Sunday, June 28, 2009

ആണവ കരാര്‍ ഉപകാരപ്പെടുമോ ?


ണവകരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഒപ്പിട്ട സര്‍ക്കാറിന്‌ ജനങ്ങളുടെ ഒപ്പും കിട്ടി. കിട്ടിയ ഒപ്പ്‌ ആണവ കരാറിന്‌ അനുകൂലമാണെന്നും അല്ലെന്നും വ്യാഖ്യാനമുണ്ട്‌. സുസ്ഥിരമായ ഭരണം തരാന്‍ യു പി എക്ക്‌ മാത്രമെ പറ്റൂ എന്നു ജനം കരുതിയതും , എന്‍ ഡി എ യുടെ വര്‍ഗീയ മുഖത്തിന്റെ തിരസ്കരണവുമാണ്‌ ഇലക്ഷന്‍ ഫലത്തിന്റെ കാതല്‍ എന്നാണെന്റെ പക്ഷം. അതെന്തായാലും മരിച്ചു കഴിഞ്ഞതിന്റെ ജാതകം നോക്കൂന്നതില്‍ കാര്യമില്ല.

സാമ്പത്തിക മാന്ദ്യം പടര്‍ന്നു പിടിച്ചപ്പോള്‍, ലോക രാജ്യങ്ങള്‍ ആസന്നമാകുന്ന വിപത്തിനെ ചെറുക്കാനായി സ്വീകരിച്ച വിവിധ നടപടികളില്‍ പ്രധാനമായ ഒന്ന് ഡോളറിനപ്പുറത്തേക്കുള്ള ചിന്തകളെ തളിര്‍ക്കാനനുവദിച്ചതായിരുന്നു. ഒരു രാജ്യത്തിന്റെ കറന്‍സി, ലോകരാജ്യങ്ങളുടേ സാമ്പത്തിക സുസ്ഥിതിക്ക്‌ അടിസ്ഥാനമാകുന്നു എന്ന പരാതി പ്രധാനപ്പെട്ട രാജ്യാന്തരീയ വേദികളില്‍ മുഴങ്ങിത്തുടങ്ങി. പലരും ഡോളറിനെ കരുതല്‍ ധനമായി സൂക്ഷിക്കുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി.ചില രാജ്യങ്ങളെങ്കിലും എണ്ണ വിപണി ഡോളറില്‍ നിന്നും മറ്റു കറന്‍സികളിലേക്ക്‌ മാറ്റിയതില്‍ ആഗോള രാഷ്ട്രീയം മാത്രമല്ല ഉള്ളതെന്ന് ഞാന്‍ കരുതുന്നു. വരാന്‍ പോകുന്ന ലോകക്രമത്തിന്റെ ആരംഭമായി സ്വീകരിക്കപ്പെട്ട കരുതല്‍ രാഷ്ട്രീയമായി അതിനെ കാണണം.
അടുത്തായി റഷ്യയിലെ ഏകാതറിന്‍ ബര്‍ഗില്‍ അമേരിക്കയെ ഒഴിവാക്കി ആറു രാജ്യങ്ങളുടെ ഒരു ഉച്ച കോടി നടന്നു. ഇന്ത്യക്ക്‌ അതില്‍ നിരീക്ഷക പദവി ഉണ്ടായിരുന്നു. അവിടെ നടന്ന ചര്‍ച്ചകളില്‍ ഡോളറിന്റെ കുത്തക ചൊദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ചൈനയടക്കമുള്ള വന്‍കിടക്കാരുടേതായിരുന്നു ഈ വേദി. വലിയ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ലെങ്കിലും മാറ്റത്തിന്റെ കാറ്റ്‌ പലയിടങ്ങളിലും വീശിത്തുടങ്ങിയതായി ഇത്തരം ചര്‍ച്ചകള്‍ തെളിയിക്കുന്നു.അതിന്റെ പിറ്റേ ദിവസം അതെ നഗരത്തില്‍ ഇന്ത്യ ഉള്‍കൊള്ളുന്ന നാലു-രാഷ്ട്ര ഉച്ചകൊടിയും ചേര്‍ന്നു. അവിടെയും ചര്‍ച്ചയില്‍ ഇതേ വിഷയങ്ങള്‍ കടന്നു വന്നു. ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ എന്നിവരാണ്‌ ആ ചതുര്‍-രാഷ്ട്രങ്ങള്‍.വര്‍ഷങ്ങളായി അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ലോക നേതൃത്ത പദവി കൈ വിട്ടു പോകുന്നു എന്ന് പലരും സ്വകാര്യം പറയാന്‍ ഇതൊക്കെയാണ്‌ കാരണം.
അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയ-സാങ്കേതിക നേതൃത്തം ലോകമാകെ അംഗീകരിക്കപ്പെട്ടതിന്റെ ഫലമായിട്ടായിരുന്നു ഇന്ത്യ സ്വന്തം രാജ്യത്തിനകത്തെ ജനകീയ എതിര്‍പ്പിനെ മറികടന്നു ആ രാജ്യവുമായി ആണവ കരാര്‍ ഒപ്പിട്ടിരുന്നത്‌. പാര്‍ലിമെന്റിനെ പോലും വിശ്വാസത്തിലെടുക്കാതെ ധൃതിപിടിച്ചെടുത്ത ആ തീരുമാനത്തിന്റെ താലപര്യങ്ങളെ പുതിയ മാറ്റങ്ങള്‍ വിപരീതമായി ബാധിക്കില്ലേ എന്ന ചിന്ത പല കോണുകളില്‍ നിന്നു ഉയര്‍ന്നു വന്നു കഴിഞ്ഞു.
ആണവകരാര്‍ മൂലം നമുക്ക്‌ നേട്ടങ്ങളുണ്ടാകാം ഇല്ലാതിരിക്കാം. ഭാവിയിലെ ഊര്‍ജ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമായിട്ടാണ്‌ കരാറിന്റെ അനുകൂലികള്‍ അതിനെ കാണുന്നത്‌. പക്ഷെ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിലധികമായി ചര്‍ച്ച നടന്നു കൊണ്ടിരുന്ന ഇന്ത്യ-ഇറാന്‍ വാതക്‌ പൈപ്പ്‌ ലൈന്‍ പദ്ധതി അതു വഴി നമുക്ക്‌ നഷ്ടപ്പെട്ടതാണ്‌ ഈ കരാറില്‍ വലിയൊരു നഷ്ടം.
രാജ്യത്തെ ഊര്‍ജ്ജാവശ്യത്തിന്റെ വലിയൊരു വിടവ്‌ നികത്തുമായിരുന്ന ആ പദ്ധതിയില്‍ നിന്ന് അമേരിക്കന്‍ എതിര്‍പ്പ്‌ മൂലം നമുക്ക്‌ പിന്‍ വാങ്ങേണ്ടി വന്നു. എന്നാലോ ആണവകരാര്‍ മൂലം പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. അതിന്റെ സാധ്യതകളെ കുറിച്ച്‌ ഇപ്പോഴും നമ്മില്‍ ആശങ്കകള്‍ ബാക്കിയാണ്‌ താനും.

