Thursday, February 17, 2022

How to create a smartphone app for an hospital

Visit www.felixacare.com or intpurple.com for more details. There you can see, within 30 minutes you can have an App that can use by 1- Doctors working in the hospital 2- Patients

Wednesday, March 21, 2012

കഞ്ഞിയും ലാത്തിയും

അമ്പതു വര്‍ഷമായി തലശ്ശേരി നഗരത്തിലെ മാലിന്യങ്ങള്‍ പേറുന്ന പെട്ടിപ്പാലത്തെ ജനങ്ങള്‍ ഗത്യന്തരമില്ലാതെ പ്രതിഷേധിച്ചപ്പോള്‍ തീവ്രവാദികളെന്ന് മുദ്രകുത്തി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു ക്രൂരമായി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. കടുത്ത പീഠനങ്ങളെ അതിജീവിച്ച പെട്ടിപ്പാലത്തെ ജനങ്ങള്‍ക്കായി ഒരു കുഞ്ഞു കവിത സമര്‍പ്പിക്കുന്നു :


"എന്റെ കഞ്ഞിയില്‍ പുഴു വിളഞ്ഞപ്പോള്‍
അമ്മ അധികാരികളോട് ചോദിച്ചു
നിങ്ങളുടെ വീട്ടിലെ പുഴുവിനെ എന്തിനാ

എന്റെ കുഞ്ഞിന്റെ കഞ്ഞിയിലിട്ടത്.
അധികാരികള്‍ക്ക് ചോദ്യം രസിച്ചില്ല.

അവര്‍ കണ്ണുരുട്ടി.

അമ്മ, സംഹാര രുദ്രയായി
അമ്മക്ക് കുഞ്ഞാണല്ലോ വലുത്

അമ്മക്ക് ഇടശ്ശേരിയെ ഓര്‍മ്മ വന്നു
അധികാരിക്ക് പൂതത്തെ പോലും ഓര്‍മ്മ വന്നില്ല

അമ്മയുടെ ചങ്കും മുലയും അറുത്തെടുത്തിട്ടും

അധികാരിയുടെ വയറു നിറഞ്ഞില്ല.
കഞ്ഞി മറിഞ്ഞു പോയി,

അപ്പോഴും എന്റെ വയറ്റില്‍ ലാത്തിയുടെ പാടുണ്ടായിരുന്നു."

Wednesday, November 24, 2010

സംഭാഷണം നിറുത്തേണ്ട സമയങ്ങള്‍(10 കാര്യങ്ങള്‍)

-> നിങ്ങള്‍ ഒരാളോട് സംസാരിക്കുമ്പോള്‍ അയാള്‍ നിങ്ങളുടെ കണ്ണിലേക്ക് നോക്കുന്നില്ലെങ്കില്‍ അയാള്‍ ആ സംസാരത്തില്‍ തല്പരനല്ല.
-> ചുറ്റുപാടില്‍ ഓടി നടക്കുന്ന അയാളുടെ കണ്ണുകള്‍ നിങ്ങള്‍കുള്ള വാര്‍ണിങ് ആണെന്ന് മനസ്സിലാക്കുക
-> അയാളുടെ മുഖം നിര്‍വികാരമാണെങ്കിലും അയാള്‍ക്ക് നിങ്ങളില്‍ താല്പര്യമില്ല.
-> നിങ്ങളുടെ വിഷയത്തില്‍ ഉള്‍പെടാത്ത കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് നിറുത്താം.
-> വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ് നിങ്ങളെ ചിരിപ്പിക്കാന്‍ ശ്രമിച്ചാലും അയാള്‍ക്ക് നിങ്ങളുടെ സംസാരത്തില്‍ താല്പര്യമില്ലെന്നര്‍ഥം..
-> മൊബൈല്‍ ഫോണിലെ മെനു തുറന്ന് ഓരോ ഐക്കണുകളും മാറി മാറി ക്ലിക്ക് ചെയ്യുന്നത് കണ്ടാലും നിങ്ങള്‍ക്ക് നിറുത്താം.
-> ലാപ്ടോപ് വേറുതെ അടച്ചും തുറന്നും ഇരുന്നാലും അതു തന്നെ അവസ്ഥ.
-> തോട്ടടുത്ത് കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ അയാള്‍ അവരോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ബോറന്‍ തന്നെ.
-> ഭാര്യയെ വിളിച്ച് ചായ തയ്യാറാക്കാന്‍ വീണ്ടു വീണ്ടും ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് ഭീഷണിയാണ്.
-> ഇന്നത്തെ പത്രത്തിലെ അഴിമതിയെ കുറിച്ച വാര്‍ത്ത അയാള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചിട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷണം നിറുത്താം.

