Monday, August 24, 2009

വീണ്ടും ഗാന്ധിജി

ചായ ഇടവേളകളില്‍ ഇടക്കിടെ ഗാന്ധിജി കടന്നു വരുന്നത്‌ എങ്ങിനെയെന്നറിയില്ല. ഇതാ ഇന്ന് വൈകുന്നേരവും മൂപ്പര്‍ ഞങ്ങളുടെ ചര്‍ച്ചയിലെ മുഖ്യ ഇനമായി

കിടിലന്‍ എഞ്ചിനിയര്‍മാരാണ്‌ ചര്‍ച്ച നിയന്ത്രിക്കുന്നത്‌. പങ്കെടുക്കുന്നതും. ആ അഞ്ച്‌ പേര്‍ തന്നെ. ആന്ത്രക്കാരന്‍ രാജേന്ദ്ര ബാബു എന്ന് ബാബുജിയും അനുപമയും, ഒറീസ്സ്കാരന്‍ ജ്യോതി,തമിഴ്‌നാട്ടുകാരി രന്‍ജിനി, പിന്നെ ഞാനും.
 
കത്രീന കൈഫിന്റെ ക്യാറ്റ്‌ വാക്കിങ്ങും, സൂര്യയുടെ ഗ്ലാമറും തമ്മിലടിക്കുന്നതിനിടക്ക്‌ എപ്പോഴാണ്‌ ഈ ഗാന്ധിജി ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നു വന്നതെന്നറിയില്ല. സാധാരണയായി കബ്ബണ്‍ പാര്‍ക്കിനടുത്ത്‌ എം ജി റോഡ്‌ തുടങ്ങുന്നിടത്ത്‌ ഉറക്കം തൂങ്ങി നില്‍ക്കുന്ന ഇയാള്‍ പുതു തലമുറയുടെ കൂടെ അങ്ങനെ കാണാറില്ല.

ഇത്തവണത്തെ മില്ല്യണ്‍ ഡോളര്‍ ഖ്വസ്റ്റ്യന്‍ ഗാന്ധിജിയുടെ ജന്മ നാടിനെ കുറിച്ചായിരുന്നു. അനുപമ അപ്പൊഴേ തുടങ്ങി. അവള്‍ക്ക്‌ എല്ലാം അറിയാം. ബിഗ്‌ ബാങ്ങ്‌ തിയറിയില്‍ ഒബ്ജക്ട്‌ ഓറിയന്റഡ്‌ സമീപന രീതി സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാലും മാഡത്തിന്‌ അതില്‍ 'സുവ്യക്തമായ' ഒരു ഉത്തരം ഉണ്ടായിരിക്കും.
'ഗാന്ധിജി മഹാരാഷ്ട്രക്കാരനാണ്‌.
അനുപമക്ക്‌ സംശയമില്ലശേഷം, തീരുമാനമായി.
രാജേന്ദ്ര ബാബുവിന്‌ എന്നാല്‍ അതില്‍ അത്ര ഉറപ്പ്‌ പോര.
ഡേയ്‌,ഗാന്ധിജി ഉത്തരപ്രേദേശ്‌കാരനാണ്‌ . ബാബുവിന്‌ നോ ഡൗട്ട്‌ ഓണ്‍ ഇറ്റ്‌.

4ആം ക്ലാസ്സിലെ സാമൂഹ്യ പാഠവും, കൃഷ്ണന്‍ കുട്ടി മാഷും എനിക്കോര്‍മ്മ വന്നു. നാലുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ 4.A യിലെ ഒന്നാം ബെഞ്ചിലിരുന്ന് മൊട്ടത്തലയുള്ള ഗാന്ധിജിയുടെ പുസ്തകം മറിക്കുന്ന കൊച്ചു കുഞ്ഞിനെ ഓര്‍മ്മ വന്നു.

ഗാന്ധിജി പോര്‍ബന്ധറിലാണ്‌ ജനിച്ചത്‌.എനിക്ക്‌ ആവേശമായി.
ഓഹോ.. സോ വേര്‍ ഇസ്‌ പോര്‍ബന്തര്‍ ? (പോര്‍ബന്തര്‍ എവിടെ എന്ന്).
അതു ഗുജറാത്തില്‍,
ഏന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. ഗാന്ധിജി ജനിച്ച സ്ഥലം എനിക്കറിയാം.
രന്‍ജിനി അപ്പോഴേക്കും കത്രീന കൈഫിന്റെ ഇന്ത്യന്‍ ഒറിജിന്‍ തേടി പുറപ്പെട്ടിരുന്നു. ഇത്തവണ അനുപമയുടെ വാക്കുകള്‍ക്ക്‌ ആധികാരികതയുണ്ട്‌. കത്രീനയുടെ അപ്പൂപ്പന്റെ നാടു പോലും എല്ലാവര്‍ക്കും അറിയാം. അയാള്‍ കാഷ്മീരിയാണോ അതോ നേപ്പാളിയോ എന്നതിലാണ്‌ ഇപ്പൊള്‍ ചര്‍ച്ച എത്തിയിരിക്കുന്നത്‌.
ഒരു ഗ്ലാസ്സ്‌ ചായ കൂടി എടുത്ത്‌ ഞാന്‍ കുബിക്ക്ലിലേക്ക്‌[കമ്പുട്ടര്‍, സ്വന്തം ബാഗ്‌ എന്നിത്യാതികള്‍ വിശ്രമിക്കുന്ന സ്ഥലം-ജോലി സ്ഥലം എന്നും പറയാം] നീങ്ങി. മനസ്സിലെ നാലാം ക്ലാസ്സും അതിലെ ഗാന്ധിജിയുടെ പുസ്തകവും മടക്കി വെച്ചു.
ഇപ്പോള്‍,
ഗാന്ധിജിയും മോഡിയുടെ ഗുജറാത്തും മനസ്സില്‍ ഒന്നിച്ചു വരുന്നു. എനിക്കു തെറ്റിയോ, ഗാന്ധിജി പോര്‍ബന്തറില്‍ തന്നെ അല്ലെ ജനിച്ചത്‌ ?
ഇനി അനുപമ പറഞ്ഞതിലും വല്ല്യ കാര്യവുമുണ്ടോ ?...


More readings :
നിങ്ങള്‍ക്കറിയുമോ ഗാന്ധിജി ആരെന്ന് ? >>

2 comments:

ശാന്ത കാവുമ്പായി said...

ഗാന്ധിജിയെ അറിയാതിരിക്കുന്നതല്ലേ ഇപ്പോൾ കൂടുതൽ സൗകര്യം.

Unknown said...

"കത്രീന കൈഫിന്റെ ക്യാറ്റ്‌ വാക്കിങ്ങും, സൂര്യയുടെ ഗ്ലാമറും" I DON'T KNOW ABOUT THIS MENTIONED BIG PERSONS BCZ I AM A COUNTRY

CONGRASS DEAR SHAIR