Saturday, June 13, 2009

ഏറ്റീന്‍ കയറാന്‍ സമയമായി


ഴക്കാലം തുടങ്ങിയപ്പോഴേക്ക്‌ എന്റെ നാട്ടിലെ പാടങ്ങളില്‍ ഏറ്റീന്‍ കയറി.നാട്ടുകാര്‍ കൈവലയും വെട്ടുകത്തിയുമായി ഏറ്റീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്‌.മുമ്പ്‌ ഏറ്റീന്‍ കയറുന്നെന്ന വാര്‍ത്ത പരക്കുമ്പോള്‍ ആളുകല്‍ ഉത്സവം കണക്കെ പെട്രോമാക്സ്‌, കട്ട ടോര്‍ച്ച്‌ എന്നിവയെടുത്ത്‌ പാടത്തേക്ക്‌ ഇറങ്ങുമായിരുന്നു.ഇപ്പോള്‍ നല്ല ഇലക്ട്രിക്‌ ടോര്‍ച്ച്‌ ഉള്ളത്‌ കൊണ്ട്‌ ആര്‍ക്കും പെട്രൊമാക്സിന്‌ ചാവി കൊടുത്ത്‌ സമയം കളയണ്ട.

ഇരുവഴിഞ്ഞി
പുഴയുടെ ഓരത്തുള്ള ഒരു ഗ്രമാമാണ്‌ ചേന്ദമംഗല്ലൂര്‍ എന്ന എന്റെ ഗ്രാമം.അവിടെ മഴക്കാലമായാല്‍ പാടങ്ങളിലേക്ക്‌ പുഴ ഇരച്ച്‌ കയറും അതിന്റെ കൂടെ കുറേ മീനുകളും, ആങ്ങിനെ ആറ്റില്‍ നിന്നും പുതുതായി കയറി വരുന്നതവ ആയതു കൊണ്ടാണ്‌ ഇവയെ ആറ്റുമീന്‍ അഥവ ഏറ്റീന്‍ എന്നു വിളിക്കുന്നത്‌.
കടപ്പാട്‌ : fishesinkerala.blogspot.com

ഇരുവഴിഞ്ഞിപ്പുഴ വെള്ളരിമലകളിലെ കൊടും വനത്തിലാണ്‌ ജനനം കൊള്ളുന്നത്‌.വയനാടന്‍ കാടുകളുടെ തുടര്‍ച്ചയാണ്‌ വെള്ളരിമല.തെളിനീരുറവയായി ജനനം കൊണ്ട്‌ പാറക്കെട്ടുകളില്‍ ഇടിച്ച്‌ ശൗര്യ തീര്‍ത്ത്‌ കുഞ്ഞരുവിയായി സംയമനം ശീലിച്ച്‌ കിലോമീറ്ററുകളോളം ഒഴുകി നിരവധി കൈവഴികളെ ഇരുകൈകളില്‍ സ്വീകരിച്ച്‌ മുക്കത്തെത്തുമ്പോഴേക്ക്‌ ഇരുവഴിഞ്ഞി വലിയൊരു പുഴയായി തീര്‍ന്നിരിക്കും. വാള, തിരുത,വരാല്‍, ആരല്‍, ചേറീന്‍, മൊഴു, കടു, കരിമീന്‍ തുടങ്ങി വന്‍മീനുകള്‍ക്കും കോട്ടി, കോലി, പൂസാന്‍, ചൂലി, വെളുമ്പാട്ടി, തൊണ്ണത്തി, അമ്മായിച്ചി, ചെള്ളി തുടങ്ങിയ ചെറുമീനുകളുടെയും കേദാരമായിരുക്കും അപ്പോള്‍ ഈ നദി. മുക്കം-അരീക്കോട്‌ പാലത്തിന്‌ മുകളില്‍ നിന്ന് നോക്കിയാല്‍ ഇരുവഴിഞ്ഞിയുടെ യാത്രയുടെ ഒരു സ്കെച്ച്‌ കിട്ടും.താഴേക്കൊഴുകി എന്റെ നാടായ ചേന്ദമംഗല്ലൂരിലെത്തുമ്പോള്‍ ഈ പുഴ രണ്ട്‌ പഞ്ചായത്തുകളുടെ അതിര്‍ത്തിയായി മാറിയിട്ടുണ്ടായിരിക്കും. കൊടിയത്തൂര്‍-മുക്കം പഞ്ചായത്തുകള്‍ അതിരിടുന്നത്‌ ഈ സുന്ദരിപ്പുഴയുടെ ഓളപ്പരപ്പിലാണ്‌.

ഒരു പാട്‌ ചരിത്ര സന്ധികള്‍ക്ക്‌ സാക്ഷ്യം വഹിച്ച ഓര്‍മ്മകള്‍ ഈ ഓളങ്ങള്‍ക്കുണ്ട്‌. തോണിയപകടത്തില്‍ മരിച്ച ബി.പി മൊയ്തീനും, സ്വാതന്ത്യ സമര ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബും ഈ പുഴയോട്‌ അന്ത്യ യാത്ര പറഞ്ഞിട്ടായിരിക്കും ഇഹ ലോകവാസം വെടിഞ്ഞത്‌.