Tuesday, June 29, 2010

നേരറിയാന്‍ ചില സൂത്രങ്ങള്‍

നമ്മുടെ മീഡിയകളിലുള്ള വിശ്വാസം നമുക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുന്നത് എന്നത് നേരാണ്. .വാര്‍ത്തകള്‍ നേരത്തെ അറിയിക്കാന്‍ ഇവിടെ ഒരുപാടു പേരുണ്ട്. നേരായി അറിയിക്കാന്‍ ആളുകള്‍ വളരെ കുറവാണ്‌ എന്നതാണ്‌ പരമാര്‍ഥം.
മീഡിയ വിളംമ്പുന്നത് നേരാണോ എന്നറിയാന്‍ ഞാന്‍ പ്രയോഗിക്കുന്ന സൂത്രങ്ങള്‍ താഴെ :
1- ഏതാണ്ടെല്ലാ മീഡിയക്കും വീക്ക് പോയിന്റ് ഉണ്ട് എന്ന് മനസ്സിലാക്കുക.
2- ഒരോ മീഡിയയുടേയും രാഷ്ട്രീയ സാമുദായിക വലിവുകള്‍ മനസ്സിലാക്കി, കുറിച്ചു വെക്കുക
3- ഓരോ മീഡിയയുടെയും SWOT ( സ്ട്രങ്ത്, വീക്ക്നെസ്സ്, അവസരം, ഭീഷണികള്‍) അനാലിസിസ് സ്വയം നടത്തുക .
4- ഇതപര്യന്തമായ ചരിത്രത്തില്‍ ഈ മീഡിയ നടത്തിയ ഇടപെടലുകളിലെ സത്യസന്ധത മനസ്സിലാക്കുക.
5- കളവു പറയുന്നവര്‍ രണ്ട് വിധമുണ്ട്, കളവെന്ന് കരുതി കളവ് പറയുന്നവരും, കളവെന്നറിയാതെ പ്രചരണ പര്‍‌വ്വത്തില്‍ പെട്ടു പോകുന്നവരും. ഈ രണ്ട് വിഭാഗത്തിലുള്ള മീഡിയകളെയും തരം തിരിച്ചറിയുക
6- വാണിജ്യ താല്പര്യം എത്ര മാത്രം ഉണ്ടെന്ന് മനസ്സിലാക്കുക.
7 - ചെറുതെങ്കിലും ഒട്ടനവധി ആള്‍ട്ടര്‍നേറ്റീവ് മാധ്യമങ്ങള്‍ ലഭ്യമാണെന്ന് മനസ്സിലാക്കുക. അവ കൂടി പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പു വരുത്തുക.
8- ഇനി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ഒരുക്കുകൂട്ടി, ശേഷം ഒരോ നേരിനേയും നേരു തന്നെയെന്ന് നിജപ്പെടുത്തുക.

Tuesday, May 18, 2010

നാസയില്‍ ജോലി ചെയ്യൂന്ന മന്ദബുദ്ധികള്‍

നാസയില്‍ ജോലി ചെയ്യൂന്ന എഞ്ചിനിയര്‍മാരെല്ലാം കടുത്ത മന്ദബുദ്ധികളാണെന്ന് ഞാന്‍ പറയും. എന്തു കൊണ്ടാണ്‌ ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളെ മന്ദബുദ്ധി എന്നു വിളിക്കുന്നത് എന്നു ചോദിച്ചാല്‍ താഴെ പറയുന്നതാണ്‌ അതിന്റെ കാരണം.
1 -എനിക്ക് അവരെ ഒന്നും ഇഷ്ടമില്ല
2 - അവരെ കുറിച്ച് ഒന്നും തന്നെ എനിക്കറിയില്ല
3 - അവര്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല.
4 - ഞാന്‍ ആവര്‍ത്തിക്കുന്നു, അവരെ എനിക്കിഷ്ടമില്ല.
5 - അവരൊക്കെ അല്ലാതെ പിന്നെ ആരാ മന്ദബുദ്ധികള്‍ എന്ന് ഇന്നലെ എന്റെ മാഷ് ചോദിച്ചിരുന്നു.
6 - അവര്‍ മന്ദബുദ്ധികള്‍ അല്ല എന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
7 - ഇപ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്നതെല്ലാം, മന്ദബുദ്ധികള്‍ അല്ലെന്ന് കാണിക്കാനുള്ള വെറും നാട്യങ്ങള്‍ മാത്രം
8 - നാട്യമല്ല എന്ന് ഇതു വരെ ഇവര്‍ തെളിയിച്ചിട്ടില്ല.
അങ്ങനെ ഒരുപാട് ഒരുപാട് കാരണങ്ങള്‍ ഉള്ളത് കൊണ്ട് ഞാന്‍ ഉറപ്പിക്കുന്നു ഈ എഞ്ചിനിയര്‍മാരെല്ലാം മന്ദബുദ്ധികള്‍ തന്നെ.

