുന്നത്‌.
ഒരു മുഴു കുടിയന്‌ നല്‍കാന്‍ മരുന്നുകള്‍ മതിയോ എന്ന് മുഖം ചുളിച്ചവരോട്‌ കാമ്പംഗമായ മാത്യു പറയുന്നത്‌ ഇങ്ങനെയാണ്‌ " എന്റെ സ്വന്തം അനുഭവത്തില്‍ മദ്യപാനം ചികിത്സ കൊണ്ട്‌ മാറ്റാന്‍ പറ്റുന്നതല്ല. ആത്മീയതയുടെയും, ദൈവ വിശ്വാസത്തിന്റെയും വഴിയിലൂടെ മാത്രമെ ഇത്‌ സാദ്ധ്യമാകൂ". കോട്ടയത്തുകാരനായ മാത്യു, കാമ്പ്‌ കഴിഞ്ഞു പുറത്തിറങ്ങിയത്‌ ഒരു പുതിയ മനുഷ്യനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്‌.
മദ്യപാനം സ്വജീവിതത്തിന്റെ അച്ചടക്കത്തെ മുച്ചൂടും നശിപ്പിച്ചു കഴിഞ്ഞ ഇവരെ, ഞങ്ങളുടെ നാട്ടിലെ ഹൈസ്കൂളിലെ വിശാലമായ കോംബൗണ്ടിനകത്ത്‌ എങിനെ തളച്ചിടും എന്നതിന്ന് മുന്‍ പട്ടാളക്കാരനായ ഹരിദാസ്‌ പറയുന്നത്‌ " മദ്യാസക്തിയില്‍ മുങ്ങിയവരെ ശ്രദ്ധിക്കാന്‍ ജാഗരൂകരായി നിലയുറപ്പിച്ച്‌ കാമ്പിനെ വളഞ്ഞു നിന്ന IRW വളണ്ടിയര്‍മാര്‍ BSF കമാണ്ടോകളെ ഓര്‍മിപ്പിക്കുന്നു" നന്മണ്ടക്കാരന്‍ തുടരുന്നു " വിറക്കുന്ന ശരീരവുമായി കയറി വന്ന ഞാന്‍ ഇന്ന് പൂര്‍ണ്ണ സംതൃപ്തനും മദ്യ വിമോചിതനും ആണ്‌.
ഇങ്ങിനെ അന്‍പതിലതികം ആളുകളുടെ അനുഭവ സാക്ഷ്യങ്ങള്‍ക്ക്‌ വേദി ആയി കൊണ്ട്‌ ചെന്നമംഗല്ലൂരിന്റെ മണ്ണ്‍, പുതുമ നിറഞ്ഞ ഡി-അഡിക്ഷന്‍ കമ്പിനെ വരവേറ്റ ദിന രാത്രങ്ങളായിരുന്നു ഏപ്രില്‍ മാസത്തിലെ ആദ്യ വാരങ്ങള്‍. വിവിധ സെഷനുല്‍കളിലായി ഡോക്ടര്‍മാര്‍,മത പണ്ഡിതര്‍, സമൂഹ്യ സേവകര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ എടുത്തു. ഓരോ ക്യാമ്പ്‌ അംഗത്തിന്റെയും കുടുംബാംഗങ്ങളുടെ സംഗമവും പുതുമ നിറഞ്ഞ പരിപാടിയായിരുന്നു.ഇങ്ങനെ ഒട്ടനവധി അനുഭവങ്ങളുടെ രംഗ ഭൂമിയെ പേന കൊണ്ട്‌ അടയാളപ്പെടുത്താനെനിക്കാവുന്നില്ല.
ഒത്തിരി പേര്‍ക്കിതൊരു പുതു ജീവിതത്തിന്റെ തുടക്കമാണ്‌. ഏവിടെയൊക്കെയോ ഉടക്കി നില്‍ക്കുന്ന ജീവിതത്തിന്റെ കലപ്പയെ മിനുക്കിയെടുത്ത്‌, പുത്തനാവേശത്തോടെ മണ്ണിലെക്കിറങ്ങാന്‍ അവര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌. മടങ്ങിപ്പോയവര്‍ക്കു ഇനി നിസ്സംഗ മുഖങ്ങളെ വെടിഞ്ഞ്‌ മാനുഷിക ഭാവങ്ങളെ വരിക്കാം. സ്വന്തം കുടുംബത്തിന്റെ കൂടെ സന്ധ്യയുടെ സംഗീതം കേള്‍ക്കാം. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ഓമനിക്കാനും ഇനിയും അവരുടേ ജീവിതം ബാക്കിയുണ്ട്‌.
ക്യാമ്പ്‌ ഡയറക്ടര്‍ മുസ്തഫ മാസ്റ്റര്‍ക്കും കൂട്ടുകാര്‍ക്കും ഇരുപത്‌ ദിനരാത്രങ്ങല്‍ ഉജ്ജ്വലമാകുന്നത്‌ എങ്ങിനെയെന്ന്, നമ്മുടെ നാട്ടുകാരനായ തേക്കുമ്പാലിയുടെ വാക്കുകളില്‍ കാണാം "മുസ്തഫക്കും ചെങ്ങാതിമാര്‍ക്കും പടച്ചോന്‍ സ്വര്‍ഗ്ഗം കൊടുത്തില്ലെങ്കില്‍ പിന്നെ ഇനി ആര്‍ക്കും അതു കിട്ടില്ല."