ഹരിത മേലാപ്പില്‍ വിളങ്ങുന്ന കൊച്ചു ഗ്രാമമാണ്‌ ചേന്ദമംഗല്ലൂര്‍. മൂന്നു ഭാഗം കുന്നുകളാല്‍ ചുറ്റപ്പെട്ട്‌ കോട്ടമതിലു പോലെ സംരക്ഷിതമാണെങ്കിലും ഒരു ഭാഗം ഇരുവഴിഞ്ഞിപ്പുഴക്ക്‌ വിഹരിക്കാന്‍ തുറന്നിട്ടു കൊടുത്തിരിക്കുന്നു.ഈ സൗജന്യം മഴക്കാലമായാല്‍ ഇവള്‍ അല്‍പ്പം കടന്ന് ഉപയോഗപ്പെടുത്തും. മാനത്ത്‌ മഴക്കാറ്‌ കണ്ടാല്‍ ഇവള്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങും, അതു തുള്ളീത്തുള്ളിയായി പെയ്യുന്നത്‌ അവള്‍ക്ക്‌ മുഖത്ത്‌ ചായം തേച്ച്‌ കൂടുതല്‍ സുന്ദരിയാവാനാണ്‌. മഴ കനക്കുമ്പോള്‍ ഇരുവഴിഞ്ഞിപ്പുഴ ചുവക്കും. മേലാകെ ആടയാഭരണങ്ങള്‍ അണിയും. പതഞ്ഞു നുരയുന്ന പാദസരങ്ങളണിഞ്ഞ്‌,വരുന്ന വഴിയിലെ പറമ്പുകളില്‍ നിന്ന് കണ്ടതെല്ലാം തട്ടിയെടുത്ത്‌ മാലയായി കഴുത്തില്‍ അണിഞ്ഞ ഒരു രൗദ്ര സുന്ദരിയായി കഴിഞ്ഞാല്‍ പിന്നെ ഇരുവഴിഞ്ഞി ഒരൊറ്റ പുറപ്പാടാണ്‌. ചേന്ദമംഗല്ലൂരിന്റെ തോടുകളും കൈവഴികളും താഴ്‌ന്ന ഭാഗങ്ങളും ഇവളുടെ സ്വന്തം. ഇരമ്പി വരുന്ന വെള്ളപ്പൊക്കത്തിന്‌ ഹര്‍ത്താലും ബന്ദും ഒന്നും പ്രശ്നമല്ല. എല്ലാ വഴികളും അവളുടെ വിഹാര പാത. ആരും തടയാന്‍ വരില്ല.

ഓരൊ വര്‍ഷക്കാലവും ഇത്‌ ആവര്‍ത്തനം. ഈ കുത്തൊഴുക്കിന്റെ കൂടെയാണ്‌ ഏറ്റീന്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്‌.വെള്ളം ഉയര്‍ന്ന് തുടങ്ങുമ്പോള്‍ നെല്‍പാടങ്ങളെ പുഴയുമായി ബന്ധിപ്പിക്കുന്ന കൈതോടുകളില്‍ കൂടി മദിച്ച്‌ ഓടി വരുന്ന പുഴമീനുകളാണ്‌ ഏറ്റീന്‍ അഥവാ ആറ്റുമീന്‍. ഏറ്റീന്‍ കയറുക എന്നാണതിന്റെ നാടന്‍ ഭാഷ്യം.ഗ്രാമത്തിലെ പ്രധാന മീന്‍ പിടുത്തകാരാണ്‌ ഒരോ വര്‍ഷത്തേയും ഏറ്റീന്‍ കയറലിന്റെ വിളംബരം നടത്തല്‍.ജൂണ്‍ മാസം പിറന്നാല്‍ ഇവരില്‍ പലരും ഇരുവഴിഞ്ഞിയുടെ കൈ വഴികളിലെ നിത്യ സാന്നിധ്യമായിരിക്കും. പുഴയുടെ ഓരോ ചലനവും ഓളങ്ങളുടെ താളവും ഇവര്‍ക്ക്‌ ഹൃദ്യം.