Monday, April 26, 2010

Story of Stuff- How things works

Story of Stuff- How things works


വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. അവതാരകയായ വനിത എത്ര സ്മാര്‍ട്ടായിട്ടാണ്‌ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ആനിമേഷന്‍ വളരെ ഹൃദ്യമാണ്‌. ഇത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നേരെ ചൊവ്വെ അവതരിപ്പിക്കുന്ന വീഡിയോ ഞാന്‍ അധികം കണ്ടിട്ടില്ല.
നാം നമ്മുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ടതുണ്ടെന്ന് ഇതു നമ്മോട് പറയുന്നു. 



Wednesday, December 02, 2009

വ്യത്യസ്ഥരായ ഒരു കൂട്ടര്‍


അതിജീവനത്തിന്റെ പഴയ പാഠങ്ങള്‍

[അമേരിക്കന്‍ ഐക്യനാടുകളിലെ അത്യാധുനിക ജീവിത രീതികള്‍ക്കിടയിലും തികച്ചും വ്യത്യസ്ഥരായി ജീവിക്കുന്ന ആമിഷ് സമൂഹത്തിലേക്കൊരു യാത്ര. വൈദ്യുതിയും, കാറും ഒന്നും ഇല്ലാതെ അമേരിക്കയിലെ പൊതു സമൂഹത്തില്‍ ഇഴകി ജീവിക്കുന്ന ഇവരെ അത്ഭുതത്തോടെ മാത്രമേ കാണാനാവൂ.]

amish_community3

സുന്ദരമാണ് അമേരിക്കന്‍ വേനല്‍. മാല്‍വണില്‍നിന്നും ഡെലവേറിലേക്കുള്ള യാത്രക്കിടയിലെ വഴിയോരക്കാഴ്ചയുടെ ഭംഗി അവര്‍ണ്ണനീയമാണ്. നിറഞ്ഞുനില്‍ക്കുന്ന പ്രകൃതി, ലോകത്തിലെ മൊത്തം ഹരിതവര്‍ണ്ണത്തെ മേലാപ്പിട്ടപോലെ തോന്നിച്ചു. കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന കരിങ്കറുപ്പ് റോസുകളില്‍ ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ ഒഴുകിനീങ്ങുന്നു. ഉച്ചഭക്ഷണത്തിന്റെ ക്ഷീണത്തില്‍ കണ്ണുകള്‍ പാതിയടഞ്ഞിരിക്കുമ്പോള്‍ റോഡരികിലെ കുതിരവണ്ടി ചിഹ്നങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
സായിപ്പിന്റെ നാട്ടിലും കുതിരവണ്ടിയോ?
കൂട്ടത്തില്‍ പരിഷ്ക്കാരിപ്പെണ്ണ് അരുണ ചിന്ത ഉച്ചത്തില്‍തന്നെ പ്രകാശിപ്പിച്ചു. ഡ്രൈവ് ചെയ്യുന്ന യോഗിത്തിന്, മുന്‍കാല സന്ദര്‍ശാനുഭവത്തിന്റെ വീമ്പുപറച്ചിലിന് ഒരവസരം ഒത്തുവന്ന സന്തോഷം. നല്ലൊരു ബഡായിക്കാരനായ യോഗിത്ത് കമ്പനിയിലെ Technical Leader ആണ്.
ഇവിടെ ആമിഷ് എന്ന് പറയുന്ന, ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരനായ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നും പരിഷ്കൃതരായ ആളുകളുമായി ഇടപഴകാന്‍ വിമുഖത കാണിക്കുന്ന ഇവര്‍, കുന്തങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകവരെ ചെയ്തുകളയും എന്നു കേട്ടപ്പോള്‍ പഴയ 10-ാം ക്ളാസ്സ് പുസ്തകത്തിലെ റെഡ് ഇന്‍ഡ്യന്‍സ് ഗോത്രതലവന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. ചെറിയ കുന്തങ്ങളേന്തി ഒറ്റയും തെറ്റയുമായി കുറ്റിക്കാടുകള്‍ക്കിടയിലൂടെ ജാഗ്രതയോടെ നീങ്ങുന്ന ഗോത്രവര്‍ഗ്ഗക്കാര്‍, അവരെ കാത്ത് വെടിനിറച്ച തോക്കുകള്‍ ഏന്തി അധിനിവേശക്കാരനായ വെള്ളക്കാരന്‍. കൊന്നും അടിമപ്പെടുത്തിയും വെള്ളവര്‍ഗത്തിന്റെ സാംസ്കാരിക അധിനിവേശം അമേരിക്കന്‍ ഭൂഖണ്ഡത്തെ കീഴടക്കുന്ന നടുങ്ങുന്ന ചിത്രം ചിന്തകളെ മദിച്ചു. അവസാന നിമിഷവും പൊരുതിനിന്ന തദ്ദേശവാസികള്‍ അന്യദേശനാമക്കാര്‍-റെഡ് ഇന്‍ഡ്യന്‍സ് - ആവുന്നതും. ആക്രമിയായ വിദേശി സ്വദേശിയാവുന്നതും ഒരു ഹ്രസ്വചിത്രം പോലെ ചിന്തയില്‍ തെളിഞ്ഞു.
യോഗിത്ത് പുതിയ വിഷയങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കുന്തം പിടിച്ച ആമിഷ് യുവാവ് ഇപ്പോഴും മനസ്സിനുള്ളില്‍ കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നു. ഞങ്ങളുടെ കാര്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അല്‍പം ദൂരെയായി Wallmart Shoping Complex കാണാം. കുന്തംപിടിച്ച ആമിഷ് യുവാവ് Sony യുടേയും Revelon ന്റേയും ഇടയില്‍ എവിടെയോ മറഞ്ഞു. അമേരിക്കന്‍ കമ്പോളവല്‍കൃത ജീവിതത്തിന്റെ നേര്‍മുറിയായ Wallmart ന്റെ വിശാലമായ ലോകത്ത് യോഗിത്തും അരുണയും സ്വന്തമായ ഇടങ്ങള്‍ തേടി പിരിഞ്ഞു.