ഇവിടെയാണ്‌ മാറുന്ന ലോകാവസ്ഥയെകുറിച്ച ചര്‍ച്ചകള്‍ നമ്മുടെ രാജ്യത്തിന്‌ പ്രസക്തമാകുന്നത്‌. അമേരിക്കന്‍ സമ്പത്‌-വ്യ്‌വസ്ഥ ആകര്‍ഷണീയമല്ലാതായിത്തീരുകയും, ഇറാനിന്റെ മേല്‍ ചുമത്തപ്പെട്ട ഉപരോധങ്ങള്‍ കാരണം ആധുനികരിക്കാനവാതെ കിടന്നിരുന്ന വാതകപാടങ്ങള്‍ക്ക്‌ ലോകക്രമത്തിന്റെ മാറ്റം വഴി പുതു ജീവിതം ലഭിക്കുകയും ചെയ്യപ്പെട്ടാല്‍, നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും ? കക്ഷത്തിലുള്ളത്‌ കളയുകയും ചെയ്തു, ആകാശത്തിലുള്ളതിനെ കിട്ടിയതുമില്ല എന്നവാതിരിക്കട്ടെ.

6 comments:

കാണി said...
This comment has been removed by the author.
കാണി said...

"അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയ-സാങ്കേതിക നേതൃത്തം ലോകമാകെ അംഗീകരിക്കപ്പെട്ടതിന്റെ ഫലമായിട്ടായിരുന്നു ഇന്ത്യ സ്വന്തം രാജ്യത്തിനകത്തെ ജനകീയ എതിര്‍പ്പിനെ മറികടന്നു ആ രാജ്യവുമായി ആണവ കരാര്‍ ഒപ്പിട്ടിരുന്നത്‌ "

എന്ന ശാഹിറിന്റെ വാദത്തെ അംഗീകരിക്കാന്‍ വയ്യ. അമേരിക്കന്‍ സാമ്രാജ്യത്തം ഇന്ത്യയെ പോലുള്ള അഴിമതി നിറഞ്ഞ രാജ്യത്തെ രാഷ്ട്രീയക്കാരെ വിലക്കെടുത്തതിന്റെ ഫലമായിരുന്നു ആണവ കരാറ്.
അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളുടെ സാമ്രാജ്യത്ത കച്ചവട താല്പര്യങളുടെ ഇരയായി ഇന്ത്യ മാറി എന്നാതാണ്‌ ആണവകരാറിന്റെ യഥാര്‍ത്ഥ കാതല്‍

ജിവി/JiVi said...

കാണിയുടെ കമന്റിനോട് കൂട്ടിച്ചേര്‍ക്കാനുള്ളത്:

അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയ-സാങ്കേതിക നേതൃത്വം ലോകമാകെ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ അത്തരം ഭീഷണികളെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യന്‍ കൂട്ട് അമേരിക്കക്ക് അത്യാവശ്യമായിരുന്നു. വിധേയത്വം മുഖമുദ്രയായ മന്മോഹന്‍സിങ്ങിനെ അവര്‍ ഉപയോഗപ്പെടുത്തി.

സാബിഖ് said...

വൈകിയെങ്കിലും എഴുതുന്നത് ഒന്നും എഴുതാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ..?
...
എല്ലാവർക്കും അറിയാം സത്യം.
അതായത് ആണവ കരാർ ഉപകാരപ്പെടും ഇന്ത്യയെ വിൽക്കാൻ വച്ച രാഷ്ട്രീയക്കാർക്ക്.
പ്രതിഫലം കിട്ടും രാജ്യത്തെ ഒറ്റിക്കൊടുത്ത് NGO കൾക്ക്.
നമ്മൾ കണ്ടല്ലോ തിരജ്ഞെടുപ്പ് സമയത്ത് നാട്ടിൽ പണമൊഴുകിയത്.
ഇനി എന്തൊക്കെ കാണാനിരിക്കുന്നു...?!

കുമാരന്‍ | kumaran said...

വലിയ കുഴപ്പമില്ലാത്ത കരാറാണെന്നാണല്ലോ പലരും പറയുന്നതും.

Aneesh said...

hi Shahir, have a look at this pic http://i28.tinypic.com/2s1wu1t.jpg or you can test yourself at browsershots.org . It will give you screenshots of your blog from different browsers at different resolutions..

also delete this comment after you see it..

http://directory.bloggerplugins.org/info/6.html