വെള്ളം കയറാന്‍ ആരംഭിച്ചാല്‍ പിന്നെ നാടിന്‌ ആഘോഷമാണ്‌. കൂടെ വരുന്ന ഒറ്റയും തറ്റയുമായ മീനുകള്‍ പിടിക്കാന്‍ ആളുകള്‍ കുട്ടയും വടിയുമെടുത്ത്‌ പാടത്തേക്കിറങ്ങും. മുട്ടിന്‌ തൊട്ടു മുകളിലായി കലങ്ങി നില്‍ക്കുന്ന വെള്ളത്തിന്‌ മീതെ വേനല്‍കാലത്ത്‌ പുഴയില്‍ കാറ്റിനൊത്ത്‌ കപ്പലോട്ടം നടത്തുന്ന വാകപ്പൂവിനെ പോലെ ഒരു പരല്‍ മീന്‍ ഓളമുണ്ടാക്കി ഓടിയാല്‍ അവിടെ ഒരു പൊതു സമ്മേളനത്തിന്‌ ആളുകള്‍ ഓടിയെത്തും. വെട്ടും കുത്തും കഴിഞ്ഞ്‌ മീനിന്റെ വല്ല അവശിഷ്ടവും ബാക്കിയുണ്ടെങ്കിലായി.എല്ലാവര്‍ക്കും കൈ നിറയെ മീന്‍ ലഭിക്കുമെന്ന് കരുതിയാല്‍ തെറ്റി.ഒന്നോ രണ്ടോ ആളുകള്‍ക്ക്‌ കിട്ടിയാലായി.മറ്റുള്ളവര്‍ ഒരനുഷ്ടാനം പോലെ എല്ലാ വര്‍ഷവും ഏറ്റീന്‍ പിടികാന്‍ ഇറങ്ങുന്നു എന്ന് മാത്രം.സ്വപ്നങ്ങളില്‍ വാളയും തിരുതയും ആവാഹിച്ച്‌ പാടത്തേക്കിറങ്ങിയവര്‍ക്ക്‌ ഒരു ചൂലിപ്പരലിനെ പോലും കിട്ടിയെന്ന് വരില്ല.

മഴക്കാലം മീനുകള്‍ക്ക്‌ പ്രജനന കാലമാണ്‌.കനത്ത മഴയില്‍ കുലം കുത്തി ഒഴുകി വരുന്ന പുഴ ഈ മീനുകള്‍ക്ക്‌ മുട്ടയിടാന്‍ യോജ്യമല്ല. നദിയുടേ ഒടിവുകളില്‍ രൂപപ്പെടുന്ന ചുഴികളും മലരുകളും അതു മൂലമുണ്ടാകുന്ന കനത്ത ഒഴുക്കും മറികടക്കാനാണ്‌ ഇവ തൊട്ടടുത്ത പാടങ്ങളിലേക്കും പറമ്പുകളിലേക്കും കയറി വരുന്നത്‌.ഓളങ്ങളില്ലാതെ ശാദ്വലമയി പുല്‍ചെടികളെ പുല്‍കി നില്‍ക്കുന്ന വെള്ളത്തില്‍ ഇവ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കും. വെള്ളപ്പൊക്ക ദിനങ്ങളില്‍ ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിനോദം ഇത്തരം കുഞ്ഞിമീന്‍ കൂട്ടങ്ങളെ കണ്ടെത്തലായിരുന്നു.മുതിര്‍ന്നവര്‍ക്കും ഈ കുഞ്ഞിമീന്‍ കൂട്ടങ്ങളോട്‌ താല്‍പര്യമുണ്ട്‌. കാരണം അതിനടുത്തെവിടെയെങ്കിലും ഒരു തള്ളമീനിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.

ഏറ്റീന്‍
കയറുമ്പോള്‍ തോടുകളിലെ പ്രഭവ സ്ഥാനങ്ങളില്‍ വലിയ വലകള്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. കയറി വരുന്ന മീനുകളെ തല്‍സമയം പിടി കൂടാന്‍ വേണ്ടിയാണിത്‌.ഇത്തരം ലൈവ്‌ മീനുകള്‍ക്ക്‌ മാര്‍കറ്റില്‍ നല്ല വില കിട്ടും എന്നതാണ്‌ മീന്‍ പിടുത്തക്കാരുടെ ഉത്സാഹത്തിന്‌ കാരണം. നിറയെ മീന്‍ മുട്ടകളുമായി വീര്‍ത്ത വയറുമായിട്ടായിരിക്കും അധിക ഏറ്റീനും വരുന്നത്‌ എന്നതിനാല്‍ അതിനെ പൊരിച്ചു തിന്നാന്‍ നല്ല രുചി ആയിരിക്കും.

പക്ഷെ പ്രജനനാവശ്യാര്‍ഥം കയറി വരുന്ന ഇത്തരം മീനുകളെ പിടികൂടിയാല്‍ അവയുടെ വംശവര്‍ദ്ദനവിനെ പ്രതികൂലമായി ബാധിക്കില്ലെ എന്നൊരു മില്ല്യണ്‍ ഡോളര്‍ കൊസ്റ്റ്യന്‍ പ്രസക്തമായി ബാക്കിയിരിപ്പുണ്ട്‌.

3 comments:

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ് ഷാഹിർ.

YasarKhuthub said...

Great Post ! I think 'Eteen' is called as "kannan" @ my native

മാഹിര്‍ മിനിപഞ്ചാബ് , ചെന്നമങ്ങല്ലുര്‍ said...

"Eteen" nostalgic post. congrats