കോഴിക്കോട്ട്കാരനായ നൌഫല്‍ അടുത്ത ശനിയാഴ്ച മാല്‍വണില്‍ വരുന്നു എന്നു വിളിച്ചുപറഞ്ഞപ്പോള്‍ മനസ്സില്‍ സന്തോഷത്തിരയിളക്കം. മലയാളം കേള്‍ക്കാനും അറിഞ്ഞു സംസാരിക്കാനും ഒരാളെ കിട്ടുമ്പോഴുള്ള സന്തോഷം എനിക്കടക്കിനിര്‍ത്താനായില്ല. വരവിന്റെ ഉദ്ദേശ്യംകൂടി അദ്ദേഹം വെളിപ്പെടുത്തി. ഇവിടെ അടുത്ത് ലങ്കാസ്ററില്‍ 'ആമിഷ്' എന്ന പേരില്‍ ഒരു സമൂഹം ജീവിക്കുന്നു!!! ഒന്ന് സന്ദര്‍ശിക്കണം.കുന്തവും ഏന്തി പഴയ ചെറുപ്പക്കാരന്‍ വീണ്ടും മനസ്സിലേക്ക്.
നൌഫലും ഭാര്യ ഹസീബയും കോഴിക്കോടന്‍ വിഭവങ്ങളുമായി താമസിക്കുന്ന ഹോട്ടലില്‍ എത്തിയപ്പോള്‍, ജന്മനാടിന്റെ ഓര്‍മ്മകള്‍ക്ക് മാരുത സ്പര്‍ശമേറ്റപോലെ. ലങ്കാസ്റര്‍, ആമിഷ് കൌണ്ടിയുടെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. അമേരിക്കയില്‍ ഇത്രയധികം ആമിഷ് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലം വേറെയില്ല. ഏകദേശം 25000 ന് മുകളിലാണ് ഇവരുടെ ജനസംഖ്യ ഇവിടെ. അമേരിക്കന്‍ ജനസംഖ്യാ സങ്കേതങ്ങള്‍ പ്രകാരം ഈ ജന സാന്ദ്രത പൊതു ശരാശരിയിലും അധികമാണ്. ഓരോ 20 വര്‍ഷത്തിലും ആമിഷ സമൂഹം ഇരട്ടിക്കുന്നു എന്ന ‘ഭീകര’ സത്യം കൂടി വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നുണ്ട്. അണുകുടുംബസംസ്കാരം ആമിഷ് സമുഹത്തില്‍ പരിചിതമല്ല എന്നതുതന്നെ ഇതിന് കാരണം.

