Wednesday, March 21, 2012

കഞ്ഞിയും ലാത്തിയും

അമ്പതു വര്‍ഷമായി തലശ്ശേരി നഗരത്തിലെ മാലിന്യങ്ങള്‍ പേറുന്ന പെട്ടിപ്പാലത്തെ ജനങ്ങള്‍ ഗത്യന്തരമില്ലാതെ പ്രതിഷേധിച്ചപ്പോള്‍ തീവ്രവാദികളെന്ന് മുദ്രകുത്തി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു ക്രൂരമായി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. കടുത്ത പീഠനങ്ങളെ അതിജീവിച്ച പെട്ടിപ്പാലത്തെ ജനങ്ങള്‍ക്കായി ഒരു കുഞ്ഞു കവിത സമര്‍പ്പിക്കുന്നു :


"എന്റെ കഞ്ഞിയില്‍ പുഴു വിളഞ്ഞപ്പോള്‍
അമ്മ അധികാരികളോട് ചോദിച്ചു
നിങ്ങളുടെ വീട്ടിലെ പുഴുവിനെ എന്തിനാ

എന്റെ കുഞ്ഞിന്റെ കഞ്ഞിയിലിട്ടത്.
അധികാരികള്‍ക്ക് ചോദ്യം രസിച്ചില്ല.

അവര്‍ കണ്ണുരുട്ടി.

അമ്മ, സംഹാര രുദ്രയായി
അമ്മക്ക് കുഞ്ഞാണല്ലോ വലുത്

അമ്മക്ക് ഇടശ്ശേരിയെ ഓര്‍മ്മ വന്നു
അധികാരിക്ക് പൂതത്തെ പോലും ഓര്‍മ്മ വന്നില്ല

അമ്മയുടെ ചങ്കും മുലയും അറുത്തെടുത്തിട്ടും

അധികാരിയുടെ വയറു നിറഞ്ഞില്ല.
കഞ്ഞി മറിഞ്ഞു പോയി,

അപ്പോഴും എന്റെ വയറ്റില്‍ ലാത്തിയുടെ പാടുണ്ടായിരുന്നു."