വളരെ അപരിഷ്കൃതരും, പരിഷ്കൃത സാമുഹ്യഘടനയോട് (അമേരിക്കന്‍ ഭാഷ്യം) വിപ്രതിപത്തി കാണിക്കുന്നവരുമായ, ഒരപ്രായോഗിക വ്യവസ്ഥയുടെ വക്താക്കളായിട്ടായിരുന്നു ആമിഷ് സമൂഹം ഈയടുത്ത കാലംവരെ അറിയപ്പെട്ടിരുന്നത്. ഉള്‍ക്കൊള്ളാനാവാത്ത രീതികളും, വിശ്വാസങ്ങളില്‍ അനാവശ്യ വാശി കാണിക്കുന്നവരും എന്ന് കരുതപ്പെട്ടിരുന്ന ഈവരെ "Old Order' ആമിഷ് എന്നായിരുന്നു പൊതു അമേരിക്കന്‍സമൂഹം വിശേഷിപ്പിച്ചിരുന്നത്. തന്റേതല്ലാത്തത് അപ്രായോഗികവും പ്രാചീനവും അപരിശ്കൃതവുമായി മുദ്രകുത്തുന്ന സാമ്രാജ്യത്വ മനസ്സില്‍ നിന്നു വന്ന ഒരു നാമധേയം.
ആമിഷ് സമൂഹം അതിന്റെ സ്വാഭാവിക വ്യതിരിക്തതകള്‍ മാത്രം കാരണം സാധാരണ അമേരിക്കന്‍ മനസ്സുകളില്‍ നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുത്രന്‍മാരെ സ്വന്തം വയലുകളില്‍ ജോലിയെടുക്കാന്‍ അയക്കുന്നു എന്ന് തുടങ്ങി, പ്രായമായ അച്ഛനമ്മമാരെ കൂടെ താമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ എന്നിങ്ങനെ പോകുന്നു അത്ഭുതങ്ങളുടെ വ്യാപ്തി. ബാലിശവും, അനുകരണീയമല്ലാത്തതുമായ ജീവിതരീതികളാല്‍ കുടുക്കപ്പെട്ടവന്‍ എന്നായിരുന്നു ഒരു ആമിഷ് യുവാവിന്റെ അമേരിക്കന്‍ വായന. തികച്ചും യാഥാസ്ഥികമായ മതകീയ ചുറ്റുപാടും, വീടുകളില്‍ തളക്കപ്പെട്ട - കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തല്‍ - പെണ്‍ ജീവിതവുമാണ് ആമിഷ് യുവതിയുടെ അമേരിക്കന്‍ പൊതുചിത്രം.
ഞങ്ങള്‍ ലങ്കാസ്ററിന്റെ ഉള്‍പ്രദേശങ്ങളില്‍ ആമിഷ് കുടുംബങ്ങളുടെ തേടിയിറങ്ങി. വളരെ വൃത്തിയുള്ളതും സുന്ദരവുമായ ഗ്രാമാന്തരീക്ഷം. പൊടിപടലങ്ങളില്ലാത്ത നിരത്തിന്റെ ഇരുവശങ്ങളും പച്ചപ്പുല്ലുകള്‍ ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. ഇങ്ങ് മലബാറിലെ ചെമ്മണ്‍ പാതകളില്‍ സൈക്കിളോടിച്ചു നടന്ന ഇയ്യുള്ളവനില്‍ ഈ വക കാര്യങ്ങള്‍ കൌതുകവും ആകര്‍ഷണീയതയും ഉണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അല്‍പം ചെന്നപ്പോള്‍ കൃഷിക്കളങ്ങള്‍ കാണാനായി. ചോളവും പുകയിലയും ഇടവിട്ട് വിളയിക്കുന്നുണ്ട്. നല്ല തുടുത്ത പശുക്കള്‍ അങ്ങിങ്ങായി മേയുന്നത്കൂടി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആമിഷ് സാന്നിധ്യം മണത്തു. ചീറിപ്പായുന്ന കാറുകള്‍ക്കിടയിലും ഞങ്ങള്‍ ഒരു കുതിര വണ്ടിക്കായി കാത്തു.

അകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് അകലെ ഒരു കുതിരവണ്ടി പതുക്കെ അടുത്തു വരുന്നു. ഞാന്‍ കാമറ തയ്യാറാക്കി. BMW, ഷെവര്‍ലെ കാറുകള്‍ക്കിടയില്‍ ഒരു കാര്‍ട്ടിനെ (കുതിരവണ്ടി) കണ്ട സന്തോഷവും, അമേരിക്കന്‍ റോസില്‍ ഒരു വയനാടന്‍ ഫ്ളാഷ് ബാക്ക് കാണുന്ന കുസൃതിയും മനസ്സിനെ മദിച്ചു. ഒരു ആമിഷ് കുടുംബമാണ് വരുന്നത്. കുതിരവണ്ടിക്ക് മുന്‍പില്‍ അച്ഛനും അമ്മയും പിറകില്‍ രണ്ട് കുഞ്ഞുങ്ങളെയും കാണാം. സവിശേഷമായ വസ്ത്രധാരണംകൊണ്ട് ഇവരെ പ്രത്യേകം തിരിച്ചറിയാം.

100_0877


ആമിഷ് സാമൂഹ്യഘടനയില്‍ വസ്ത്രധാരണത്തിന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടികള്‍ക്ക്, യുവതീ യുവാക്കള്‍ക്ക് മുതിര്‍ന്നവര്‍ക്ക് എന്നിങ്ങനെ വ്യത്യസ്ഥവും നിശ്ചിതവുമായ വേഷങ്ങള്‍ ഉണ്ട്. നീല, റോസ്, കറുപ്പ് പൊതുവായി വെളുപ്പ് എന്നിവയാണ് വസ്ത്രങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട നിറങ്ങള്‍. തുണിയുരിയുന്ന യാങ്കീ സംസ്കാരത്തിന് നേര്‍വിപരീതമാണ് ആമിഷ് വസ്ത്രധാരണം. വിവാഹസമയത്തെ പ്രത്യേക വസ്ത്രമൊഴിച്ച്, പൊതുജീവിതത്തില്‍ ഇവരെ കണ്ടാല്‍ നമ്മുടെ സ്കൂളുകളിലെ യൂണിഫോം ഓര്‍മ്മ വരും. സാമ്പത്തിക മേല്‍ക്കോയ്മയുടെ അടയാളമായി കീശയെ കാണുന്ന ഇവര്‍ സ്വന്തം വസ്ത്രങ്ങളില്‍ ഇവ തയ്പിക്കാറില്ല.

dresses


ചരിത്രപരമായ നിരവധി കാരണങ്ങളില്‍ കെട്ടിക്കുടുങ്ങി നില്‍ക്കുന്നതാണ് ആമിഷ സംസ്കാരം. പൊതുസമൂഹത്തോട് കാണിക്കുന്ന വൈമുഖ്യവും, പ്രത്യേകമായ വിദ്യാഭ്യാസ വ്യവസ്ഥയും (ഫെഡറല്‍ ഭരണകൂടങ്ങളോട് നിയമയുദ്ധം നടത്തിയാണ് ഈ ആനുകൂല്യം നേടിയെടുത്തത്.). എല്ലാം 17-18 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ കൃസ്ത്യന്‍ വിശ്വാസികള്‍ക്കിടയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സാമ്പ്രദായികമായ കൃസ്ത്യന്‍ പൌരോഹിത്യത്തോട് പോരടിച്ച് Switzerland ലെ ഉള്‍പ്രദേശങ്ങളില്‍ രൂപംകൊണ്ട കൃസ്ത്യന്‍ അവാന്തരവിഭാഗമാണ് ഇന്ന് ആമിഷ് എന്നറിയപ്പെടുന്നത്. ജാക്കബ് അമ്മാന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ആശയ പോരാട്ടങ്ങള്‍ രക്തരൂക്ഷിതമായ ഉന്‍മൂലന ആക്രമണങ്ങളില്‍ പര്യവസാനിച്ചു. ഭൂരിപക്ഷമായ യാഥാസ്തിതിക പൌരോഹിത്യത്തില്‍നിന്ന് രക്ഷപ്പെട്ട് ആദ്യം ജര്‍മ്മനിയിലേക്കും പിന്നീട് ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ്. ഇന്ന് സ്ഥാപക നേതാവിന്റെ പേരിലറിയപ്പെടുന്ന ആമിഷ സമൂഹം. ജര്‍മ്മന്‍യാത്ര കാരണമാവാം, ഈ സമൂഹത്തിന്റെ പ്രാഥമികഭാഷ ഇന്നും ജര്‍മ്മന്‍ തന്നെയാണ്. പുറം സമൂഹത്തോട് ഇടപഴകുമ്പോള്‍ മാത്രം ഇവര്‍ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നു.

family-members


നിരന്തരമായ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയും, ആശയപരമായ അസ്ഥിത്വം സംരക്ഷിക്കപ്പെടാന്‍വേണ്ടിയും ആദ്യകാലങ്ങളില്‍ സ്വീകരിച്ച നിരവധി നടപടികള്‍, ഇന്നും ഈ സംസ്കാരത്തിന്റെ ഭാഗമാണ്. സ്വന്തമായി ചര്‍ച്ചുകള്‍ സ്ഥാപിക്കാത്ത ഇവര്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ ഓരോ വീടുകളില്‍ വെച്ചാണ് നടത്താറ്. ഭൂ അതിരുകള്‍ക്കനുസരിച്ച് വ്യത്യസ്ഥ ജില്ലകളായി തിരിച്ച്, സൌകര്യമനുസരിച്ച് സ്കൂളുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.
സ്കൂള്‍, അദ്ധ്യാപികമാരാലാണ് നിയന്ത്രിക്കപ്പെടുന്നത് വിവാഹം കഴിഞ്ഞിട്ടില്ലാത്ത, ആമിഷ് സ്കൂളില്‍ നിന്ന് ഉന്നത പഠനം കഴിഞ്ഞിറങ്ങിയ യുവതികളാണ് അദ്ധ്യാപികമാര്‍. ഓരോ സ്കൂളും 8-ാം ക്ളാസ് വരെയാണ് ഉണ്ടായിരിക്കുക. ഗരുവിന്റെ ഉന്നത പഠനത്തിനും 8-ാം ക്ളാസ് തന്നെയാണ് അതിരിടുന്നത്. പഠനം കഴിഞ്ഞ ആണ്‍കുട്ടികള്‍ അച്ഛന്റെ കൂടെ കൃഷിയനുബന്ധ ജോലികള്‍ക്കും പെണ്‍കുട്ടികള്‍ ഗൃഹാന്തരീക്ഷത്തിലും സജീമവമാകും.

100_1288


ആമിഷ് ഭവനങ്ങള്‍ സാധാരണ അമേരിക്കന്‍ സംവിധാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. കുടുംബവും, കുടുംബ ബന്ധങ്ങളും വിലമതിക്കപ്പെടുന്ന ഇവരുടെ ജീവിതത്തില്‍, വീടുകളുടെ ആന്തരിക സംവിധാനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അടുക്കളയില്‍ തന്നെ കിടക്കയും, വായനാ മേശയും, കുട്ടികളുടെ കളിപ്പാട്ടങ്ങളും കൊച്ചു കസേരകളും തുടങ്ങി ഒരു തമിഴന്‍ ഒറ്റമുറി ഭവനത്തിലുള്ള എല്ലാം ഉണ്ടായിരിക്കും അവിടെ. മറ്റു മുറികള്‍ ഉണ്ടെങ്കില്‍ തന്നെയും നിറഞ്ഞ സ്നേഹവും, ഇഴ പിരിയാത്ത ബന്ധങ്ങളിലെ സ്നിഗുതയും നിലനിര്‍ത്താന്‍ വേണ്ടി, ആമിഷ് അടുക്കളകള്‍ എല്ലായിപ്പോഴും കുടുംബമേളയുടെ കലപിലകളാല്‍ സമൃദ്ധമായിരിക്കും.
ഇവിടെ വൈദ്യുതിക്ക് സ്ഥാനമില്ല. ഗൃഹാന്തരീക്ഷത്തില്‍ വൈദ്യുതി വിളക്കുകളോ, ഉപകരണങ്ങളോ ഒന്നും തന്നെ കാണനൊക്കില്ല. മെഴുകുതിരി വെളിച്ചവും, മറ്റു പ്രകൃതിദത്ത ഇന്ധനങ്ങളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന കൊച്ചു യന്ത്രങ്ങളോ കാണാം. ആധുനികതയുടെ ലോകാസ്ഥാനത്ത്, ലാളിത്യത്തിന്റെയും, വിപരീത ചിന്തയുടെയും മഹാപ്രളയം തന്നെ സംവിധാനിക്കപ്പെട്ടിരിക്കുന്നു ഇവിടെ.

100_1259


അത്യാധുനിക കാറുകള്‍ക്കിടയിലൂടെ ആര്‍ജ്ജവത്തോടെ കുതിര വണ്ടിയോടിച്ചു നീങ്ങുന്ന ഇവരില്‍ ഇനിയും ഒരു കീഴടങ്ങലിന്റെ ചെറു ഇളക്കങ്ങള്‍ പോലും കാണാനായിട്ടില്ല. കൃഷിയിടങ്ങളിലെ കൊയ്തിനും വിതക്കും, പിന്നീട് ധാന്യങ്ങള്‍, സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നതും എല്ലാം കുതിര വണ്ടികളില്‍ തന്നെ.
ടി.വി.യോ റേഡിയോവോ ഇവരുടെ ആഭ്യന്തര ജീവിതത്തെ മലിനപ്പെടുത്താറില്ല. ആമിഷ് സാമൂഹ്യ ഘടനയുടെ അസൂയ്യാവഹമായി കെട്ടുറപ്പും. ഉണ്മയും നിലനിര്‍ത്തുന്നതില്‍ ഈ ആധുനിക സങ്കേതങ്ങലുടെ ബഹിഷ്കരണം വഹിക്കുന്ന പങ്ക് ചെറതല്ല. ഏതൊരു മാറ്റവും സമുദായ നേതാക്കളുടേ നിരന്തരമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. ടി.വി, വൈദ്യുതി, കാര്‍ തുടങ്ങിയവ ഇത്തരുണത്തില്‍ അത്യാവശ്യമല്ലെന്ന് കണ്ട് ഒരിക്കല്‍ തള്ളിക്കളപ്പെട്ടവയാണ്.

in-farm


അദ്ധ്വാനവും, സഹവര്‍ത്തിത്തവും ഈ വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ്. ആമിഷ് കൌണ്ടിയിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ വയലോലകളിലും മെതിക്കളങ്ങളിലും കഠിനാദ്ധ്വാനം ചെയ്യുന്ന നീല ഷര്‍ട്ടും കറുത്ത പാന്റു ധരിച്ച യുവാക്കളെ കാണാതായി. ക്രിസ്ത്യന്‍ സാമ്പ്രധായിക സംവിധാനങ്ങളില്‍ നിന്ന് കലഹിച്ചു വേറിട്ടു നില്‍ക്കുന്ന ഇവര്‍ അനാബാപ്റ്റിസ്റ് വിഭാഗക്കാരാണ്. വിവാഹത്തിന് പ്രത്യേകമായ സാമ്പ്രധായിക രീതികള്‍ പിന്തുടരുന്ന ഇവര്‍ക്കിടയില്‍ വിവാഹ മോചനം അനുവദനീയമല്ല. വിവാഹത്തോടു കൂടി ഒരു ആമിഷ് യുവാവിന്റെ വസ്ത്രധാരണത്തിലും, ജീവിത രീതികളിലും പ്രകടമായ മാറ്റങ്ങല്‍ കാണാന്‍ തുടങ്ങും. താടി രോമങ്ങള്‍ നീട്ടി വളര്‍ത്താന്‍ തുടങ്ങുന്നത് ഇതില്‍ പ്രധാനമാണ്. പൊതുവില്‍ ഇവര്‍ ഒരു താടിക്കാരുടെ സമൂഹമാണ്.

amih-youth

അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമായിരിക്കെതന്നെ, മുഴുവന്‍ ജീവിത രംഗത്തും തനതു സാംസ്കാരികത സംരക്ഷിക്കുന്നതെങ്ങിനെ എന്നത് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയായിരുന്നു എനിക്ക്. കണ്‍മുന്നില്‍ കാണുന്ന പരിഷ്കൃത ലോകത്തോട് തികച്ചും വിരക്തി കാണിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്ന ആന്തരിക ശക്തിയെ കുറിച്ച് പലരും പഠനം നടത്തിയിട്ടുണ്ട്. പ്രായ പൂര്‍ത്തിയായ ഓരോ യുവാവിനും ആമിഷ് സാമൂഹ്യഘടനയില്‍ നിന്ന് സ്വമേധയാ വിടുതല്‍ വാങ്ങാന്‍ അവസരമുണ്ട് എന്നിരിക്കെ, ഈ കൊഴിഞ്ഞ് പോക്ക് കേവലം 5% ആയി പരിമിതപ്പെടുത്താന്‍ ഇവര്‍ക്ക് ഇന്നും കഴിയുന്നുണ്ട്. ശക്തവും സ്നേഹമസൃണവുമായ കുടുംബാന്തരീക്ഷം ഇത്തരം വിടുതല്‍ വാങ്ങലിന്റെ മുന്നില്‍ ഒരു പ്രധാന വിലങ്ങുതടിയാണ് എന്നാണ് ലാങ്കസ്റാര്‍ ആമിഷ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ലേഖകനോട് പറഞ്ഞത്.
പൊതു ദൃഷ്ടിയില്‍ ഇതൊരു ഐസൊലേറ്റ് സൊസൈറ്റി ആണെങ്കിലും, പുറമെ ആര്‍ക്കും ആമിഷ് വിശ്വാസധാരയില്‍ പ്രവേശനം നേടാവുന്നതാണ്. കേവലം 5 പേര്‍ മാത്രമെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇത്തരുണത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ.
തിരിച്ചു പോരുമ്പോള്‍ ഇങ്ങകലെ ദൈവത്തിന്റെ സ്വന്തം നാട് അതിവേഗം ബഹുദൂരം പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്നത് മനസ്സില്‍ നിറഞ്ഞു. ടി.വി യും, കമ്പ്യൂട്ടറും ഉച്ച ഭക്ഷണത്തിന്റെ കൂടെ തൊട്ടുക്കൂട്ടുന്ന മലയാളി, ആധുനികതയുടെ മക്കയില്‍ അതിജീവനത്തിന്റെ ഓള്‍ഡ് ഓര്‍ഡര്‍ പാഠങ്ങള്‍ അഭ്യസിക്കുന്ന ആമിഷ് യുവാവിനെ എന്തുവിളിക്കും എന്ന് സന്ദേഹിച്ചു പോയി.